പതിനെട്ടു വര്‍ഷം മുമ്പത്തെ ഭയപ്പെടുത്തുന്ന ഓര്‍മകളെ പുറന്തള്ളി ജനാധിപത്യപ്രക്രിയയില്‍ സധൈര്യം പങ്കെടുത്ത് അസ്ന മടങ്ങി
ചെറുവാഞ്ചേരിയിലെ അസ്ന പതിനെട്ടു വര്‍ഷം മുമ്പത്തെ നടുക്കുന്ന തെരഞ്ഞെടുപ്പ് ഓര്‍മയില്‍ ഇന്നു വീണ്ടും വോട്ടു ചെയ്തു. ആരും മറന്നു കാണില്ല അസ്നയെന്ന കൊച്ചു മിടുക്കിയെ. 2000 സെപ്റ്റംബര്‍ 27-ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തില്‍ അരങ്ങേറിയ ബോംബേറില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നക്ക് വലതുകാല്‍ നഷ്ടമാവുകയായിരുന്നു.
അസ്നയുടെ വീടിനു സമീപത്തെ ചെറുവാഞ്ചേരി പൂവത്തൂര്‍ ന്യൂഎല്‍പി സ്കൂള്‍ പരിസരത്തായിരുന്നു തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായത്. അക്രമിസംഘം എറിഞ്ഞ ബോംബുകളിലൊന്ന് ദൂരേക്ക് തെറിച്ചുവീണ് പൊട്ടി സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരി അസ്നയ്ക്കും സഹോദരനും പരിക്കേല്‍ക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ അസ്നയുടെ വലതുകാല്‍ പിന്നീട് മുറിച്ചു മാറ്റി. കൃത്രിമ കാലുമായി അസ്ന പിന്നീട് അതിജീവനത്തിന്റെ കൊടുമുടി നടന്നു കയറി! എംബിബിഎസിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ അസ്ന പഠനം പൂര്‍ത്തിയാക്കി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ്.
കോഴിക്കോട്ടെ എം ബി ബി എസ് പഠന കാലത്തിനിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അസ്ന നാട്ടില്‍ വോട്ടു ചെയ്യാനെത്തിയിരുന്നു. ഇന്നു രാവിലെ 6.15 ഓടെ മാതാപിതാക്കളോടും സഹോദരനോടൊപ്പവും പൂവത്തൂര്‍ ന്യൂ എല്‍പി സ്കൂളില്‍ അസ്ന വോട്ടു രേഖപ്പെടുത്തി. ഇതിനായി ഇന്നലെ രാത്രിയാണ് അസ്ന നാട്ടിലെത്തിയത്. ഉച്ചയോടെ കോഴിക്കോട്ടേക്ക് തിരിക്കും.
https://www.facebook.com/Malayalivartha