നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് കൂടുതല്‍ സമയം വേണം:- എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേയ്ക്ക് നീട്ടി സുപ്രീംകോടതി
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേയ്ക്ക് കൂടെ നീട്ടി. ആരോഗ്യപരമായ കാരണങ്ങളാലാണ് സുപ്രീം കോടതി രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ പരമായിട്ടുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ശിവശങ്കറിന് സുപ്രിം കോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചത്.
നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം. ഇ.ഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അന്ന് ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ശിവശങ്കറിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. ശിവശങ്കര്‍ പറയുന്ന സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ചെലവില്‍ ചികത്സ നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കണം ചികിത്സ എന്നും മേത്ത വാദിച്ചിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലഭിക്കുന്ന ഇടക്കാല ജാമ്യം സ്ഥിര ജാമ്യം ആകുമെന്ന ആശങ്കയും തുഷാര്‍ മേത്ത കോടതിയില്‍ പങ്ക് വച്ചിരുന്നു.
ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലായിരുന്നു. ജയിൽ മോചനത്തിന് കലൂരിലെ പിഎംഎൽഎ കോടതി അനുമതി നൽകിയെങ്കിലും സ്വർണക്കടത്ത് കേസിലെ പ്രൊഡക്ഷൻ വാറണ്ട് കൂടി റദ്ദാക്കിയാൽ മാത്രമേ ജാമ്യനടപടികൾ പൂർത്തിയാവുകയുള്ളു എന്നതിനാലാണ് ജയിൽ മോചിതനാകാൻ വൈകിയത്.
അതേ സമയം ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ ഹർജി നൽകിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെയും ഇ.ഡിയുടെയും നിലപാടു തേടിയിരിക്കുകയാണ്.ജസ്റ്റിസ് സി.എസ്. ഡയസ് ഹർജി ഒക്ടോബർ മൂന്നിനു പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.
നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി കേസെടുക്കുകയായിരുന്നു. ഒരേ വിഷയത്തിൽ ഒന്നിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമായതിനാൽ തന്റെ അറസ്റ്റും തുടർ നടപടികളും നിയമപരമല്ല എന്നാണ് ശിവശങ്കർ ഉന്നയിക്കുന്ന വാദം. 2020ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെതിരെ ഫെബ്രുവരിയില്‍ ഇഡി രണ്ടാമതും കേസെടുത്തത്.
എന്‍ഐഎ കേസിന് പിന്നാലെ 2020 ജൂലൈ 13ന് തന്നെ ഇഡി കേസെടുത്തു. എന്‍ഐഎ കേസില്‍ 2020 ജൂലൈ 23ന് ഒരു കോടിയിലധികം രൂപ കണ്ടുകെട്ടി. 2021 ഡിസംബര്‍ 13 ന് ഇഡിയും കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായികിട്ടിയ തുകയടക്കമായിരുന്നു കണ്ടുകെട്ടിയത്.
എന്നാല്‍, ഫെബ്രുവരി 12ന് നിലവിലെ കേസിനോടനുബന്ധിച്ച് ലൈഫ് മിഷന്‍ കോഴയിടപാട് ചേര്‍ക്കുകയും വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായ നടപടികളിലൂടെ സ്വീകരിച്ച കേസും ഇതുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്ന ആവശ്യമാണ് ഹര്‍ജിയിൽ ഉന്നയിച്ചത് . ഹർജി വീണ്ടും ഒക്ടോബര്‍ മൂന്നിന് പരിഗണിക്കും.
https://www.facebook.com/Malayalivartha