മാസപ്പടി വിവാദം സത്യത്തില്‍ എല്ലാവര്‍ക്കും ഒരു തരത്തില്‍ വലിയ അനുഗ്രമാണ്. പ്രതിപക്ഷത്തിനും ബി.ജെ.പിക്കും സി.പി.എമ്മിനെയും സര്‍ക്കാരിനെയും അറഞ്ചാം പൊറഞ്ചാം മലത്തിയടിക്കാനുള്ള ആയുധമായി. ചാനലുകള്‍ക്കാണെങ്കില്‍ ഇതൊരു ചാകരയായി മാറി. സി.പി.എമ്മിനും സര്‍ക്കാരിനും എ.ഐ ക്യാമറ അടക്കമുള്ള വിവാദങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള വഴിയും ഒപ്പം കോണ്‍ഗ്രസ് എം.എല്‍.എ മാത്യുകുഴല്‍നാടനെ മുള്‍മുനയില്‍ നിര്‍ത്താനുമായി. ഇരുമുന്നണികളും തമ്മിലുള്ള കൈകൊട്ടിക്കളി കൊണ്ടാണ് യു.ഡി.എഫ് വീണാ വിജയന്റെ വിഷയം നിയമസഭയില്‍ ഉന്നയിക്കാതിരുന്നത്. എന്നാല്‍ മാത്യുകുഴല്‍ നാടന്‍ പരോക്ഷമായെങ്കിലും അത് സഭയില്‍ അവതരിപ്പിക്കാന്‍ നോക്കി. പക്ഷെ, സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. മൈക്കിനെ കൊണ്ട് അങ്ങനെയെങ്കിലും ഒരുപകാരം സി.പി.എമ്മിനുണ്ടായി. എന്നാലും കുഴല്‍നാടനെ വെറുതെ വിടാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്റെ അണ്ടകടാഹടം വരെ വലിച്ച് പുറത്തുകൊണ്ടുവരുമെന്നാണ് വീമ്പിളക്കുന്നത്. അതൊന്നും നടക്കുന്ന കേസല്ലെന്ന് നാട്ടുകാര്‍ക്കറിയാം. കേരളം രൂപീകരിച്ചതിന് ശേഷം എത്ര മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങളുണ്ടായി, കേസുകളുണ്ടായി, ഒരേയൊരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ആര്‍. ബാലകൃഷ്ണപിള്ള. അത് വി.എസ് അച്യുതാനന്ദന്റെ ഒറ്റയാള്‍പ്പോരാട്ടം കൊണ്ട് മാത്രം. സി.പി.എമ്മിന് പോലും അതിനോട് യോജിപ്പുണ്ടായിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിവാദപദ്ധതികളെ കുറിച്ച് അന്വേഷിക്കാന്‍ എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിരുന്നു. എന്നിട്ടൊരു ചുക്കും സംഭവിച്ചില്ല. പിന്നാ കുഴല്‍നാടന് നേരെ ഉറഞ്ഞുതുള്ളുന്നത്. ഇത് ചുമ്മാ നാട്ടുകാരെ പറ്റിക്കാനുള്ള സ്ഥിരം കഥകളി. വീണയ്ക്കും പിണറായി വിജയനുമെതിരെ കുഴല്‍നാടന്‍ അടക്കം പ്രതിപക്ഷത്തുള്ള ആരും സംസാരിക്കരുത് അതിനുള്ളൊരു ടെസ്റ്റ് ഡോസ്. കുഴല്‍നാടനെ പിടിച്ച് അകത്തിട്ടാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ കയ്യുംകെട്ടി നോക്കിയിരിക്കുമോ? കെ. സുധാകരനെ അറസ്റ്റ് ചെയ്തതിന്റെ കലിപ്പ് ഇതുവരെ തീര്‍ന്നിട്ടില്ല. അതിനെന്തായാലും പണി ഉറപ്പാണ്, അത് ഏത് രീതിയിലായിരിക്കുമെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല. അതുകൊണ്ട് ഇന്ത്യ മുന്നണിയില്‍ സി.പി.എം ഉണ്ടെന്നതൊന്നും കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്‌നമല്ല, അവര്‍ കേന്ദ്രത്തിലെത്തിയാല്‍ നല്ല കിടുക്കാച്ചി പണിയായിരിക്കും സി.പി.എമ്മിനെ കാത്തിരിക്കുക.കുഴല്‍നാടനെതിരെ ആരോപണങ്ങളുടെ ഭാണ്ഡം അഴിച്ച് വിട്ടിട്ടും ഒളിച്ചോടിയില്ല. മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറയാനുള്ളത് പറഞ്ഞു. അപ്പോഴും പിണറായി വിജയനും മകളും ജനമധ്യത്തിലേക്ക് വരുന്നില്ല. അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. അതുകൊണ്ട് മാത്യുവിനെതിരായ കളി അയാള്‍ക്ക് അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം ജനം ഇരയ്‌ക്കൊപ്പമേ നില്‍ക്കൂ. വേട്ടക്കാരന്‍ എത്രവല്യ മഹാനായിരുന്നാലും അംഗീകരിക്കില്ല. