രമേശും ലീഗും കൈ കോര്‍ക്കുന്നു
ഉമ്മന്‍ചാണ്ടിയുടെ നാളുകള്‍ എണ്ണപ്പെട്ടെന്ന് മനസിലാക്കിയ ലീഗ് രമേശ് ചെന്നിത്തലയ്ക്കൊപ്പം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ലീഗ് വിരട്ടിയതും ഇതിന്റെ പശ്ചാത്തലത്തിലാണ്. ഒറ്റയ്ക്ക് മല്‍സരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നേരത്തെ ലീഗിനെതിരെ വാളോങ്ങിയിരുന്ന കെ.മുരളീധരന് പറഞ്ഞത് ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ അവരെ പഴിചാരണ്ടെന്നാണ്. അടുത്തകാലത്ത് രമേശിനൊപ്പം നില്ക്കുന്ന മുരളി അങ്ങനെ പ്രതികരിച്ചത് വെറുതെയല്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ലീഗ് ബാധ്യതയാണെന്ന് ചെന്നിത്തല കഴിഞ്ഞമാസം കോഴിക്കോട്ട് പറഞ്ഞിരുന്നു. പിന്നാലെ മുരളിയും ലീഗിനെതിരെ തിരിഞ്ഞു. എന്നാല്‍ പെട്ടെന്ന് ഇരുവരുമായി ലീഗ് രമ്യതിയിലെത്തി. ഉപമുഖ്യമന്ത്രിപദം തങ്ങളുടെ അവകാശമാണെന്നതില്‍ ലീഗ് ഉറച്ചു നില്ക്കുന്നു. രമേശിനെ മുഖ്യമന്ത്രിയാക്കിയാല്‍ ആ സ്ഥാനം ലഭിച്ചില്ലെങ്കിലും മറ്റാരും കയ്യടക്കില്ലെന്നു ഉറപ്പിക്കാം. ഉമ്മന്‍ചാണ്ടിയെ പുറത്താക്കി രമേശിനെ നേതൃസ്ഥാനത്ത് കൊണ്ടുവന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിക്കൊരു ക്ലീന്‍ ചിറ്റ് സമ്പാദിക്കുകയും ചെയ്യാമെന്നും ലീഗ് കണക്കുകൂട്ടുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അടവുനയം സ്വീകരിക്കുമോ എന്ന് കോണ്‍ഗ്രസിന് സംശയമുണ്ട്. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ അടവുനയം സ്വീകരിച്ചാണ് അവര്‍ കോണ്‍ഗ്രസിനെ തറ പറ്റിച്ചത്. ഓരോ നിയമസഭാ മണ്ഡലത്തിലും ലീഗിന് കുറഞ്ഞത് രണ്ടായിരം വോട്ടുകളെങ്കിലും ഉണ്ട്. ലോക്സഭാ മണ്ഡലങ്ങളില്‍ അതിലും കൂടും. അതിനാല്‍ ലീഗിന്റെ തുണയില്ലാതെ കോണ്‍ഗ്രസിന് അധികാരത്തിലേറാനാവില്ല. ഇക്കാര്യം നന്നായി അറിയാവുന്നതു കൊണ്ടാണ് രമേശ് ലീഗിനെ ഒപ്പം കൂട്ടിയത്.
https://www.facebook.com/Malayalivartha