കിക്കി ഡാന്‍സ് ചലഞ്ച് നടത്തിയ യുവാക്കള്‍ക്ക് കോടതിയുടെ ക്ലീനിംഗ് ചലഞ്ച്
ടെലിവിഷന്‍ താരം അടക്കം മൂന്നു യുവാക്കള്‍ മൂന്ന് ദിവസം തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കണമെന്ന് വാസായ് റെയില്‍വേ കോടതി വിധിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു പോലെ അപകടകരമായ പ്രവൃത്തി യുവാക്കള്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
അവര്‍ ചെയ്ത കുറ്റം എന്താണെന്നോ? ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നിറങ്ങി കിക്കി ഡാന്‍സ് ചലഞ്ച് വീഡിയോ ചിത്രീകരിച്ചു. തിരക്കേറിയ വാസായ് റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടി പുറത്തിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത്.
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കിക്കി ചലഞ്ച് വീഡിയോ ഒരാഴ്ച കൊണ്ട് 2.2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ ശ്യാം ശര്‍മയെയാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ നല്കിയ വിവരം അനുസരിച്ച് ധ്രുവ്, നിഷാന്ത് എന്നീ യുവാക്കളെ കൂടി പിടികൂടുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളും രാവിലെ 11 മുതല്‍ രണ്ടു വരെയും വൈകുന്നേരം മൂന്നു മുതല്‍ അഞ്ച് വരെയും വൃത്തിയാക്കണമെന്നാണ് ശിക്ഷ വിധിച്ചത്. അപകടകരമായ കിക്കി ഡാന്‍സ് നടത്തുന്നവര്‍ക്ക് ഒരു പാഠമാകാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ഇത്തരം ചലഞ്ചുകള്‍ നടത്താതിരിക്കാന്‍ ആളുകളെ ബോധവല്‍ക്കരിക്കണമെന്ന് യുവാക്കളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
കനേഡിയന്‍ പോപ്പ്ഗായകനായ ഡ്രേക്കിന്റെ 'കിക്കി ഡുയു ലവ് മി' എന്ന ഗാനമാണ് ഇത്തരം നൃത്തത്തിന് തുടക്കമിട്ടത്. അമേരിക്കന്‍ ഹാസ്യാവതാരകനായ ഷിഗ്ഗി ഈ പാട്ടു പാടി കാറില്‍ നിന്നിറങ്ങി യാത്ര ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. ഇതു ഹിറ്റായതോടെ ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള പ്രമുഖരെല്ലാം ചാലഞ്ചില്‍ പങ്കുചേര്‍ന്നു.
വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയില്‍ നിരവധിയാളുകള്‍ അപകടത്തില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയത്. ഡല്‍ഹി, മുംബൈ, ജയ്പുര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ പോലീസ് കിക്കിക്കെതിരായി ട്വീറ്റ് ചെയ്തു. രാജ്യാന്തരതലത്തില്‍ വിവിധ പോലീസ് സേനകള്‍ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha