ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങവേ അപകടം, ഹോട്ടലിലെ കോൺക്രീറ്റ് ബീം അടർന്ന് വീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ചു

കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന രാജധാനി ഹോട്ടലിലെ കോൺക്രീറ്റ് ബീം അടർന്ന് വീണ് ഒരു മരണം. റോഡിൽ നിൽക്കുകയായിരുന്ന കോട്ടയം ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.
കോട്ടയം നഗരസഭയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടം ബലക്ഷയത്തെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരു വശത്താണ് ഇപ്പോൾ അപകടം ഉണ്ടായ രാജധാനി ഹോട്ടൽ പ്രവർത്തിക്കുന്നത്. ഈ ഹോട്ടലിൽ നേരെ അറ്റകുറ്റപണി നടത്തുന്നതിന് എതിരെ നഗരസഭ നോട്ടീസ് അടക്കം നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഈ കെട്ടിടത്തിലെ ജനലിന്റെ ബീമിനോട് ചേർന്ന ഭാഗം ഇടിഞ്ഞ് വീണ് അപകടം ഉണ്ടായിരിക്കുന്നത്.
ഈ കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് മരിച്ച ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി വീട്ടിലേയ്ക്കു പോകാൻ നിൽക്കുകയായിരുന്നു ജിനോ. ഈ സമയത്താണ് രാജധാനി കെട്ടിടത്തിന്റെ ജനലിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ബീമുകളിൽ ഒന്ന് അടർന്ന് ഇദ്ദേഹത്തിന്റെ തലയിൽ വീണത്. തൽക്ഷണം തന്നെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























