ജോലിക്കെത്താന്‍ ദിനവും 40 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തുന്ന എഎസ്ഐ-യെ കുറിച്ച് നാടിന് അഭിമാനം
കോവിഡ് കാലത്ത് നാട്ടുകാര്‍ക്കും സേനയ്ക്കും അഭിമാനമാവുകയാണ് കണ്ണൂര്‍ നര്‍കോട്ടിക് ഡിവൈഎസ്പി ഓഫിസില്‍ ജോലി ചെയ്യുന്ന ബാവുപ്പറമ്പ് സ്വദേശി കെ.വി.പ്രസാദ്. ലോക്ഡൗണ്‍ കാലത്ത് ദിവസവും 40 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് ഈ പൊലീസ് എഎസ്ഐ ജോലിക്കെത്തി മടങ്ങുന്നത്. ജോലി കഴിഞ്ഞു നാട്ടുകാര്‍ക്ക് ആവശ്യമുള്ള മരുന്നുകളും വാങ്ങിയാണ് തിരിച്ചു പോകുന്നത്.
വാഹനങ്ങളുടെ വേഗം പരിശോധിക്കുന്ന സ്ക്വാഡിലാണു ജോലി. ഇപ്പോള്‍ അതിന്റെ ആവശ്യമില്ലാത്തതിനാല്‍ മറ്റു ജോലികളിലാണ്. തളിപ്പറമ്പിലാണു താമസം. വീട്ടില്‍ നിന്നു കണ്ണൂരിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ 7.45-ന് സൈക്കിളില്‍ പുറപ്പെട്ടാല്‍ ഒരു മണിക്കൂര്‍ കൊണ്ടു കണ്ണൂരിലെത്തും. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതും സൈക്കിളില്‍ തന്നെ.
കൊറോണക്കാലത്ത് നിയന്ത്രണങ്ങളുള്ളതിനാല്‍ വീട്ടിലെ സ്വന്തം കാറും ബൈക്കും ഉപയോഗിക്കാതെ സൈക്കിളെടുത്തു ജോലിക്കു പോകാന്‍ തീരുമാനിക്കുകയായിരുന്നു പ്രസാദ്. നാട്ടുകാര്‍ക്ക് ആര്‍ക്കെങ്കിലും മരുന്ന് ആവശ്യമുണ്ടെങ്കില്‍ ഇതേ സൈക്കിളില്‍ തന്നെയാണു വീട്ടില്‍ എത്തിച്ചുകൊടുക്കുന്നത്. 22 വര്‍ഷമായി പൊലീസില്‍ ജോലി ചെയ്യുന്നു. രാജ്യം ലോക്ഡൗണ്‍ ആയതുമുതല്‍ സൈക്കിളിലാണു പ്രസാദിന്റെ യാത്ര.
https://www.facebook.com/Malayalivartha