ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചുവിളിച്ച് പശ്ചിമബംഗാൾ സർക്കാർ, തിരിച്ചുപോയാൽ കേരളത്തിൽ തൊഴിൽ പ്രതിസന്ധി

കേരളം അവർക്ക് ദുബായ് ആണ്. ആ ദുബായിലെ കൂലി അവരുടെ നാട്ടിൽ കിട്ടിയാലോ. കേരളത്തിലെ തൊഴിൽ മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന ബംഗാൾ സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചുവിളിച്ച് പശ്ചിമബംഗാൾ സർക്കാർ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലേക്ക് മടങ്ങിയെത്തിയാൽ 125 ദിവസത്തെ തൊഴിലും വർഷം 34,500 രൂപ വരുമാനവും ഉറപ്പാക്കുമെന്നാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വാഗ്ദാനം. തിരിച്ചെത്തുന്നവർക്ക് തൊഴിൽ കാർഡും സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാളിൽ വ്യവസായങ്ങൾ വളരുകയാണെന്നും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും സർക്കാർ അവകാശപ്പെടുന്നു. നേരത്തേ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാൾ സ്വദേശികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ കേരളത്തിലെ ഹോട്ടലുകൾ, നിർമാണമേഖല, ഫാക്ടറികൾ എന്നിവ തൊഴിലാളിക്ഷാമം നേരിട്ടിരുന്നു.
ബംഗാളിന്റെ ഈ നീക്കം കേരളത്തിന് ആശങ്കയാകുന്നത് ഇവിടുത്തെ തൊഴിൽ മേഖലയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള വലിയ ആശ്രിതത്വം കൊണ്ടാണ്. കണക്കുകൾ പ്രകാരം കേരളത്തിൽ 25 ലക്ഷം മുതൽ 31 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. അനൗദ്യോഗിക കണക്കുകൾ 40 ലക്ഷത്തിലധികം വരും. ഇവരിൽ വലിയൊരു വിഭാഗം ബംഗാളിൽ നിന്നുള്ളവരാണ്. പ്രതിവർഷം ഏകദേശം 60,000 കോടി രൂപ കേരളത്തിൽ നിന്ന് സമ്പാദിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ 40,000 കോടി രൂപയോളം സ്വന്തം നാട്ടിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ കേരളത്തിലെ ഉയർന്ന ദിവസവേതനവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും കാരണം ഇവർ കൂട്ടത്തോടെ മടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ അവിദഗ്ധ തൊഴിലാളികൾക്ക് പോലും ദിവസം 500 രൂപയ്ക്ക് മുകളിൽ വേതനം ലഭിക്കുമ്പോൾ ബംഗാളിൽ അതേ വരുമാനം ഉറപ്പാക്കുക എളുപ്പമല്ല. എങ്കിലും സ്വന്തം നാട്ടിൽ തൊഴിലും വീടും ഭക്ഷ്യസുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പായാൽ തൊഴിലാളികളുടെ തീരുമാനം മാറാം. അതുകൊണ്ടുതന്നെ ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയെ മാത്രം ആശ്രയിക്കാതെ കേരളം ഭാവിയിലെ തൊഴിൽ പ്രതിസന്ധി മുൻകൂട്ടി കാണേണ്ടിവരും.
https://www.facebook.com/Malayalivartha

























