ആകാംക്ഷയോടെ ലോകം... ചന്ദ്രനില്‍ നിന്നും സന്തോഷകരമായ വാര്‍ത്തകള്‍; വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു; ഇനി ചന്ദ്രോപരിതലം ലക്ഷ്യമാക്കിയുള്ള യാത്ര; അതിനിടെ നേട്ടം തട്ടിയെടുക്കാന്‍ റഷ്യ; ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമെന്ന ബഹുമതി തട്ടിയെടുക്കാന്‍ റഷ്യയുടെ ലൂണ 25

140 കോടി ഇന്ത്യക്കാരുടെ സ്വപ്നമായി ചന്ദ്രയാന്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ തവണത്തെ പിഴവുകള്‍ പരിഹരിച്ച് വിജയം കൈവരിക്കുമെന്നാണ് കരുതുന്നത്. ഇതുവരെയെല്ലാം ലക്ഷ്യം പൂര്‍ത്തിയായി. അതിനിടെ വഴിമുടക്കിയായി റഷ്യ മാറുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമെന്ന ബഹുമതി തട്ടിയെടുക്കാന്‍ റഷ്യയുടെ ലൂണ 25ഉം എത്തിയിട്ടുണ്ട്. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ഇറങ്ങാനാണ് ലൂണയുടെ ശ്രമം. ഇത് ചന്ദ്രയാന്റെ ശോഭ കെടുത്തുമോയെന്ന് സംശയമുണ്ട്.
ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ഇന്നലെ വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാന്ററിിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18 നാണ് നിശ്ചയിച്ചിരിക്കുന്നത്.
പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്റര്‍ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കിയുള്ള യാത്ര തുടരും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മാസങ്ങളോ വര്‍ഷങ്ങളോ തുടരും. ഇതിലെ ഷേപ്പ് എന്ന് ഉപകരണം ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ചുള്ള സ്പെക്ട്രോസ്‌കോപ്പിക്ക് പഠനം ഉള്‍പ്പടെയുള്ള വിവിധ ശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രനില്‍ ഇന്ത്യയുടെ മുദ്ര പതിക്കാനുള്ള ദൗത്യവുമായി ചന്ദ്രയാന്‍ 3 പേടകത്തിലെ വിക്രം ലാന്‍ഡര്‍ ഇന്നലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഒരു മാസത്തിലേറെ നീണ്ട ബഹിരാകാശ യാത്രയിലെ നിര്‍ണായക ഘട്ടമാണ് ഐ.എസ്.ആര്‍.ഒ വിജയപ്രദമായി പൂര്‍ത്തിയാക്കിയത്.
ചന്ദ്രന് ചുറ്റും 153 ഃ 163 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ കറങ്ങവേ, ഇന്നലെ ഉച്ചയ്ക്ക് 1. 15നാണ് പ്രോപ്പല്‍ഷന്‍ മൊഡ്യൂളും വിക്രം ലാന്‍ഡറും വേര്‍പെട്ട് സ്വന്തം വഴികളില്‍ യാത്ര തുടങ്ങിയത്. 'സവാരിക്ക് നന്ദി!, സുഹൃത്തേ,' എന്നാണ് ആ വിടപറയല്‍ ഐ. എസ് . ആര്‍. ഒ എക്സില്‍ പോസ്റ്റ് ചെയ്തത്.പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ 100 കിലോമീറ്റര്‍ വൃത്തഭ്രമണപഥത്തിലേക്ക് മാറി, മാസങ്ങളോ വര്‍ഷങ്ങളോ ചന്ദ്രനെ ചുറ്റും.
ഇതിലെ ഷെയ്പ്പ് പേലോഡ് സൗരയൂഥത്തിന് പുറത്ത് മനുഷ്യവാസ യോഗ്യമായ ഗ്രഹങ്ങളുടെ (എക്‌സോപ്ലാനറ്റ്) മുദ്രകള്‍ ഭൗമാന്തരീക്ഷത്തില്‍ ഉണ്ടോ എന്നറിയാനുള്ള സ്‌പെക്ട്രോസ്‌കോപിക് പഠനം നടത്തും. ഇന്ന് വൈകിട്ട് നാലിന് ലാന്‍ഡറിന്റെ വേഗത കുറച്ച് ഭ്രമണപഥം താഴ്ത്തി ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ഡീഓര്‍ബിറ്റ് ( ഡി ബൂസ്റ്റ് ) ആരംഭിക്കും. ഇതിനായി ത്രസ്റ്ററുകള്‍ ജ്വലിപ്പിക്കും. വരും ദിവസങ്ങളില്‍ ഭ്രമണപഥം വീണ്ടും താഴ്ത്തി ചന്ദ്രനോട് 30കിലോമീറ്റര്‍ അടുത്തും (പെരില്യൂണ്‍ )100 കിലോമീറ്റര്‍ അകലെയും ( അപ്പോല്യൂണ്‍ ) ഉള്ള ഭ്രമണപഥത്തില്‍ എത്തിക്കും.
ഇതിനിടെ ലാന്‍ഡറിന്റെ ഭ്രമണപഥം ചന്ദ്രന്റെ ഉത്തര - ദക്ഷിണ ധ്രുവങ്ങള്‍ക്ക് മീതേയാക്കും. ഈ ഭ്രമണപഥത്തില്‍ നിന്നാണ് ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്നത്. ഈ സമയത്ത് ലാന്‍ഡിംഗ് സ്ഥലം സെന്‍സറുകള്‍ പരിശോധിക്കും. 23ന് വൈകിട്ട് 5.47നാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ മെല്ലെ ഇറങ്ങുക. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്ന് പ്രജ്ഞാന്‍ റോവര്‍ ചന്ദ്രന്റെ മണ്ണിലേക്ക് ഉരുണ്ടിറങ്ങും. റോലറിന്റെ ആ ചിത്രങ്ങള്‍ ലാന്‍ഡര്‍ ഭൂമിയിലേക്ക് അയയ്ക്കും.
30 കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന ലാന്‍ഡറിനെ കുത്തനേ ചന്ദ്രനില്‍ ഇറക്കണം. സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ വേഗതയില്‍ ചന്ദ്രനെ തിരശ്ചീനമായി ചുറ്റുന്ന ലാന്‍ഡറിനെ വേഗത കുറച്ച് 90 ഡിഗ്രി കുത്തനെ താഴേക്ക് ഇറക്കണം. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടത് ഇവിടെയാണ്. അവിടെ നിന്നും വിജയം കൊയ്യാനാണ് ഇന്ത്യ ഇപ്പോള്‍ നോക്കുന്നത്.
https://www.facebook.com/Malayalivartha


























