സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി ഹൗസ് സര്ജന് സഹായധനം സമാഹരിച്ചു കൈമാറി
മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന് കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് ജൗഹര്‍ ലോക്ഡൗണ്‍ കാലത്ത് സഹപാഠികളുടെയും അധ്യാപകരുടെയും മുടിവെട്ടി സമാഹരിച്ചത് 8000 രൂപ. ആ തുക പാലിയേറ്റീവ് കെയറിന്റെ ഇംപ്രിന്റ്സ് പദ്ധതിക്ക് കൈമാറി.
ലോക്ഡൗണ്‍ കാലത്ത് നൂറോളം സഹപാഠികളുടെ മുടിയാണ് വെട്ടിയത്. വീട്ടില്‍ അനിയന്റെ തലമുടി വെട്ടിയിരുന്നത് ജൗഹറാണ്. സംഗതി കൊള്ളാമെന്ന് അനിയന് സാക്ഷ്യപ്പെടുത്തി. എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സഹമുറിയന്മാരായ ഇര്‍ഫാന്റെയും സുജിത്തിന്റെയും തലമുടി ഷെയ്പ്പ് ചെയ്യാന്‍ ജൗഹര്‍ കത്രിക എടുത്തിരുന്നു. പതിയെപ്പതിയെ ഹോസ്റ്റലിലെ കൂട്ടുകാരില്‍ ചിലരുടെ തലയില്‍ ജൗഹര്‍ കൈവയ്ക്കാന്‍ തുടങ്ങി.
മാര്‍ച്ച് 6-ന് ഫൈനല്‍ പരീക്ഷ തീര്‍ന്നതോടെ എല്ലാവരും വീടുകളിലേക്ക് പോയി. ലോക്ഡൗണ്‍ തുടങ്ങിയതോടെ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചു. മാര്‍ച്ച് 26-ന് പരീക്ഷാഫലം വന്നു. ഇതിനിടെ ഹോസ്റ്റലിലെ കൂട്ടുകാര്‍ മുടിവെട്ടാന്‍ വാട്സാപ് വഴി ജൗഹറിനു മെസേജ് അയയ്ക്കുന്നുണ്ടായിരുന്നു. ഏപ്രില്‍ 15-ന് ഇന്റേണ്‍ഷിപ്പ് തുടങ്ങിയതോടെ ഹോസ്റ്റലില്‍ തിരികെയെത്തി ഏപ്രില്‍ 16-ന് ആവശ്യക്കാരുടെ മുടിവെട്ടിത്തുടങ്ങി. ജൗഹറിന്റെ ഒഴിവുസമയത്താണ് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുതല്‍ അസി.പ്രഫസര്‍ വരെയുള്ള പലരും ഹോസ്റ്റലിലെത്തി മുടിവെട്ടിയത്. ഇതുവരെ സൗജന്യമായാണ് ജൗഹര്‍ എല്ലാവരുടെയും മുടിവെട്ടിയിരുന്നത്.
കോളജ് യൂണിയന്, ഹീമോഫീലിയ പോലുള്ള രോഗബാധിതരായ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന ഇംപ്രിന്റ്സ് എന്ന പദ്ധതിക്ക് ലോക്ഡൗണായതിനാല്‍ പണശേഖരണം നടന്നിരുന്നില്ല. വാട്സാപ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം കണ്ടപ്പോഴാണ് മുടിവെട്ടി പണം സമാഹരിച്ച് കൈമാറുകയെന്ന ആശയമുദിച്ചത്. വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ വലിയ തുകകള്‍ കൈമാറി. 8000 രൂപ തികഞ്ഞപ്പോള്‍ ഇംപ്രിന്റ്സിന്റെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചു.
ഈ കഥ മെഡിസിന് വിഭാഗത്തിലെ അധ്യാപകന് പ്രഫ. ഹക്കീം ചെറിയപെരുന്നാള്‍ ദിവസം ഫെയ്സ്ബുക്കിലിട്ടതോടെയാണ് ജൗഹറിന്റെ കത്രികപ്രയോഗം കോളജില്‍ പ്രശസ്തമായി.
https://www.facebook.com/Malayalivartha