നാല്പതു വര്‍ഷത്തിനു മുമ്പ് നഷ്ടപ്പെട്ട സംസാരശേഷി തിരിച്ചു കിട്ടി; വീട്ടുകാര്‍ക്ക് അതിശയം അടക്കാനാവുന്നില്ല!
നാദാപുരത്തിനടുത്ത് അരൂരിലെ തോലേരി ബാബു, അരൂര്‍ കണ്ണംകുളം എല്‍പി സ്കൂളില്‍ 4-ല്‍ പഠിക്കുമ്പോള്‍ പെട്ടെന്ന് സംസാരശേഷി നഷ്ടമായി. അതോടെ സ്കൂള്‍ പഠനം നിര്‍ത്തി വീട്ടിലിരിക്കുകയായിരുന്നു. അതുവരെ കാണിച്ചിരുന്ന പ്രസരിപ്പ് നഷ്ടമായതായി അന്ന് സ്കൂളില്‍ പഠിച്ചിരുന്ന ചെത്തില്‍ കുമാരന് പറഞ്ഞു. പിന്നിട് ബാബുവിന്റെ ലോകം വീടും പരിസരവുമായി ഒതുങ്ങി. പരസഹായമില്ലാതെ പുറത്തേക്ക് പോകാതായി. സംസാരശേഷി ഇല്ലാത്തതിനാല്‍ ആരും ബാബുവിനോട് സംസാരിച്ചിരുന്നില്ല. ആംഗ്യത്തിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കിയിരുന്നത്.
നാല് പതിറ്റാണ്ട് നീളുന്ന മൗനത്തിനൊടുവില്‍, ഇപ്പോള്‍ 52-കാരനായ തോലേരി ബാബു കഴിഞ്ഞദിവസം വൈകിട്ട് എല്ലാവരേയും ഞെട്ടിച്ചു. വീട്ടില്‍ നിന്ന് ബാബു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സഹോദരന് രാജന് 'എങ്ങോട്ട് പോകുന്നു' വെന്ന് ചോദിച്ചു. അതിന് ബാബു വായ തുറന്നാണ് പ്രതികരിച്ചത്. 'ചെത്തില്‍ പോകണം ' എന്ന മറുപടി കേട്ട് രാജനൊപ്പം വീട്ടുകാരും ഞെട്ടി. മറ്റൊരു സഹോദരനായ കൃഷ്ണന്റെ വിടാണ് 'ചെത്തില്‍ വീട്'. 2 പറമ്പിന് അപ്പുറത്തെ ചെത്തില്‍ വീട്ടിലെത്തിയപ്പോള്‍ കൃഷ്ണന്റെ ഭാര്യ സുജാതയ്ക്ക് കാര്യങ്ങള്‍ വിശ്വസിക്കാനായില്ല. 'എന്താ വന്നേ ' എന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ പോന്നതാ' എന്ന് ബാബു പറഞ്ഞു. ഇതോടെ വീട്ടില്‍ സന്തോഷത്തിന്റെ ആരവമുയര്‍ന്നു. 42 വര്‍ഷത്തിലേറെ കാലം കേള്‍ക്കാത്ത ശബ്ദം അനുഭവിച്ചറിയുകയായിരുന്നു. 2 ദിവസമായി ചെത്തില്‍ വീട്ടിലാണ് ബാബുവിന്റെ താമസം.
10 -ാം വയസില്‍ പൊടുന്നനെ സംസാരശേഷി നഷ്ടമായതിനു ശേഷം ബാബുവിന്റെ ശബ്ദം ആദ്യമായി കേട്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും. അവരെല്ലാം ബാബു സംസാരിക്കുന്നത് കേള്‍ക്കാന്‍ ഓരോ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു. അതിനെല്ലാം കുറഞ്ഞൊരു സങ്കോചത്തോടെ ബാബു മറുപടിയും പറഞ്ഞു.
ഇപ്പോള്‍ കണ്ണിന് മങ്ങലും കേള്‍വിക്കുറവും ഉണ്ട്. അതിന്റെ വിഷമത്തിലാണ് ബാബു. ആശുപത്രിയിലും മറ്റും പോയിരുന്നത് വാഹനത്തിലായിരുന്നു. ഛര്‍ദി കാരണം വാഹനത്തില്‍ അധികം സഞ്ചരിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്നലെ സുജാതയ്ക്കുമൊപ്പം കുന്നുമ്മല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ടു. അത്രയും ദൂരം സഞ്ചരിച്ചിട്ടും ഛര്ദിച്ചില്ലെന്ന് സുജാത പറഞ്ഞു. 4 പതിറ്റാണ്ടിന് ശേഷം സംസാരിച്ച ബാബുവിനെ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.സിന്ധു വിശദമായി പരിശോധിച്ചു. ബാബുവില്‍ അത്ഭുതകരമായി ഒന്നും കണ്ടില്ല.
എന്നാല്‍ മെഡിക്കല്‍ സയന്‍സില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. ബാബുവിന്റെ ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുളള തിരക്കും തുടങ്ങി.
ബാബുവിനോട് വിശേഷങ്ങള്‍ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാര്‍. ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ഉത്തരവും ബാബു നല്‍കുന്നുണ്ട്. വിവരമറിഞ്ഞെത്തിയവരോട് 'ചായ കഴിച്ചു പോകാ'മെന്ന് അക്ഷര സ്ഫുടതയോടെയാണ് ബാബു പറഞ്ഞത്. വിദേശത്തു നിന്നു വിളിക്കുന്ന ബന്ധുക്കളോടും ഫോണില്‍ കൃത്യമായി മറുപടി നല്കുന്നു.
https://www.facebook.com/Malayalivartha