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും കാര്യത്തിലും അതാണ് സംഭവിച്ചത്. അതുകൊണ്ടാണ് അവര്‍ക്കെതിരായ ക്രൈംബ്രാഞ്ച്-വിജിലന്‍സ് കേസുകള്‍ പിണറായി സര്‍ക്കാരെടുത്ത് അട്ടത്ത് വെച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ അനധികൃതമായി പണം വാങ്ങിയെന്നത് ആരോപണമല്ല, ആദായനികുതി വകുപ്പ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവാണ്. ആ സ്ഥാപനം ഒരു അര്‍ദ്ധജുഡീഷ്യല്‍ സ്വഭാവമുള്ളതാണ്. വീണയ്ക്ക് പണം കൊടുത്ത സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തായെ പ്രോസിക്യൂഷന് വിധേയനാക്കാന്‍ അധികാരമുണ്ടായിട്ടും അത് ചെയ്യാതെ പിഴ ഒടുക്കാന്‍ ഉത്തരവിട്ടത് ഇതേ ബോര്‍ഡാണ്. എന്നിട്ടും കെ. അനില്‍കുമാറിനെ പോലുള്ള സി.പി.എമ്മുകാര്‍ പറയുകയാണ് ആ ബോര്‍ഡിന്റെ ഉത്തരവിന് പീറക്കടലാസിന്റെ വിലയില്ലെന്ന്. പണിയെടുക്കാതെ വീണ പണം വാങ്ങിയെന്ന മൊഴി സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്തായോ, കമ്പനി ചീഫ് ഫിനാന്‍സ്യല്‍ ഓഫീസര്‍ സുരേഷോ, ഐ.ടി വിഭാഗം തലവനോ ഇതുവരെ തിരുത്തിയിട്ടില്ല. ഇന്റരിം ബോര്‍ഡിന്റെ ഉത്തരവിനെതിരെ അവര്‍ക്ക് അപ്പീലിന് പോകാനാവില്ലെങ്കിലും മറ്റ് തരത്തിലുള്ള നിയമനടപടികള്‍ സ്വീകരിക്കാം അത് ചെയ്യാതെ പിഴ അടയ്ക്കുകയാണ് ചെയ്തത്. പിണറായി വിജയന്‍, കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇമ്പ്രാഹീംകുഞ്ഞ് എന്നിവര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും സി.എം.ആര്‍.എല്‍ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതിന് തങ്ങള്‍ സംഭാവനയാണ് സ്വീകരിച്ചതെന്ന് യു.ഡി.എഫുകാര്‍ ജനങ്ങളോട് സമ്മതിച്ചു. പിണറായി വിജയന്‍ പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് സി.പി.എം ഇപ്പോഴും. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി പണം വാങ്ങിയെന്നത് വ്യക്തമാണ്. അത് സംഭാവനയാണോ എന്ന് സി.പി.എം വ്യക്തമാക്കണ്ടേ. അത് ചെയ്യാതെ ബി.ജെ.പിക്കാരനായ ശശിധരന്‍ കര്‍ത്ത സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും അപമാനിക്കാന്‍ ഉണ്ടാക്കിയ കാര്യമാണിതെന്നും അതിന് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നുമാണ് നേതാക്കളുടെ ഏറ്റവും പുതിയ ക്യാപ്‌സ്യൂള്‍. എങ്കില്‍ സഖാക്കളേ... ഒറ്റ ചോദ്യം, മുഖ്യമന്ത്രിയേയും മകളെയും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയ, ബി.ജെ.പിക്കാരനെന്ന് നിങ്ങള്‍ പറയുന്ന ശശിധരന്‍ കര്‍ത്തയ്ക്കും സി.എം.ആര്‍.എല്ലിനും എതിരെ പിണറായി വിജയനും വീണാ വിജയനും നിയമനടപടി സ്വീകരിക്കുമോ? ഉത്തരം 'യെസ്' അല്ലെങ്കില്‍ 'നോ' ഏതെങ്കിലും ഒന്ന് പറയാനുള്ള ആര്‍ജ്ജവം നിങ്ങള്‍ കാണിക്കണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വപ്‌ന സുരേഷ് എന്തെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചു. എല്ലാം പച്ചക്കള്ളം, പച്ചക്കള്ളം എന്ന് പറഞ്ഞതല്ലാതെ എന്തെങ്കിലും നിയമവഴി തേടിയോ? ഇല്ല. അതേ കഥ തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. വാദിഭാഗത്തുള്ളവര്‍ മാത്രമേ മാറുന്നുള്ളൂ പ്രതിഭാഗത്തിപ്പോഴും മുഖ്യമന്ത്രിയും കുടുംബവുമാണ് സഖാക്കളേ.... അവരുടെ കുടുംബത്തിനെതിരായ ആക്ഷേപത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറിയോ, മറ്റ് നേതാക്കളോ അല്ല മറുപടി പറയേണ്ടത്. വീണയോ, വീണയുടെ പിതാവോ, ഭര്‍ത്താവോ ആണ്. അത് പറയാതെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ഭീരുത്വമാണ്.ReplyForward