പിന്നിലേയ്ക്ക് വിളിച്ച ഭര്‍ത്താവിന്റെ കൈ തട്ടിമാറ്റി താന്‍ രക്ഷിച്ച ആ കുഞ്ഞിനെ കാണാന്‍ സ്വപ്നയ്ക്ക് മോഹം!
അബുദാബി എന്‍എംസി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന സ്വപ്ന മാത്യുവിന് മികച്ച നഴ്സുമാര്‍ക്കുള്ള എയ്ഞ്ചല്‍ അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചു. സ്വപ്നയുടെ കൂടെ ജോലി ചെയ്യുന്ന സുജയുടെ ഭര്‍ത്താവായ ബിജോ ആണ് സ്വപ്നയെ നാമനിര്‍ദ്ദേശം ചെയ്തത്. സ്വപ്നയുടെ അവസരോചിതമായ ഇടപെടലിലൂടെ ഒരു ആറു വയസ്സുകാരന്റെ ജീവന് രക്ഷപ്പെടാന്‍ ഇടയായ സംഭവമാണ് അതിന് ബിജോയെ പ്രേരിപ്പിച്ചത്.
2017 നവംബര്‍ നാലിനായിരുന്നു അത് നടന്നത്. ഭര്‍ത്താവ് പ്രശാന്തും മക്കളുമൊത്ത് മദീനത്ത് സായിദിലെ ലുലുമോളില്‍ ഷോപ്പിങ്ങിനു പോയതാണ് കണ്ണൂര്‍ സ്വദേശിനിയായ സ്വപ്ന മാത്യു. ഷോപ്പിങ്ങിനിടെ, ആറു വയസ്സു തോന്നിക്കുന്ന ഒരു ബാലന് തറയില്‍ കിടന്ന് പുളയുന്നതും അവന്റെ പിതാവ് അലമുറയിട്ടു കരയുന്നതും കണ്ടാണ് സ്വപ്ന ഓടിയെത്തിയത്.
ലോലി പോപ് മിഠായി തൊണ്ടയില്‍ കുരുങ്ങി കരയുകയാണു ബാലന്. സ്വപ്ന പെട്ടെന്നു തന്നെ കുഞ്ഞിനെ കാലില്‍ കിടത്തി അടിയന്തര ഘട്ടത്തില്‍ ചെയ്യുന്ന ബേസിക് ലൈഫ് സപ്പോര്‍ടിന്റെ ഭാഗമായുള്ള സ്ലാപ് (പുറത്തു തട്ടല്‍) നല്കി. കുറച്ചു തട്ടിക്കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയ മിഠായി നുരയും പതയ്ക്കുമൊപ്പം പുറത്തു ചാടി. അവന് ശ്വാസം എടുക്കാന്‍ തുടങ്ങി.
സ്വപ്നയുടെ ഭര്‍ത്താവ് തുടക്കം മുതല്‍ ഇതില്‍ ഇടപെടേണ്ടായെന്ന് സൂചിപ്പിച്ചുകൊണ്ട് പിന്നില്‍ നിന്നു വലിക്കുന്നുണ്ടായിരുന്നു. ആ കൈ തട്ടിമാറ്റിയിട്ടാണ് ബാലനെ ജീവതത്തിലേക്ക് തിരികെയെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞതോടെ ഭര്‍ത്താവ് പ്രശംസിച്ചെങ്കിലും അങ്ങനെ ചെയ്യുന്നതിലെ അപകടത്തെക്കുറിച്ചും സ്വപ്നയ്ക്ക് പറഞ്ഞുകൊടുത്തു. ഇങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ അത്യാഹിതം സംഭവിച്ചാല്‍ ആശുപത്രിക്കാര്് ഉത്തരവാദിത്തം ഏറ്റെടുക്കില്ല. നഴ്സാണെന്നതിന്റെ ഒരു രേഖയും അപ്പോള്‍ കൈയിലുണ്ടായിരുന്നില്ല.
പൊലീസ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമാവും വിശദീകരണത്തിന് അവസരം കിട്ടുക. പക്ഷേ ഇതൊന്നും അപ്പോള്‍ ഓര്‍ത്തില്ലെന്ന് സ്വപ്ന പറഞ്ഞു. ആ കുഞ്ഞിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. വിവരങ്ങള്‍ തിരക്കാന്‍ കഴിയുന്നതിനു മുന്‍പേ ആ കുടുംബം പോയി.
പാക്കിസ്ഥാന്‍കാര്‍ ധരിക്കുന്നതുപോലുള്ള നീലനിറത്തിലുള്ള വേഷമാണ് ആ പിതാവ് ധരിച്ചിരുന്നത്. ഹംസ എന്ന് ഇളയകുഞ്ഞിനെ വിളിക്കുന്നതും കേട്ടു. ഇതു മാത്രമാണ് അറിയാവുന്നത്. അടുത്തദിവസം ആശുപത്രിയില്‍ എത്തിയപ്പോള്‍ ജര്‍മന്‍കാരിയായ ഡോക്ടറോട് വിവരം പറഞ്ഞു. പിന്നീട് ആ ഡോക്ടറാണ് ഈ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് ആശുപത്രി അധികൃതരെ അറിയിച്ചത്. അവര്‍ അനുമോദിച്ചു. നഴ്സുമാര്‍ക്ക് രാജ്യാന്തര തലത്തില്‍ ലഭിക്കുന്ന ഡെയ്സി അവാര്‍ഡും സ്വപ്നയ്ക്കു ലഭിച്ചു.
ബിജോ
'എനിക്ക് ആ കുഞ്ഞിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ലുലുവിന്റെ സിസിടിവിയില്‍ ഒരുപക്ഷേ ഈ ദൃശ്യങ്ങള്‍ ഉണ്ടാകും. എന്നെങ്കിലും കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ..'' മൂന്നു മക്കളുടെ അമ്മ കൂടിയായ സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha