പൈലറ്റുമാര്‍ക്ക് വെല്ലുവിളിയാകുന്ന ടേബിള്‍ ടോപ്പ് റണ്‍വേ
ടേബിള്‍ ടോപ്പ് റണ്‍വേകള്‍ പൈലറ്റുമാരുടെ ഉത്തരവാദിത്തം അധികരിപ്പിക്കുന്നവയാണ്. കുന്നിന്മുകളിലെ നിരപ്പായ പ്രദേശത്ത് നിര്‍മിക്കുന്ന റണ്‍വേയാണ് ടേബിള്‍ ടോപ്പ് റണ്‍വേ. റണ്‍വേയുടെ ഒരറ്റമോ അല്ലെങ്കില്‍ രണ്ടറ്റമോ വലിയ താഴ്ചയില്‍ ആയിരിക്കാം. അതുകൊണ്ടുതന്നെ ലാന്‍ഡിങ് അതീവ ശ്രദ്ധ വേണ്ട കാര്യമാണ്.
ലാന്‍ഡിങ്ങിനിടെ ചെറിയ പിഴവ് ഉണ്ടായാല്‍ പോലും വലിയ അപകടങ്ങള്‍ക്കിടയാകും. അതുകൂടാതെ ലാന്‍ഡിങ്ങിനിടെ റണ്‍വേ, താഴെയുള്ള സമതലത്തിന്റെ അതേനിരപ്പിലാണെന്ന മായകാഴ്ച (ഒപ്ടിക്കല്‍ ഇല്യൂഷന്‍) പൈലറ്റിന്റെ ദൃഷ്ടിയില് സൃഷ്ടിക്കാനും ടേബിള്‍ ടോപ്പ് റണ്‍വേ ഇടവരുത്തുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ടേബിള്‍ ടോപ്പ് റണ്‍വേയുള്ളത് കരിപ്പുര്‍ വിമാനത്താവളത്തിനു പുറമേ മംഗലാപുരം വിമാനത്താവളത്തിലും മിസോറമിലെ ലെങ് പുയി വിമാനത്താവളത്തിലുമാണ്.
മംഗലാപുരം വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ 2010 മെയ് 22-ന് ഉണ്ടായ അപകടത്തില്‍ ജീവനക്കാരടക്കം 158 പേര് മരിച്ചിരുന്നു. ഇവിടെയും അപകടത്തില്‍ പെട്ടത് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമായിരുന്നു.
https://www.facebook.com/Malayalivartha