63 കാരനും 30 കാരിയും തമ്മിലുള്ള ലിവ്-ഇന്‍ റിലേഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് രണ്ട് കൊലപാതകത്തില്‍

63 കാരനും 30 കാരിയും തമ്മിലുള്ള ലിവ്-ഇന്‍ റിലേഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് രണ്ട് കൊലപാതകത്തില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പിതാവിന്റെ ലിവ്-ഇന്‍ റിലേഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാക്കള്‍ മുത്തച്ഛനടക്കം രണ്ട് പേരെ കുത്തിക്കൊന്നു.
കുത്തേറ്റ് പ്രതികളിലൊരാളുടെ പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കാണ്‍പൂരിലെ ദേഹത് ജില്ലയില്‍ അംരോധ ടൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. രാം പ്രകാശ് ദ്വിവേദി (83), മകന്‍ വിമലിന്റെ ലിവ്-ഇന്‍ പങ്കാളി ഖുശ്ബു (30) എന്നിവരാണ് കെല്ലപ്പെട്ടത്. ആക്രമണത്തില്‍ വിമലിന് (63) ഗുരുതരമായി പരിക്കേറ്റു.
മുപ്പതുകാരിയായ ഖുശ്ബുവുമായുള്ള വിമലിന്റെ ലിവ്-ഇന്‍ റിലേഷനെ ചൊല്ലി കുടുംബത്തില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിമലിന്റെ മകനായ ലളിത്(48), അര്‍ദ്ധ സഹോദരനായ അക്ഷത്(18) എന്നിവരാണ് മുത്തച്ഛനടക്കം മൂന്ന് പേരെ കുത്തിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ലളിതും അക്ഷതും രാവിലെ വിമലിന്റെ വീട്ടിലെത്തി. ഖുശ്ബുവുമായുള്‌ല ബന്ധത്തെചൊല്ലി തര്‍ക്കമുണ്ടാവുകയും ഇരുവരും മുത്തച്ഛന്‍ രാം പ്രകാശിനെയും ഖുശ്ബുവിനെയും മര്‍ദ്ദിക്കുയും ചെയ്തു. വാക്കേറ്റത്തിനിടെ പ്രകോപിതരായ ഇരുവരും രാം പ്രകാശിനെയും ഖുശ്ബുവിനെയും കത്തികൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും പ്രതികള്‍ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതായി ദേഹത് പൊലീസ് സൂപ്രണ്ട് ടിഎസ് മൂര്‍ത്തി പറഞ്ഞു.
കുത്തേറ്റ് ലളിതിന്റെ പിതാവ് വിമലിനും ഗുരുതര പരിക്കേറ്റു. അയല്‍വാസികളാണ് മൂവരെയും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാം പ്രകാശ് ദ്വിവേദിയും ഖുശ്ബുവും മരണപ്പെട്ടിരുന്നു. വിമല്‍ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തങ്ങളാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും 30 കാരിയായ ഖുശ്ബുവുമായുള്ള പിതാവിന്റെ ബന്ധത്തില്‍ തങ്ങള്‍ അതൃപ്തരായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























