ഇത് ധാര്‍ഷ്ട്യം...കേന്ദ്ര സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍; നിയമം പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചു
കര്‍ഷക സമരം വീണ്ടും സജീവമായേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാരിനെതിരെ സ്വരം കടുപ്പിച്ചിരിക്കുകയാണ് കര്‍ഷകസംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വ്യക്തമാക്കുന്നതെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാന്‍ മോര്‍ച്ച വീണ്ടും വ്യക്തമാക്കിരിക്കുകയാണ്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടരുമ്പോഴും നിയമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമര്‍, നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചു. കൃഷിമന്ത്രിയുടെ പ്രസ്താവന വിശദമായി ചര്‍ച്ച ചെയ്ത സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.
നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിയമത്തില്‍ ഭേദഗതി വരുത്താനല്ല സമരം. അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് കര്‍ഷകരോഷം തണുപ്പിക്കാനാകുമെന്ന് കേന്ദ്രം കരുതേണ്ടെന്നെന്നും പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.
ഇതിനിടെ, തിക്രിയില്‍ കര്‍ഷക സമരസ്ഥലത്ത് ഹരിയാന സ്വദേശി മുകേഷ് കുമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ നാല് പേരാണ് മുകേഷിനെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചിരുന്നു. മരിച്ച മുകേഷിനും മറ്റ് നാല് പേര്‍ക്കുമിടയില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവുമായി സമരക്കാര്‍ക്ക് ബന്ധമില്ലെന്നും കൃത്യമായ അന്വേഷണം വേണെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.
https://www.facebook.com/Malayalivartha