ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്കി ബംഗാള്‍ സ്വദേശികള്‍! ഇനി അന്യസംസ്ഥാന തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നതിന് മുമ്പ് ഇവരെ കുറിച്ചോര്‍ക്കുക!
ദുരിതമഴയില്‍ കേരളത്തില്‍ കണ്ണീര് നിറയുമ്പോള്‍ കൈത്താങ്ങായി അന്യസംസ്ഥാന തൊഴിലാളികളും. ഒരു കൈ സഹായവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ എത്തിയത് കണ്ണൂരിലെ കൊട്ടിയൂരില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ്.
കേളകം നോവ ഹോട്ടലില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് ദുരിതാശ്വാസ ക്യമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുവാനെത്തിയത്.
ഒരു സംഘടന വിതരണം ചെയ്ത ഭക്ഷണം ഇവിടെ എത്തിക്കുവാന്‍ എത്തിയപ്പോഴാണ് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് ഇവര്‍ക്ക് മനസിലായത്.
പിന്നീട് ഇവിടുള്ളവര്‍ക്ക് ഭക്ഷണം സ്പോണ്സര് ചെയ്യുവാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. രണ്ടു ദിവസത്തെ ശമ്പളമാണ് ഇവര്‍ ഇതിനു വേണ്ടി മാറ്റി വച്ചത്. പതിമൂന്ന് അംഗങ്ങളുള്ള ഇവര്‍ 250 ഓളം ആളുകള്‍ക്കുള്ള ഭക്ഷണം നല്‍കാമെന്നാണ് ഏറ്റിരിക്കുന്നത്.
നിങ്ങള്‍ നല്കുന്ന കാശുകൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. നിങ്ങള്‍ക്കൊരു പ്രശ്നമുണ്ടാകുമ്പോള്‍ ഞങ്ങള്‍ കൂടെയുണ്ടാകേണ്ടെ എന്ന് അവര്‍ ചോദിക്കുന്നു.
ഇതിനു മുമ്പ് കണ്ണൂരിലെ ഇരിട്ടിയില്‍ കമ്പിളി പുതപ്പ് വില്‍ക്കുവാനെത്തിയ മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു തന്റെ കൈവശമുണ്ടായിരുന്ന കമ്പിളി പുതപ്പുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha