ഇഡി അറസ്റ്റ് ചെയ്ത ശിവശങ്കര്‍ പലപ്പോഴും തളര്‍ന്ന് മേശയില്‍ തലവച്ച് ചാഞ്ഞുകിടന്നു!
രാവിലെ മുതലുള്ള നടപടിക്രമങ്ങള്‍ എം.ശിവശങ്കറെ പാടേ തളര്‍ത്തിയിരുന്നു. ഇഡി അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലും ആശുപത്രിയിലും നിരാശയോടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച അദ്ദേഹം പലപ്പോഴും മേശയില്‍ തലവച്ച് ചാഞ്ഞുകിടന്നു.
ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത് സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമാണ്.
കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സൗകര്യം ഒരുക്കിയത് സംബന്ധിച്ച് അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി സ്പെഷല്‍ ഡയറക്ടര്‍ പി.സുശീല്‍കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ഗണേഷ്കുമാര് എന്നിവരും കൊച്ചിയിലെത്തിയിരുന്നു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണനും ഇഡി ഓഫിസിലെത്തി.
ഇനി കസ്റ്റംസും വിദേശത്തേക്ക് ഡോളര്‍ കടത്താന്‍ സ്വപ്നയെ സഹായിച്ചെന്ന കേസില്‍ ശിവശങ്കറെ ചോദ്യം ചെയ്യും. ഈ കേസില്‍ ചോദ്യം ചെയ്യാന്‍ 16-ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ശിവശങ്കര്‍ വൈദ്യസഹായം ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സ തേടിയതും. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha