പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കെതിരെ മോശം പരാമര്‍ശം... രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; പ്രധാനമന്ത്രി ദുശ്ശകുനമാണെന്നും പോക്കറ്റടിക്കാരനെ പോലെയാണെന്നും രാഹുല്‍ പരാമര്‍ശിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. പ്രധാനമന്ത്രി ദുശ്ശകുനമാണെന്നും പോക്കറ്റടിക്കാരനെ പോലെയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വയനാട് എംപിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ നോട്ടീസ്.
ശനിയാഴ്ച വൈകിട്ട് ആറു മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ 'ദുശ്ശകുനം' എന്ന് വിളിച്ച് പരിഹസിച്ചത്. അദ്ദേഹത്തിന്റെ പ്രവേശനമാണ് ഓസ്ട്രേലിയയ്ക്കെതിരായ 2023 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണമെന്നും രാഹുല്‍ പറഞ്ഞു.
ഒരു പ്രധാനമന്ത്രിയ്‌ക്കെതിരെ ദുശ്ശകുനം, പോക്കറ്റടിക്കാരന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് ദേശീയ രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന് ചേരുന്നതല്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ദുശ്ശകുനം എന്ന പ്രയോഗം നിരോധനത്തിന്റെ ഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.'തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന നിരുത്തരപരമായ പരാമര്‍ശങ്ങളില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. പൊതു മണ്ഡലങ്ങളില്‍ മാന്യതയോടെ പ്രവര്‍ത്തിക്കാനുള്ള പൊതു ഉപദേശവും കമ്മീഷന്‍ മുന്നോട്ടുവച്ചു. പെരുമാറ്റ ചട്ടം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച സുപ്രീം കോടതി വിധികളും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.
'നമ്മുടെ ആണ്‍കുട്ടികള്‍ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകുനം അവരെ തോല്‍പ്പിച്ചു.'- രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ലജ്ജാകരവും അപമാനകരവുമാണെന്നും ഇതിനെതിരെ അദ്ദേഹം മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പരാമര്‍ശം നിരാശയുടെയും മാനസിക അസ്ഥിരതയുടെയും അടയാളമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 'ഇവിടെ പ്രവര്‍ത്തിക്കുന്നത് വിരോധാഭാസമോ കാപട്യമോ അല്ല - ജീവിതത്തില്‍ ഒരു ദിവസം പോലും ജോലി ചെയ്യാത്ത 55 വയസ്സുകാരന്, അവരുടെ കുടുംബം ദശാബ്ദങ്ങളായി രാജ്യത്തെ ചൂഷണം ചെയ്തു. അവരുടെ അഴിമതിയിലൂടെ രാജ്യത്തെ സാമ്പത്തികമായി നശിപ്പിച്ചു. മോദി കോണ്‍ഗ്രസിലെ അഴിമതിക്കാര്‍ക്കും ഇന്ത്യയുടെ ശത്രുക്കള്‍ക്കും തീവ്രവാദികള്‍ക്കും പേടിസ്വപ്നമാണ്'-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























