ചരിത്രത്തില്‍ ഗവേഷണം ചെയ്യണം, അധ്യാപികയാകണം...പക്ഷേ ഇപ്പോള്‍ തെങ്ങുകയറുകയാണ് ശ്രീദേവി!
കോട്ടയ്ക്കല്‍ കാടാമ്പുഴ മുക്കലംപാട്ട് വടക്കേതില്‍ ഗോപാലന് തെങ്ങുകയറ്റ തൊഴിലാളിയാണ്. ആസ്മ രോഗിയാണെങ്കിലും ഭാര്യയും 3 പെണ്മക്കളും ഉള്ള കുടുംബത്തെ പോറ്റണമെങ്കില്‍ തൊഴിലില്‍ തുടര്‍ന്നേ പറ്റുകയുള്ളൂ.
ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളജില്‍ അവസാന വര്‍ഷ ബിഎഡ് വിദ്യാര്‍ഥിനിയായ മൂത്തമകള്‍ ശ്രീദേവി (24) കഴിഞ്ഞ മാര്‍ച്ച് 11-ന് ഹോസ്റ്റലില്‍നിന്നു വീട്ടിലെത്തിയതാണ്. നേരത്തേ ട്യൂഷന് കേന്ദ്രത്തിലും അക്ഷയ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന ശ്രീദേവി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അത്തരം വഴികളെല്ലാം അടഞ്ഞ് വീട്ടില്‍ കുടുങ്ങി.
വെറുതേ ഇരിക്കാതെ വരുമാനമുണ്ടാക്കാന്‍ എന്താണ് ചെയ്യാന്‍ പറ്റുക എന്ന ചിന്ത കൊണ്ടുവന്ന ആശയമാണ് തെങ്ങില്‍ കയറ്റം. ആഗ്രഹം മാതാപിതാക്കളോട് പങ്കുവച്ചു. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ മകളുടെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി. ഇപ്പോള്‍ തെങ്ങുകയറ്റ ജോലിചെയ്ത് കുടുംബത്തിനു താങ്ങാവുകയാണ് ഈ ബിഎഡ് വിദ്യാര്‍ഥിനി.
അച്ഛനെ സഹായിക്കണമെന്ന് ശ്രീദേവി ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ്. ഇപ്പോള്‍ രാവിലെ 6ന് വീട്ടില്‍നിന്നിറങ്ങും. 11 വരെ തെങ്ങില്‍ കയറും. ഇതിനിടെ തേങ്ങയിടാന്‍ ദൂരസ്ഥലങ്ങളിലേക്കു പോകാന്‍ ഒരു ഓട്ടോറിക്ഷ തന്നെ വാങ്ങി. ഡ്രൈവിങ്ങും പഠിച്ചു.
ഇപ്പോള്‍ ഓട്ടോയിലാണ് അച്ഛനും മകളും തേങ്ങയിടാന്‍ പോകുന്നത്. 3 പെണ്മക്കളായതിനാല് തെങ്ങുകയറ്റക്കാരനായ ഗോപാലന് ജോലിയില്‍ മക്കളുടെ സഹായം കിട്ടുമെന്ന ചിന്തയേ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ഈ ധാരണ ഗോപാലന് മാറിക്കിട്ടി.
ഇനി ബാക്കിയുള്ള സമയത്തും ഓട്ടോ ഓടിച്ചാലോ എന്ന ആലോചനയുമുണ്ട്. ഇതൊക്കെയാണെങ്കിലും, കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസില്‍നിന്ന് എംഎ പാസായ ശ്രീദേവിയുടെ ജീവിതാഭിലാഷം മറ്റൊന്നാണ്. ചരിത്രത്തില്‍ ഗവേഷണം ചെയ്യണം, അധ്യാപികയാകണം. അമ്മ ഉഷയും എല്ലാ പിന്തുണയും നല്കി കൂടെയുണ്ട്.
https://www.facebook.com/Malayalivartha