തൻ്റെ പ്രാണപ്രിയൻ്റെ കാലൊച്ച കാത്ത് ഒരു വിധവയായ പ്രണയിനി അല്ലങ്കിൽ തൻ്റെ ഹീറോയായ അച്ഛനെ കാത്ത് ഒരു കുഞ്ഞ്... അവരാണ് എല്ലാ യുദ്ധങ്ങളുടേയും ബാക്കിപത്രം;പുട്ടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ടെന്ന് ഡോ .അരുൺകുമാർ

പുട്ടിൻ കമ്മ്യൂണിസ്റ്റല്ല എന്നത് മറക്കണ്ടെന്ന് ഡോ .അരുൺകുമാർ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പുട്ടിൻ്റെ യുണൈറ്റഡ് റഷ്യ എന്ന കൺസർവേറ്റീവ് പാർട്ടിക്ക് റഷ്യൻ ഡ്യൂമ യിലെ 450 അംഗങ്ങളിൽ 320 തിലധികം എം പിമാരുണ്ട്. കൺസർവേറ്റിസത്തോടൊപ്പം ഡീകമ്മ്യൂണി സൈസേഷനും ഡീ നാസിഫിക്കേഷൻ എന്ന അൾട്രാ നാഷണലിസ്റ്റ് ആശയവുമാണ് മെയിൻ. ഡ്യൂമയിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ അംഗ നില 57 മാത്രമാണ്.
പുട്ടിൻ്റെ യുക്തി KGB യുടെ മിലിറ്ററി സ്ട്രാറ്റജിയും കൺസർവേറ്റീവ്, സ്റ്റേറ്റിസ്റ്റ് , അതി തീവ്ര ദേശീയത എന്നിവയിൽ ഊന്നിയതുമാണ്. ഉക്രയിൻ പ്രസിഡൻ്റ് സെലൻസ്കി യുടേതാവട്ടെ നയതന്ത്ര ചാതുരിയോ സ്റ്റേറ്റ്സ്മാൻഷിപ്പോ ഇല്ലാതെ ആകെ പൊളിഞ്ഞ തീയറ്റർ ഷോയാണ്. എൻ്റെ സംശയം ഇത്ര മാത്രമാണ്: വർഷാന്ത്യ പരീക്ഷയുടെ ഒരുപന്യാസ ചോദ്യം മാത്രമായി യു.എന്നിനെ നിലനിർത്തുന്നത് എന്തിനാണ്?അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഒരൊറ്റ നീതിയെ ഉള്ളു, അതു രാജ്യ താത്പര്യമാണ്.
അതു വയലൻസിൻ്റെ കണക്കു പുസ്തകവും ആയുധ പന്തിയിലെ ഫിയർ ബാലൻസിങ്ങുമാണ്. ശീതയുദ്ധാനന്തരം നാറ്റോയുടെ ആയുധമേറ്റ് ഒരു മനുഷ്യനെങ്കിലും മരിക്കാത്ത ദിവസമുണ്ടോ? ബോസ്നിയയിൽ, കൊസവോയിൽ, ഇറാഖിൽ, അഫ്ഗാനിൽ എല്ലായിടത്തും അവരുടെ ആയുധമുരൾച്ചയുണ്ട്. ഒരിഞ്ചുപോലും കിഴക്കോട്ടില്ലന്ന 1997ലെ ഫൗണ്ടിംഗ് നിയമം ലംഘിച്ചത് ആരാണ്? റഷ്യയുടെ ഊർജ്ജ കരുത്തിൽ വളർന്ന് പടരുമായിരുന്ന യൂറേഷ്യൻ എകണോമിക് ബ്ലോക്കിനെ തകർക്കാൻ ഉപരോധ പെരുമഴയൊരുക്കിയത് ആരാണ്?
പാലസ്തീനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ ഇസ്രായേലിനൊപ്പം ഉക്രയിൻ നിന്നത് എന്തിനാണ്? ക്യൂബൻ മണ്ണിൽ സോവിയറ്റ് മിസൈൽ എത്തുമ്പോൾ അമേരിക്ക അസ്വസ്ഥപ്പെട്ടത് എന്തിനാണ്? രാജ്യ താത്പര്യത്തിൻ്റെ ഉൻമാദം പൂക്കാത്ത സന്ധികൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടങ്കിൽ അവ ലംഘിക്കപ്പെടാതിരിന്നിട്ടുണ്ടോ? റഷ്യയും അതേ താത്പര്യത്തിൻ്റെ ഉൻമാദത്തിലാണ് അധിനിവേശത്തിനിറങ്ങുന്നത്.
അതേ താല്പര്യത്തിലാണ് ഉക്രയിനെ ഒറ്റയ്ക്കാക്കി അമേരിക്ക അരങ്ങ് വിട്ടത്.ഇന്ത്യ തന്ത്രപരമായ നിശബ്ദതയെ പുണരുന്നത്, പാകിസ്ഥാൻ റഷ്യയുടെ ചിറകിലൊതുങ്ങുന്നത്, ചൈന വൈരം മറന്ന് ചേരുന്നത്.രാജ്യ താത്പര്യത്തിൻ്റെ നീതിശാസ്ത്രത്തിൽ ഭരണഘടന സേനയുടേതാണ്. ഫിലോസഫി ആയുധത്തിൻ്റെയും. അവശേഷിപ്പിക്കുന്ന ചരിത്രം മനുഷ്യാവകാശ ലംഘനത്തിൻ്റെ നടുങ്ങുന്ന കാഴ്ചകളുടേതാണ്.
ഒടുവിൽ ആ നേതാക്കൾ സൗമ്യ ഹസ്തദാനങ്ങളിൽ പിരിഞ്ഞു പോയി വോൾഗയുടെ തീരത്ത് വോഡ്ക നുണയും. അപ്പോഴും രക്തസാക്ഷിയായ മകനെ കാത്ത് ഒരാനാഥയായ അമ്മ അല്ലങ്കിൽ, തൻ്റെ പ്രാണപ്രിയൻ്റെ കാലൊച്ച കാത്ത് ഒരു വിധവയായ പ്രണയിനി അല്ലങ്കിൽ തൻ്റെ ഹീറോയായ അച്ഛനെ കാത്ത് ഒരു കുഞ്ഞ് അവരാണ് എല്ലാ യുദ്ധങ്ങളുടേയും ബാക്കിപത്രം. ദേശീയതയുടെ വിൽപത്രങ്ങൾ!
https://www.facebook.com/Malayalivartha

























