പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബി കല്യാണം കഴിച്ചത് ലൈംഗികാവശ്യത്തിന് വേണ്ടി; 15 ദിവസത്തിനു ശേഷം മൊഴി ചൊല്ലി, അനാഥാലയവും കൂട്ടുനിന്നു
കോഴിക്കോട്ടെ സിയസ്കോ അനാഥാലയത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബി കല്യാണം കഴിച്ചത് ലൈംഗികാവശ്യത്തിന് മാത്രമായിരുന്നുവെന്നാണ് നിഗമനം. 15 ദിവസം പെണ്‍കുട്ടിയെ വിവിധ റിസോര്‍ട്ടുകളില്‍ കൂട്ടിക്കൊണ്ടുപോയി അറബി പീഡിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോള്‍ മൊഴി ചൊല്ലി. അവസാനം മൊഴിചൊല്ലലിന് പ്രതിഫലമായി 12000 രൂപയും കൊടുത്തു. ഈ യത്തീം ഖാനയില്‍ നിന്നും മുമ്പും പല പെണ്‍കുട്ടികളെ അറബികള്‍ക്ക് വിവാഹം കഴിച്ച് കൊടുത്തിട്ടുണ്ടെന്നാണ് പുതിയ വിവരം. ഇതോടെ സിയസ്കോ അനാഥാലയത്തിന്റെ കള്ളക്കളികള്‍ പുറത്താവുകയാണ്. വരന് അറബ് പൗരനാണെന്ന കാര്യം രേഖകളില്‍ മറച്ചുവെച്ചാണ് വിവാഹം നടത്തിയത്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ വരന്റെ കോഴിക്കോട്ടെ വിലാസമാണുള്ളത്.
അതേസമയം അറബിക്കല്യാണത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും. ഇന്ന് ഉച്ചയോടെയാണ് പരാതി നല്‍കുക. അനാഥാലയ നടത്തിപ്പുകാരുടെ ഒത്താശയോടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്.
സിയസ്കോ അനാഥാലയത്തിലെ പതിനേഴുകാരിയെയാണ് ജൂണ്‍ പതിമൂന്നിന് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ജാസി മുഹമ്മദ് അബ്ദുള്‍ കരിം എന്ന യുഎഇ പൗരത്വമുള്ള 28കാരനായിരുന്നു വരന്. ഇയാളുടെ അമ്മ കോഴിക്കോട് സ്വദേശിയാണ്. ഈ വിവാഹം നടന്നാല്‍ അനാഥാലയത്തിന് ഗുണമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ അനാഥാലയത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിയത്.
കുമരകത്തും റിസോര്‍ട്ടുകളിലും വീട്ടിലും വെച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് 15 ദിവസത്തിനു ശേഷം അറബി വിദേശത്തേക്ക് മുങ്ങി. അറബി വിദേശത്തേക്കു മടങ്ങിയതോടെ പെണ്‍കുട്ടിയെ അനാഥാലയ അധികൃതര്‍ തിരിച്ചുകൊണ്ടുവന്നു.
https://www.facebook.com/Malayalivartha