ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് നിതാ അംബാനിയ്ക്ക് സ്വന്തം...
അംബാനിമാരുടെ ഓരോ ആഡംബരങ്ങളെയും കുറിച്ചുള്ള കഥകള്‍ വളരെയധികം കൗതുകത്തോടെയാണ് സാധാരണക്കാര്‍ കേള്‍ക്കാറുള്ളത്. ഇതാ അക്കൂട്ടത്തിലേക്ക് പുതിയൊരു വിശേഷവും കൂടി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ബാഗ് ആണ് കഥയിലെ താരം. ലണ്ടനില്‍ വച്ച് താരങ്ങളായ കരിഷ്മ കപൂറിനും കരീന കപൂറിനുമൊപ്പം എടുത്ത ഒരു ചിത്രമാണ് ഈ ബാഗിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് ഫാഷന്‍ പ്രേമികളെയെത്തിച്ചത്.
പ്രമുഖ ബ്രാന്‍ഡായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാൻഡാണ്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിർകിന്‍ സ്വന്തമാണ്. അധികവും ഹോളിവുഡിലെ താരറാണിമാരാണ് ഇവ സ്വന്തമാക്കാറുള്ളതും. ഇനി ബാഗിന്റെ വില പറയാം. അധികമൊന്നുമില്ല, 2 കോടി 63 ലക്ഷം രൂപ (2,63,83,286) മാത്രം. ആഡംബരമെന്ന് പറഞ്ഞുകേട്ടപ്പോഴും ഇത്രയൊന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫാഷന്‍ മേഖലയില്‍ താല്പര്യമുള്ളവര് പോലും പറയുന്നത്. ഇത്രയേറെ വിലയുള്ള ബാഗായിട്ട് കൂടി, കാണാന്‍ അത്ര പോരെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല് ഉപയോഗിച്ചാണ് ബാഗ് നിർമിക്കുന്നത്. ഈ തോലിൽ നിറം നൽകുന്നത് സങ്കീർണമായ പ്രവൃത്തി ആയതിനാൽ വർഷത്തിൽ രണ്ട് ബിർകിൻ ബാഗുകളായിരിക്കും കമ്പനി നിർമിക്കുക. അതുകൊണ്ടു തന്നെ ബാഗ് സ്വന്തമാക്കാൻ ചിലപ്പോൾ വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ വേറെയും കടമ്പകളുണ്ട്. കമ്പനി മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ പാലിക്കണം. വാങ്ങാൻ വരുന്നവർക്ക് കമ്പനിയുമായുള്ള ബന്ധവും പരിഗണിക്കും. ഓരോ വർഷവും വില കൂടികൊണ്ടിരിക്കുന്ന ബിർക്കിൻ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്.
ഒരു വിമാനയാത്രയിൽ അടുത്തിരുന്ന ജെൻ ബിർകിൻ എന്ന ഹോളിവുഡ് നടിയുമായി സംസാരിച്ചതിൽ നിന്നാണ് ഹെർമസിന്റെ ചീഫ് എക്സിക്യൂട്ടീവ് ജീൻ ലൂയിസ് ഡമാസിന് ഇത്തരമൊരു ബാഗ് ഡിസൈന്‍ ചെയ്യാനുള്ള ആശയം ലഭിക്കുന്നത്. 1984–ലാണ് ആദ്യത്ത ബിർകിൻ ബാഗ് നിര്‍മിക്കുന്നത്. ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡല്‍ ബാഗാണ് കരീന കപൂർ ഉപയോഗിക്കുന്നത്. ദീപിക പദുകോൺ, സോനം കപൂർ എന്നിവർക്കും ബിർകിൻ ബാഗുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha