മകനേയും മറ്റു ബന്ധുക്കളേയും ഫോണില്‍ കിട്ടാത്തതിന്റെ ആധിയോടെ ദുരിതാശ്വാസക്യാംപില്‍ ഒരച്ഛന്!
നെടുമുടി പൊങ്ങയിലെ കായല്പറമ്പ് വീട്ടില്‍നിന്ന് ബിജു, ചെങ്ങന്നൂരിലെ മറ്റ് കുടുംബാംഗങ്ങളുടെ അടുത്തേക്കു പോയത് അവിടെ പ്രളയം ബാധിച്ചതറിഞ്ഞാണ്.
നെടുമുടിയിലെ വീട്ടില്‍ വെള്ളം പടിക്കൊപ്പമെത്തിയ സാഹചര്യത്തില്‍ അമ്മ ലീലയെയും ഭാര്യ അനിലയെയും എട്ടുമാസം പ്രായമുള്ള മകള്‍ ഐശ്വര്യയെയും അഞ്ച് വയസ്സുകാരി അമൃതയെയും നേരത്തേതന്നെ ചെങ്ങന്നൂരിലെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു.
അവിടെനിന്ന് അവരെ രക്ഷിച്ചു മടങ്ങി വരുമെന്നു പറഞ്ഞാണ് ബിജു അവിടേക്ക് പോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിജു അവിടേയ്ക്ക് പോയത്. ചെങ്ങന്നൂരിലേക്കു പോയ മകനെയും കുടുംബത്തെയും കാത്ത് കരുണാകരന് (76) വീട്ടിലിരിക്കുമ്പോഴാണ് ശനിയാഴ്ച പൊങ്ങയിലെ വീട് വെള്ളത്തില്‍ മുങ്ങിയത്.
തനിച്ചായ കരുണാകരന് വെള്ളത്തിലൂടെ നടന്നും നീന്തിയുമാണ് ചമ്പക്കുളത്തെത്തിയത്. ഇവിടെനിന്നും വള്ളത്തില്‍ കരുണാകരനെ തിരുവമ്പാടി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കുകയായിരുന്നു. മകനും മറ്റു ബന്ധുക്കളും ഇപ്പോള്‍ എവിടെയാണെന്ന ആധിയിലാണ് കരുണാകരന്.
തുണ്ടു കടലാസിലെഴുതിയ മകന്റെയും മറ്റ് ബന്ധുക്കളുടേയും ഫോണ്‍ നമ്പരുകളിലേക്ക് പലരുടെയും ഫോണില്‍നിന്നു വിളിച്ചിട്ടും ഫലമില്ല. അവരെക്കുറിച്ചറിഞ്ഞോ എന്ന ചോദ്യവുമായി ആള്‍ക്കൂട്ടത്തിനിടയില്‍ കാതുകൂര്‍പ്പിക്കുകയാണ് കരുണാകരന്.
https://www.facebook.com/Malayalivartha