വിജയക്കൊടി പാറിച്ച് ഗഗൻയാൻ പേടകം:ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായിരിക്കുന്നു... പല പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്ത് കൊണ്ടുള്ള വിജയമാണെന്ന് എസ്. സോമനാഥ്..

ഇന്ത്യക്കാർക്കാർക്കും മറക്കാൻ പറ്റാത്ത വർഷമാണ് 2014 . ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാൻ പദ്ധതിയ്ക്ക് തുടക്കമിട്ട വർഷമായിരുന്നു അന്ന്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് ലക്ഷ്യമിട്ട ദൗത്യമായിരുന്നു ഗഗൻയാൻ. ജിഎസ്എൽവി മാർക്ക് III റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഈ പദ്ധതി വിജയകരമാക്കാനുള്ള പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
ഇതുവരെ 2 പരീക്ഷണങ്ങളാണ് ഗഗൻയാന്റെ ഭാഗമായി നടത്തിയിരുന്നത്. റീ എൻട്രി പരീക്ഷണം 2014 ഡിസംബർ 18നായിരുന്നു. പേടകത്തിന്റെ ആദ്യരൂപം വിജയകരമായി ബംഗാൾ ഉൾക്കടലിൽ തിരിച്ചിറക്കി. 2018 ജൂലൈ 5ന് ശ്രീഹരിക്കോട്ടയിൽ 4 മിനിറ്റ് നീളുന്ന പാഡ് അബോർട്ട് ടെസ്റ്റും വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണമായ ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായിരിക്കുകയാണ്.
അടിയന്തര സാഹചര്യത്തിൽ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇന്ന് വിജയകരമായി നടന്നത്. ഐഎസ്ആർഒ 9 മിനിറ്റും 51 സെക്കന്റിലുമാണ് ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ 10 മണിക്കാണ് വിക്ഷേപിച്ചത്.എട്ട് മണിക്ക് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നു, എന്നാൽ കാലാവസ്ഥ ചതിച്ചു. പിന്നീട് 8.45 ന് വിക്ഷേപണം നടത്താനുള്ള ശ്രമം നടത്തി. എന്നാൽ അവസാന അഞ്ച് സെക്കന്റിൽ ജ്വലന പ്രശ്‌നങ്ങൾ ഉണ്ടായി. എന്നാൽ പല പ്രതിസന്ധികളും തരണം ചെയ്ത് കൊണ്ടാണ് ഇന്ന് ഈ ദൗത്യം വിജയകരമാക്കാൻ ഐഎസ്ആർഒ യ്ക്ക് കഴിഞ്ഞത്. നിമിഷ നേരം കൊണ്ട് പ്രശ്നം പരിഹരിച്ച് പത്ത് മണിയോടെ പരീക്ഷണ വാഹനം ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയുമായി കുതിച്ചുയർന്നു.
അറുപത്തിയൊന്നാം സെക്കൻഡിൽ ക്രൂ എസ്കേപ്പ് സിസ്റ്റം പ്രവർത്തിപ്പിച്ച് റോക്കറ്റും യാത്രാ പേടകവും വേർപിരിഞ്ഞു. പതിനേഴ് കിലോമീറ്ററോളം ഉയരത്തിലെത്തിയ ശേഷമാണ് ക്രൂ എസ്കേപ്പ് സിസ്റ്റവും ക്രൂ മൊഡ്യൂളും വേർപിരിഞ്ഞത്. പാരച്യൂട്ടുകൾ വിടർന്ന് ഗഗൻയാൻ യാത്രാ പേടകം മെല്ലെ താഴേക്ക് തിരിച്ചു. കടലിൽ നിന്ന് 2.4 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷം രണ്ടാം ഘട്ട പാരച്യൂട്ടുകൾ തുറന്ന് ഭൂമിയിലേക്കുള്ള പതനം. ഉടൻ ശ്രീഹരിക്കോട്ടയുടെ തീരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ സുരക്ഷിതമായ ലാൻഡിങ്ങുമായി. ഇന്ത്യൻ നാവിക സേനയുടെ പ്രത്യേക സംഘം സ്ഥലത്തെത്തി പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്തു.
നേരത്തെ ചില അസ്വാഭാവികതകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഓട്ടോമാറ്റിക് ലോഞ്ച് സിസ്റ്റം കംപ്യൂട്ടർ വിക്ഷേപണം നിർത്തിവെച്ചതെന്ന് എസ്. സോമനാഥ് അറിയിച്ചിരുന്നു. പ്രശ്‌നം അതിവേഗം തന്നെ പരിശോധിച്ച് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തുവെന്ന് ഇസ്രോ മേധാവി പറഞ്ഞു. ഇത് ഗഗൻയാൻ ദൗത്യ സംഘാങ്ങൾക്കുള്ള പരിശീലനമാണെന്നും , എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിക്ഷേപണ സ്ഥാനത്തുനിന്ന് പറന്നുയർന്ന് പേടകം ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും സംഭവിച്ചാൽ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം.
റോക്കറ്റ് ലോഞ്ച് പാഡിൽ ഇരിക്കുന്നതുമുതൽ ഓർബിറ്റിൽ എത്തുന്നതുവരെ ഏതു സമയത്തും പരാജയം സംഭവിക്കാം.
ആ പരാജയത്തെ അതിജീവിക്കാൻ പലഘട്ടങ്ങളിലായി ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്നാൽ റോക്കറ്റിന്റെ വേഗം ശബ്ദത്തിന്റെ വേഗത്തിന് തുല്യമാകുന്ന സമയത്ത് പരാജയം സംഭവിച്ചാൽ എങ്ങനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നതിന്റെ പരീക്ഷണമാണ് ഇന്ന് വിജയകരമായത്. യഥാർത്ഥ ഹ്യൂമൻ ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചുള്ള ആദ്യ ആളില്ലാ ദൗത്യം 2024 ആദ്യമുണ്ടാകും. സമീപഭാവിയിൽ നടക്കാൻ പോകുന്ന കൂടുതൽ സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇതേ വിക്ഷേപണ വാഹനം ഉപയോഗിക്കും.
https://www.facebook.com/Malayalivartha


























