ബോട്ടില്‍ രക്ഷപ്പെട്ട് എത്തി, കടുവാക്കുളം ക്യാമ്പില്‍ ഒറ്റപ്പെട്ടു പോയ ലീന ഉറ്റവരോടൊപ്പം ചേര്‍ന്നു
പ്രളയം മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയ ലീനയെന്ന പെണ്‍കുട്ടിക്ക് ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ വാര്‍ത്ത തുണയായപ്പോള്‍ അവളെ തേടി ബന്ധുക്കള്‍ എത്തി. വാര്‍ത്ത കണ്ട് ലീനയുടെ മാതൃസഹോദരന്‍ ഷിബു ജോര്‍ജ് മസ്കറ്റില്‍ നിന്നും ബന്ധപ്പെട്ടാണ് കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം അയച്ചത്.
ഷിബുവിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് കുട്ടിയെ തേടി ആദ്യമെത്തിയത്. ഇവര്‍ക്ക് പിന്നാലെ ലീന പഠിക്കുന്ന സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ പ്രധാന അധ്യാപിക ട്രീസ സെബാസ്റ്റ്യനും അധ്യാപകരും എത്തി. കോട്ടയം കടുവാക്കുളം എമ്മാവൂസ് സ്കൂളില്‍ ബന്ധുക്കളും അധ്യാപകരും എത്തിയതോടെ വികാരനിര്‍ഭരമായ രംഗങ്ങളാണ് നടന്നത്. ലീനയെ കണ്ടതോടെ അധ്യാപകര്‍ക്ക് സന്തോഷമടക്കാനായില്ല. അധ്യാപകരുടെയും ലീനയുടെയും കൂടിക്കാഴ്ച ക്യാമ്പിലുള്ളവര്‍ക്കും ആനന്ദക്കണ്ണീര് സമ്മാനിച്ചു.
ആലപ്പാട് വര്‍ഗീസ്- ഷൈനി ദമ്പതികളുടെ മകളാണ് ലീന. പ്രളയം സര്‍വനാശം വിതച്ചതോടെ ലീനയും മാതാപിതാക്കളും എടത്വായിലെ വീട്ടില്‍ കുടങ്ങി. വെള്ളം ഉയര്‍ന്നു പൊങ്ങിയതിനാല്‍ ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. ഇതിനിടെ സ്ഥലത്ത് രക്ഷാബോട്ട് എത്തിയതോടെ അയല്‍വാസികളായ ജോയി-ലീലാമ്മ ദമ്പതികള്‍ക്കൊപ്പം ലീനയെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് ബോട്ടില്‍ കയറ്റിവിട്ടു. വീട്ടില്‍ താറാവുകള്‍ ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മാതാപിതാക്കള്‍ വീട്ടില്‍ തുടരുകയും ചെയ്തു.
ബോട്ടില്‍ രക്ഷപെട്ട് കടുവാക്കുളത്ത് ക്യാമ്പില്‍ എത്തി രണ്ടു ദിവസം പിന്നിട്ടിട്ടും ലീനയ്ക്ക് മാതാപിതാക്കളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ പെണ്‍കുട്ടി വിഷമത്തിലായി. മാതാപിതാക്കള്‍ സുരക്ഷിതരായിരിക്കണേ എന്ന പ്രാര്‍ഥനയില്‍ ലീന കഴിയുന്നതിനിടെയാണ് വാര്‍ത്ത ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.
പിന്നാലെ പോലീസും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ടു. ഫോണില്‍ മാതാപിതാക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും ഇവര്‍ സുരക്ഷിതമായി മരിയാപുരം കോയില്‍മുക്കിലെ ഒരു വീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെയാണ് ലീനയ്ക്ക് ശ്വാസം വീണത്. ലീന ഒറ്റപ്പെട്ട വിവരം അറിഞ്ഞെത്തിയ ബന്ധുക്കളായ തോമസും സൂസമ്മയും പെണ്‍കുട്ടിയെ നിരണത്തെ മാതൃഭവനത്തില്‍ എത്തിച്ചു. ലീനയുടെ സഹോദരന് ലിന്റോയും ഇവിടെ സുരക്ഷിതമായിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീ. എസ്ഐ ടി.ജെ.ബിനോയും സംഘവും രാവിലെ ലീനയെ കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനും ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയിരുന്നു. ഇവരുടെ കൂടി സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്.
ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കടുവാക്കുളം എമ്മാവൂസ് സ്കൂളിന്റെ പ്രധാന അധ്യാപകനായ ഫാ.ആന്‍ജോ കാരപ്പിള്ളില്‍, എംസിബിഎസ് കൗണ്‍സിലര്‍ ഫാ.ജോണി മഠത്തിപ്പറമ്പില്‍, പഞ്ചായത്ത് അംഗം ആനി മാമന് തുടങ്ങിയവരാണ് ലീനയ്ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം ഒരുക്കിയത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി അര്‍പ്പിച്ചാണ് ലീന ക്യാമ്പ് വിട്ടുപോയത്.
https://www.facebook.com/Malayalivartha