കാട്ടാക്കടയിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്ത് ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്...
കാട്ടാക്കടയിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടൽ കാരണം തൊഴിലാളി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.
നെയ്യാർഡാം കിക്മ കോളേജ് കോമ്പൗണ്ടിൽ തൊഴിലുറപ്പ് ജോലിക്കായാണ് ഭുവനചന്ദ്രൻ നായരും സംഘവും എത്തിയത്. ജോലിചെയ്യുന്നതിനിടയിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റുകയായിരുന്നു. സംഭവം കണ്ട് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ പാമ്പിന്റെ കഴുത്തിലും വാലിലും പിടിച്ചുവലിച്ച് പാമ്പിനെ കഴുത്തിൽ നിന്നു വേർപെടുത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. അല്പസമയംകൂടി പാമ്പ് ചുറ്റിയിരുന്നുവെങ്കിൽ ഇയാളുടെ ജീവന് തന്നെ ഭീഷണിയാവുമായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്ക് കയറ്റി വിട്ടു.
https://www.facebook.com/Malayalivartha