ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് കോടതി; ട്വിസ്റ്റിലേക്ക്

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദ്ദേശം. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
കേസില്‍ ഒന്നാം പ്രതിയാണ് മോഹന്‍ലാല്‍. തൃശൂര്‍ സ്വദേശി പി.എന്‍.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.
വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരും സ്വീകരിച്ചത്. എന്നാല്‍ ഇരുവിഭാഗത്തിനും പ്രതികൂലമായി നിലപാടാണ് നിലവില്‍ കോടതി സ്വീകരിച്ചിരിക്കുന്നത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ ഉന്നയിച്ച വാദം.
രണ്ടു ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബര്‍ 21 ന് പിടികൂടിയെങ്കിലും ആറു മാസം കഴിഞ്ഞ് 2012 ജൂണ്‍ 12 നാണ് കേസ് എടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നല്‍കിയത്
മോഹന്‍ലാലിന്റെ പരാതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുഖ്യവനപാലകന്‍ അന്വേഷണ സംഘത്തെ വയ്ക്കുകയും തെളിവെടുപ്പ് നടത്തി ആനക്കൊമ്പുകള്‍ മോഹന്‍ലാലിന് മറ്റു പ്രതികള്‍ ഉപഹാരമായി നല്‍കിയതാണന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാല പ്രാബല്യത്തോടെ കൈവശാനുമതി നല്‍കുകയായിരുന്നു. മുഖ്യവനപാലകന്റെ നടപടിക്കെതിരെയാണ് എ.എ.പൗലോസ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഫോറസ്റ്റ് എടുത്ത കേസില്‍ കുറ്റം കണ്ടെത്തിയതായി നിരീക്ഷിക്കുകയും മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നാണ് വനം വകുപ്പ് മോഹന്‍ലാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഏതായാലും കേസില്‍ നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ നേരിട്ട് ഹാജരാകുമോയെന്ന് കണ്ടറിയാം
https://www.facebook.com/Malayalivartha


























