നിനയ്ക്കാതെ എത്തിയ സന്തോഷം, പാവപ്പെട്ടവര്‍ക്കു നല്കാന് മാണി സി.കാപ്പന്റെ കുടുംബം വാങ്ങിയ സ്ഥലത്ത് അംബികയ്ക്ക് വീടൊരുങ്ങും!
മീനച്ചിലാറ്റിലെ കിടങ്ങൂര്‍ പാലത്തിന്റെ അടിയില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന അംബിക (50) യ്ക്ക് സന്തോഷം കൊണ്ട് വാക്കുകള്‍ മുറിഞ്ഞു.
2 ഷെഡുകളിലായി താമസിച്ചിരുന്ന കുടുംബാംഗങ്ങള്‍ നിനയ്ക്കാതെ എത്തിയ ഭാഗ്യത്തില്‍ വിതുമ്പി.
വര്‍ഷങ്ങളായി മീനച്ചിലാറിന്റെ ഇരമ്പല്‍ കേട്ടു ഭീതിയോടെ പാലത്തിന് അടിയില്‍ കഴിഞ്ഞ 16 അംഗങ്ങളെപ്പറ്റി ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത മഹാത്മാഗാന്ധി നാഷനല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്, മാണി സി.കാപ്പന് എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തി.
സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എംപിയുമായിരുന്ന പിതാവ് ചെറിയാന് ജെ.കാപ്പന്റെയും മാതാവ് ത്രേസ്യാമ്മ കാപ്പന്റെയും സ്മരണയ്ക്കായി പാവപ്പെട്ടവര്‍ക്കു നല്കാന് 53 സെന്റ് സ്ഥലം ഇടപ്പാടിയില്‍ വാങ്ങിയിട്ടുണ്ടായിരുന്നു. 2 കുടുംബങ്ങള്‍ക്കും 3 സെന്റ് സ്ഥലം വീതം പാലാ ഇടപ്പാടിയില്‍ സൗജന്യമായി നല്‍കുമെന്ന് മാണി സി.കാപ്പന് തീരുമാനിച്ചു. സ്ഥലം നല്‍കാനുള്ള മാണി സി.കാപ്പന്റെ തീരുമാനത്തെ സഹോദരന് ചെറിയാന് സി.കാപ്പനും പൂര്‍ണമനസ്സോടെ പിന്തുണച്ചു.
സൗജന്യമായി ഇവര്‍ക്കു നല്കുന്ന സ്ഥലത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ വീടു വച്ചു നല്കുന്ന കാര്യവും രജിസ്ട്രേഷന് നടപടികളും സര്‍ക്കാരുമായി ആലോചിച്ച് പൂര്‍ത്തിയാക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യം ഇല്ലായിരുന്നു. കാരിത്താസ് ആശുപത്രി അധികൃതര്‍ കുട്ടികള്‍ക്കു പഠനസൗകര്യത്തിനായി ഇന്നു ടാബ്ലെറ്റ് കൈമാറുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് അറിയിച്ചു.
2 കുടുംബങ്ങളിലെ 5 സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് പാലത്തിനടിയില്‍ താമസിച്ചിരുന്നത്. സ്കൂള്‍ തുറന്നിരിക്കുന്ന സമയത്തു കുട്ടികള്‍ സ്കൂള്‍ ഹോസ്റ്റലിലും ബാലസദനങ്ങളിലും നിന്നാണു പഠിച്ചിരുന്നത്.
https://www.facebook.com/Malayalivartha