അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു മുംബൈ തെരുവോരത്തെ ഈ കുട്ടികള്‍!
എന്‍ബിസി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഒരു നൃത്തപ്രകടനം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. വിധികര്‍ത്താക്കള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പോയി എന്നു പറഞ്ഞാല്‍ അത് സത്യം മാത്രമാണ്. നൃത്തപ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 12 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ള മത്സരാര്‍ത്ഥികളാണ് വേദിയില്‍ വിസ്മയം തീര്‍ത്തത്.
മുംബൈയിലെ തെരുവോരങ്ങളില്‍ താമസക്കാരായ കുടുംബത്തില്‍ ജനിച്ച കുട്ടികളുടേതായിരുന്നു ഈ അദ്ഭുതപ്രകടനം. തലകീഴായി പറന്നും ചാടി മറിഞ്ഞും കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രകടനമാണ് ഇവര്‍ നടത്തിയത്. വൈദ്യുതി പോലും എത്താത്ത, മലിനമായ അന്തരീക്ഷത്തില്‍ വളര്‍ന്നവരാണ് തങ്ങളെന്ന് ടീമിലെ ഒരു മത്സരാര്‍ത്ഥി കഴിഞ്ഞ പ്രകടനത്തില്‍ തുറന്നു പറഞ്ഞിരുന്നു.
ചേരികളിലെ വീടുകളില്‍ ഒരു മുറിയില്‍ തന്നെ പത്തു പേര് വരെ താമസക്കാരായി ഉണ്ടാകുമെന്നും അത്തരം ചുറ്റുപാടുകളില്‍ ജീവിക്കുന്നതിന്റെ സങ്കടങ്ങള്‍ മുഴുവന്‍ നൃത്തം ചെയ്യുമ്പോഴാണ് മാറുന്നതെന്നും ഇവര്‍ പറയുന്നു.
റിഹേഴ്സലിനിടയില്‍ ഉണ്ടായ ഒരു വീഴ്ചയില്‍ തങ്ങളെ വിട്ടുപിരിഞ്ഞ വികാസ് എന്ന യുവാവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇതു പോലുള്ള ഒരു വേദിയെന്നും അവന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ പ്രകടനമെന്നും ആമുഖമായി പറഞ്ഞാണ് ഈ ഞെട്ടിക്കുന്ന നൃത്തം ഇവര്‍ ചെയ്തത്.
https://www.facebook.com/Malayalivartha