കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പൊലീസ് വെടിവെച്ചു കൊന്നു; സംഭവം ഗുണ്ടകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതിന് മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പോലീസ് ഏറ്റുമുട്ടലിൽ മരിച്ചത് നാല് മാസത്തിനിടെ അഞ്ച് പേർ

തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട കൊമ്പന്‍ ജഗനെ തമിഴ്നാട് പോലീസ് വെടിവച്ചുകൊന്നു. തിരുച്ചിറപ്പള്ളിയിൽ വച്ചാണ് സംഭവം. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയായ കൊമ്പൻ ജഗൻ എന്ന തിരുച്ചി ജഗൻ ആണ് തിരുച്ചിറപ്പള്ളിയിൽ സനമംഗലം വനത്തോട് ചേര്‍ന്ന പ്രദേശത്ത് പൊലീസിന്റെ വെടിയേറ്റു മരിച്ചത്.
പനയക്കുറിച്ചി സ്വദേശിയായ ജഗൻ കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു. ഒളിവിലായിരുന്ന ജഗൻ സാനമംഗലം വനമേഖലയിൽ ഉള്ളതായി പോലീസിന് വിവരം ലഭിച്ചു . തുടർന്ന് പോലീസ് ഇൻസ്പെക്ടർ എസ് കരുണാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി.പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരേ പെട്രോള്‍ ബോംബെറിഞ്ഞെന്നും പ്രാണരക്ഷാര്‍ത്ഥം എഎസ്‌ഐ വെടിയുതിര്‍ത്തെന്നുമാണ് ഔദ്യോഗിക അറിയിപ്പ്. ജഗന്‍ വെട്ടിയതിനെ തുടര്‍ന്ന് കൈക്ക് പരിക്കേറ്റ എസ്‌ഐ വിനോദ് ആശുപുത്രിയിലാണ്. ജഗന്റെ മൃതദേഹം ലാൽഗുഡിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
തെറ്റ് ചെയ്യുന്നവരല്ല, തെറ്റ് തിരുത്തുന്നവരാണ് എന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളിൽ റീൽസിട്ട് ആരാധകരെ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു ജഗൻ. കഴിഞ്ഞ മെയിൽ ജഗന് ജന്മദിനാശംസകൾ നേര്‍ന്ന് തിരുച്ചിറപ്പള്ളിയിൽ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് ഇയാളെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയിൽ 2 ഗുണ്ടകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിൽ മദ്രാസ് ഹൈക്കോടതി സിബിസിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഗന്‍റെ കൊല. 4 മാസത്തിനിടെ അഞ്ച് പേരാണ് സംസ്ഥാനത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























