പൂട്ടാത്ത കൂട്ടിലാണെങ്കിലും അബ്ദുല്ലക്കുട്ടി ഇല്ലാത്ത ആകാശം വേണ്ടെന്ന് വച്ച് ആ ലൗ ബേര്‍ഡ്സ്!
പ്രവാസ ജീവിതം കഴിഞ്ഞെത്തിയ തൃശ്ശൂര്‍ ചേര്‍പ്പിലെ അബ്ദുല്ലക്കുട്ടി കൃഷിയെയും പ്രകൃതിയെയും പക്ഷികളെയും സ്നേഹിക്കുന്നു. കൊച്ചുമക്കളെ സന്തോഷിപ്പിക്കാനായി 3 വര്‍ഷം മുന്‍പ് ഇദേഹം 4 ലൗ ബേര്‍ഡ്സിനെ വാങ്ങി. പക്ഷേ അടച്ചിട്ട കൂട്ടില്‍ പക്ഷികളെ വളര്‍ത്തുന്നതില്‍ അബ്ദുല്ലക്കുട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല.
അവയോട് ദിവസവും സ്നേഹസല്ലാപം നടത്തിയാണ് പക്ഷികളെ വളര്‍ത്തിയത്. വര്ണക്കിളികള് കമ്പിവലയിട്ട കൂടിന്റെ വിടവിലൂടെ കൊക്ക് പുറത്തിട്ട് അബ്ദുല്ലക്കുട്ടിയുടെ ചുണ്ടില്‍ മുത്തം നല്കുന്ന നിലയില്‍ സ്നേഹം വളര്‍ന്നു. കൂട്ടിലിടുന്നതില് വിഷമം തോന്നിയതോടെ ഇദ്ദേഹം ലൗ ബേര്‍ഡ്സിന്റെ കൂടിന്റെ വാതില്‍ തുറന്നിട്ടു. പറന്നു പോയി സ്വതന്ത്രമായി ഇവ ജീവിക്കട്ടെ എന്നായിരുന്നു ചിന്ത.
പക്ഷേ, അബ്ദുല്ലക്കുട്ടിയുടെ സ്നേഹത്തിന്റെ കാണാച്ചരടു പൊട്ടിച്ചു പറക്കാന്‍ കിളികള്‍ മുതിര്‍ന്നില്ല. 3 വര്‍ഷമായിട്ടും തുറന്നിട്ട കൂട്ടില്‍ നിന്നു പുറത്തേക്കിറങ്ങാതെ ലൗ ബേര്‍ഡ്സ് ജീവിക്കുന്നു. ഇതില്‍ ഒരു കിളി ഇപ്പോള്‍ 7 മുട്ടകള്‍ ഇട്ടിട്ടുണ്ട്. അതു വിരിയുന്നതും കാത്തിരിക്കുകയാണ് അബ്ദുല്ലക്കുട്ടി.
സാധാരണ ലൗ ബേര്‍ഡ്സ് മനുഷ്യരുമായി ഇത്രയധികം ഇണങ്ങാറില്ലെന്നും അവസരം ലഭിച്ചാല്‍ ഇവര്‍ പറന്നു പോവുകയാണ് പതിവെന്നും ഇത്തരം കിളികളെ വളര്‍ത്തുന്നവര്‍ പറയുന്നു. വിശാലമായ ആകാശത്തേക്കാള്‍ ആ കിളികള്ക്കിഷ്ടം ചെറുചേനം പള്ളിതോട്ടുങ്ങല്‍ അബ്ദുല്ലക്കുട്ടിയുടെ സ്നേഹമാണ്. അതുകൊണ്ടുതന്നെ കൂടു തുറന്നിട്ടിട്ടും അവര്‍ പോകുന്നില്ല.
വീട്ടുമുറ്റത്തു നല്ല രീതിയില്‍ മുന്തിരിക്കൃഷിയും നടത്തുന്ന ഇദ്ദേഹം വീട്ടുമതിലില്‍ വഴിയാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha