ദുരിതാശ്വാസ ക്യാംപില്‍ നിന്ന് അഞ്ജു കതിര്‍മണ്ഡപത്തില്‍ എത്തും!
നെച്ചിക്കുറ്റി താഴ്വാരം അഞ്ജു നിവാസ് മംഗല്യക്കോടിയും കതിര്മണ്ഡപവുമൊരുക്കിവച്ച് കാത്തിരിക്കയായിരുന്നു അഞ്ജുവിനേയും അവളുടെ മണവാളനേയും എതിരേല്ക്കാന്. എന്നാല്‍ വീട്ടിലേക്ക് ആദ്യം വിരുന്നുവന്നത് കലിതുള്ളിയ വെള്ളം. സ്വന്തം വീടും ഒരുക്കങ്ങളും വെള്ളത്തില്‍ മുങ്ങി. നാളെ അവള് വിവാഹത്തിനായി ഒരുങ്ങിയിറങ്ങുന്നത് ദുരിതാശ്വാസ ക്യാംപില്‍നിന്ന്!
സുന്ദരന്‍-ശോഭ ദമ്പതികളുടെ മൂത്തമകള്‍ അഞ്ജുവാണ് നാളെ ക്യാംപില്‍നിന്നു കതിര്‍മണ്ഡപത്തിലേക്ക് എത്തുന്നത്. വേങ്ങര ചേനൂര്‍ സ്വദേശി ഷൈജുവാണ് വരന്. പേമാരി ദുരന്തം വിതയ്ക്കുന്നതിനു മുന്‍പേ കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
കഠിന ജോലികള്‍ക്ക് ആരോഗ്യം അനുവദിക്കാത്ത അവസ്ഥയില്‍ സുന്ദരന്‍ ലോട്ടറിക്കച്ചവടവും സെക്യൂരിറ്റി പണിയും എടുത്തും ഭാര്യ ശോഭ വീട്ടുപണിക്കു പോയുമൊക്കെയാണ് കല്യാണത്തിനായി പണം സ്വരുക്കൂട്ടിയത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പെയിന്റടിച്ചു. മുറ്റവും പറമ്പും ചെത്തി പന്തലൊരുക്കാന്‍ പാകമാക്കി. ഒരുക്കങ്ങളും ആഘോഷങ്ങളുമായി കല്യാണ ദിവസം കാത്തിരുന്ന കുടുംബത്തിലേക്ക് വ്യാഴാഴ്ചയാണ് വെള്ളം വിരുന്നെത്തിയത്.
ഇതോടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ആഭരണങ്ങളും മറ്റും ജ്വല്ലറിയില്ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടില്‍ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ത്തന്നെ വിവാഹവസ്ത്രങ്ങളും മറ്റു സാധനങ്ങളും ശോഭയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. എന്നാല്‍, രാത്രിയോടെ വെള്ളം അവിടെയുമെത്തി.
അഞ്ജുവിന്റെ വീട്ടില്‍ കഴുത്തൊപ്പം വെള്ളമാണിപ്പോള്‍. പിന്നെ ആശ്രയം നഗരസഭയുടെ ക്യാംപായിരുന്നു. എംഎസ്പി എല്‍പി സ്കൂള്‍ ക്യാംപിലാണിപ്പോള്‍ കല്യാണപ്പെണ്ണ്. വരനെ വിളിച്ച് അവസ്ഥ പറഞ്ഞപ്പോള്‍, താലികെട്ട് മാത്രം മതിയെന്നും സദ്യയോ മറ്റ് ആര്‍ഭാടങ്ങളോ വേണ്ടെന്നും അറിയിച്ചു.
നാളെ മലപ്പുറം ത്രിപുരാന്തകക്ഷേത്രത്തില് ഷൈജു അഞ്ജുവിനു താലിചാര്‍ത്തും. മംഗല്യത്തിന് അവളെ യാത്രയാക്കുന്നത് പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ആളുകളും.
https://www.facebook.com/Malayalivartha