സ്വകാര്യ കമ്പനിയിലെ ജോലി രാജിവച്ച് സിവില്‍ സര്‍വീസിനായി പരിശ്രമിച്ച സ്മില്‍ന സ്വപ്നമെത്തിപ്പിടിച്ചു!
7 വര്‍ഷത്തെ പരിശ്രമവും നാല് വര്‍ഷത്തെ കഠിന പരിശ്രമവും... കണ്ണൂര്‍ മമ്പറം കീഴത്തൂര്‍ സ്വദേശിനി സ്മില്‍ന സുധാകറോട് തന്റെ സിവില്‍ സര്‍വീസ് വിജയത്തിനു പിന്നിലെ രഹസ്യം എന്തെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണിത്! സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ 458-ാം റാങ്കാണ് സ്മില്‍ന നേടിയത്. കൂടാതെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ 69-ാം റാങ്കും നേടി.
പഠന കാലത്ത് നാഷനല്‍ സര്‍വീസ് സ്കീമില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ പ്രചോദനമാണ് സിവില്‍ സര്‍വീസിലേക്ക് നയിച്ചത്. കീഴത്തൂരിലേയും മമ്പറത്തേയും സ്കൂളുകളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പാസായി. പിന്നീടാണ് സിവില്‍ സര്‍വീസിലേക്ക് ശ്രദ്ധ തിരിയുന്നത്.
2016-ല്‍ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി രാജിവച്ചാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്നം നേടാന്‍ സ്മില്‍ന കേരളത്തില്‍ എത്തുന്നത്. തുടര്‍ച്ചയായ ആറാം ശ്രമത്തിലാണ് 458-ാം റാങ്ക് നേടിയത്.
കൃത്യമായ സമയനിഷ്ഠയുളള, ഏതെങ്കിലും ഒരു ഭാഗം നിശ്ചയിക്കാതെ മുഴുവന്‍ ഭാഗങ്ങളും കടന്നുള്ള പഠനം ഇതാണ് വിജയ രഹസ്യം. ഐഎഎസ് തന്നെയാണ് ആഗ്രഹം. എങ്കിലും കിട്ടിയ ഓപ്ഷനില്‍ തന്നെ ജോലി ചെയ്യും. റാങ്കനുസരിച്ച് ഐപിഎസ് ലഭിക്കാനാണ് സാധ്യത. സ്വപ്നം കണ്ട ഐഎഎസ് നേടാന്‍ ശ്രമം തുടരും.
ഡല്‍ഹിയില്‍ സിവില്‍ സര്‍വ്വീസ് അഭിമുഖത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സ്മില്‍ന ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. പൊയനാട് മാപ്പിള എല്‍.പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന് വി.സുധാകരന്റെയും മുരിങ്ങേരി യു.പി സ്കൂള്‍ അധ്യാപിക സി.എം മല്ലികയുടെയും മകളാണ്. സഹോദരന് മിഥുന് സുധാകര്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്.
https://www.facebook.com/Malayalivartha