ശവപ്പെട്ടി അയച്ചാല്‍ തീര്‍ന്നു... റഷ്യ യുക്രെയിന്‍ യുദ്ധം ശക്തമാകവേ റഷ്യയ്ക്ക് വലിയ സൈനിക നഷ്ടം ഉണ്ടായെന്ന് സൂചന; ഒരാഴ്ചയ്ക്കിടെ 9,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍; ഇത്രയും ശവപ്പെട്ടികള്‍ റഷ്യയിലെത്തിയാല്‍ പുടിന്റെ കാര്യം തീര്‍ന്നു; രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന്

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നു. റഷ്യ തങ്ങളുടെ സൈനികരുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. അവിടെ വച്ച് തന്നെ മൊബൈല്‍ ശ്മശാനത്തില്‍ ഭസ്മമാക്കിക്കളയുന്നുവെന്ന്. അത് സ്ഥിരീകരിക്കുന്ന കണക്കാണ് യുക്രെയിന്‍ പുറത്ത് വിടുന്നത്.
യുക്രെയിന്‍ അധിനിവേശത്തിനിടെ തങ്ങളുടെ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ സ്ഥിരീകരിച്ചു. 1597 പേര്‍ക്ക് പരിക്കേറ്റു. റഷ്യയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചേക്കും. ഒരാഴ്ചയ്ക്കിടെ 9000 റഷ്യന്‍ സൈനികരെ വധിച്ചുവെന്നാണ് യുക്രെയിനിന്റെ അവകാശവാദം. യുക്രെയിനില്‍ 227 നാട്ടുകാര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ അറിയിച്ചു.
റഷ്യ യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയില്‍ വച്ചായിരിക്കും ചര്‍ച്ച. വെടി നിര്‍ത്തലും ചര്‍ച്ചാ വിഷയമാണെന്ന് റഷ്യ അറിയിച്ചു. കീവിലും ഖാര്‍ക്കീവിലും രാത്രിയിലും റഷ്യയുടെ ആക്രമണം ഉണ്ടായി. മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍ വ്യക്തമാക്കി. ഇസ്മുയിലെ ആക്രമണത്തിലും വന്‍ നഷ്ടമുണ്ടായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം തുടരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.
അതേസമയം യുക്രെയിനിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് യു എന്‍ പ്രമേയം പാസാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ പിന്തുണച്ചു. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ഉള്‍പ്പടെയുള്ള 35 രാജ്യങ്ങള്‍ വിട്ടുനിന്നു. അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
അതേസമയം യുക്രെയിനില്‍ നിന്നുള്ള വ്യോമസേനയുടെ രണ്ടാം വിമാനവും ഡല്‍ഹിയിലെത്തി. പുലര്‍ച്ചെയോടെയാണ് രണ്ട് വിമാനങ്ങളും ലഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിയത്. ഇരുവിമാനങ്ങളിലുമായി നാനൂറോളം പേരാണ് ഉള്ളത്. നിരവധി മലയാളികളും സംഘത്തിലുണ്ട്.
രണ്ട് ഇ17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ഇന്ത്യക്കാരെ തങ്ങളുടെ സൈന്യം ഒഴിപ്പിക്കുമെന്നും, വിദ്യാര്‍ത്ഥികളെ യുക്രെയിനാണ് ബന്ദികളാക്കിയതെന്നും റഷ്യ ആരോപിച്ചു. ആരോപണം തള്ളിയ യുക്രെയിന്‍, വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ കഴിയാത്തതിന്റെ കാരണം റഷ്യയുടെ മിസൈല്‍ ആക്രമണമാണെന്ന് വ്യക്തമാക്കി.
യുക്രെയിനിലെ യുദ്ധത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. അമേരിക്ക യുക്രെയിനൊപ്പമാണെന്നും സാമ്പത്തിക സഹായം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ റഷ്യയെ രൂക്ഷമായി വിമര്‍ശിച്ചത്.
ആക്രമണത്തിന് റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ബൈഡന്‍, റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്നും വ്യക്തമാക്കി. പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
റഷ്യയുടെ നുണകളെ സത്യം കൊണ്ട് നേരിട്ടെന്ന് ബൈഡന്‍ അവകാശപ്പെട്ടു. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാന്‍ ശ്രമിച്ച പുടിന്‍ ഉപരോധത്തോടെ ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ബൈഡന്‍ അറിയിച്ചു. ജോ ബൈഡന്‍ ഇന്നലെ യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിമായി ഫോണില്‍ സംസാരിച്ചിരുന്നു. 'ഈ അക്രമിയെ എത്രയും വേഗം തടയണം' എന്ന് സെലെന്‍സ്‌കി ബൈഡനോട് ആവശ്യപ്പെട്ടു. എല്ലാം സഹായങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് സെലന്‍സ്‌കിയോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























