ജമ്മുവില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മുതല്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച രജൗരിയില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് പ്രത്യേക സേനാ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉധംപൂരിലെ ആര്‍മി കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി.
കലകോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പാകിസ്ഥാന്‍ ഭീകരനും കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാന്‍, അഫ്ഗാന്‍ മേഖലകളില്‍ പരിശീലനം നേടിയ ക്വാറി എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ഇയാള്‍ ലഷ്‌കറെ ത്വയ്ബയുടെ മുതിര്‍ന്ന നേതാവായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാള്‍ രജൗരി-പൂഞ്ച് മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിവരം.
ഏഴ് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ധാന്‍ഗ്രി, കാണ്ടി ഇരട്ട ആക്രമണങ്ങളുടെ സൂത്രധാരന്‍ ക്വാറിയാണെന്നാണ് വിവരം. പ്രദേശത്തെ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനാണ് ഇയാളെ രജൗരി-പൂഞ്ചിലേക്ക് അയച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ ഐഇഡികളില്‍ വിദഗ്ധനായിരുന്നു. ഗുഹകളിലും മറ്റും ഒളിച്ച് താമസിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ക്ക് തോക്കുപയോഗിച്ച് ആക്രമണം നടത്താനുള്ള പരിശീലനം ലഭിച്ചിരുന്നു.
ധര്‍മ്മസാല്‍ ബെല്‍റ്റിലെ ബാജിമാല്‍ മേഖലയില്‍ രാത്രി ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് ജില്ലയില്‍ വെടിവയ്പ്പ് പുനരാരംഭിച്ചത്. ഭീകരര്‍ രക്ഷപ്പെടുന്നത് ഉറപ്പാക്കാന്‍ അധിക സുരക്ഷാ സേനയെ ഏര്‍പ്പെടുത്തി. ഇവരെത്തി വനപ്രദേശം വളഞ്ഞായിരുന്നു ഏറ്റുമുട്ടല്‍.
കൊല്ലപ്പെട്ടവരില്‍ രണ്ട് ക്യാപ്റ്റന്‍മാരും രണ്ട് ഹവില്‍ദാര്‍മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റ മറ്റ് ഉദ്യോഗസ്ഥരെ ഉധംപൂരിലെ ആര്‍മി കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ബാജിമാലില്‍ എത്തിയ രണ്ട് ഭീകരര്‍, വിദേശ പൗരന്മാരാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച മുതല്‍ പ്രദേശത്ത് കറങ്ങി നടന്ന ഇവര്‍, ഒരു ആരാധനാലയത്തില്‍ അഭയം തേടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























