13 വര്‍ഷത്തെ ഓര്‍മ്മകള്‍ ബാക്കിയാക്കി, വിവാഹത്തിന് മുമ്പേ പ്രിയപ്പെട്ടവളെ തനിച്ചാക്കി പോകുന്നതിന് മുമ്പ് അവന് അവളോട് യാത്ര ചോദിച്ചിരുന്നു! എന്നിട്ടും അവള് അവനായി മണവാട്ടിയായി ഒരുങ്ങി!
നവംബര്‍ പതിനൊന്നിന് എനിക്ക് എത്താനായില്ലെങ്കില്‍ വിവാഹദിനത്തില്‍ നിനക്കണിയാനായി ഞാന്‍ തിരഞ്ഞെടുത്ത ആ വെളുത്ത ഗൗണ്‍ നീയണിയണം. മേക്കപ്പ് ചെയ്ത് അതിസുന്ദരിയായി കൈകളില്‍ വെളുത്ത റോസ് പിടിച്ച് മനോഹര ചിത്രങ്ങളെടുത്ത് എനിക്ക് അയക്കണം. ജക്കാര്‍ത്തയില്‍ നടക്കുന്ന സെമിനാറിനായി ഇറങ്ങുമ്പോള്‍ അങ്ങനെ പറയാന്‍ റിയോയ്ക്ക് തോന്നിയത് എന്തുകൊണ്ടാണെന്ന് ഇന്താന് സ്യാരിയ്ക്ക് അന്നും ഇന്നും മനസ്സിലായിട്ടില്ല. 13 വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുമുട്ടിയിതനു ശേഷം അവളും അവളുടെ പ്രിയതമന് റിയോയും ഒന്നിച്ചു കണ്ട സ്വപ്നങ്ങള്‍ അധികവും തങ്ങളുടെ വിവാഹദിനത്തേക്കുറിച്ചുള്ളതായിരുന്നു. എന്നിട്ടും വിവാഹദിനമായ നവംബര്‍ 11-ന് അവളോടൊപ്പമുണ്ടാവില്ലെങ്കില് എന്താണ് ചെയ്യേണ്ടതെന്ന് ഒരു നിര്‍ദേശം നല്കാന് അവന് തോന്നിയതെന്താണാവോ?
തമാശയെന്നോണം പറഞ്ഞ വാക്കുകളായിരുന്നിരിക്കാം അത്. പക്ഷേ അറംപറ്റിപ്പോയി ആ വാക്കുകള്‍. എങ്കിലും ആ വാക്കുകളെ മാനിച്ച് അവളൊരുങ്ങി നിന്നു വധുവായി..അവന് അവള്‍ക്കായി തിരഞ്ഞെടുത്ത മനോഹര ഗൗണില്‍. അവര്‍ ഒന്നിച്ച് സ്വപ്നം കണ്ട ആ വലിയ ദിനത്തില്‍.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്തോനേഷ്യക്കാരായ ഇന്താന് സ്യാരിയും ഡോ റിയോ നന്ദ പ്രതാമയും പരിചയപ്പെടുന്നത്. മിഡില്‍ സ്കൂള്‍ കാലഘട്ടത്തില്‍. സൗഹൃദം പതിയെ പ്രണയമായി വളര്‍ന്നു. ഒടുവില്‍ വിവാഹത്തിലേക്കും..നവംബര്‍ 11-നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിന് തൊട്ടുമുമ്പായിരുന്നു റിയോക്ക് ഒരു സെമിനാറിനായി ജക്കാര്‍ത്തയിലേക്ക് പോകേണ്ടിയിരുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയാക്കിയാണ് റിയോ ജക്കാര്‍ത്തയിലേക്ക് തിരിച്ചത്. യാത്രതിരിക്കും മുമ്പ് ഉള്‍വിളിയെന്നോണം സ്യാരിയെ ചൊടിപ്പിക്കാനായി ആ വാചകവും.
ജക്കാര്‍ത്തയിലെ സെമിനാര്‍ കഴിഞ്ഞ് വിവാഹത്തിനായി നാട്ടിലേക്ക് തിരിക്കുന്നതിടയിലാണ് റിയോയെ തേടി അപകടമെത്തിയത്. റിയോ ഉള്‍പ്പെടെ 189 പേരുമായി പറന്നുയര്‍ന്ന ലയണ്‍ എയര്‍ ഫ്ലൈറ്റ് ജെ റ്റി 610 അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ പോലും രക്ഷപ്പെട്ടില്ല.
വിവാഹദിനമെത്തിയതോടെ ഉള്ളിലെവേദന മറച്ചുപിടിച്ച് മണവാട്ടിയായി ഒരുങ്ങാന്‍ തന്നെ സ്യാരി തീരുമാനിച്ചു. വെള്ള ഗൗണും വെഡ്ഡിങ് റിങ്ങും അണിഞ്ഞ് റിയോയുടെ ആഗ്രഹപ്രകാരം അവളൊരുങ്ങി. അവന് പറഞ്ഞതുപോലെ ഫോട്ടോകളുമെടുത്തു. ആ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് അവളെഴുതി,
എന്റെ ദുഃഖം വാക്കുകളില്‍ വിവരിക്കാനാകില്ല. പക്ഷെ ഇന്ന് ഞാന്‍ നിനക്കായി ചിരിക്കുന്നു. ഞാന്‍ വിഷമിച്ചിരിക്കില്ല..നീയെന്നോട് പറഞ്ഞിരുന്നത് പോലെ കരുത്തയായിരിക്കും..എന്നും അങ്ങനെയായിരിക്കും.
വിവാഹത്തിന് അണിയേണ്ട വസ്ത്രങ്ങളെ കുറിച്ചും ഫോട്ടോഷൂട്ടിനെ കുറിച്ചുമെല്ലാം അവര്‍ നടത്തിയ സംഭാഷണങ്ങളെ കുറിച്ചും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പുകളില്‍ സ്യാരി പറയുന്നുണ്ട്. സ്യാരിയുടെ ആദ്യ പ്രണയമായിരുന്നു റിയോ.
https://www.facebook.com/Malayalivartha