ബിനീഷിന്റെ ബിനാമി സ്വത്തുകള്‍ മുഴുവന്‍ കണ്ടെത്തി ഇ.ഡി; ഇനി കണ്ടുകെട്ടും; കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണത്തിനിടെ; ബിനീഷിനെയും അനൂപിനെയും ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും; ഇ.ഡിയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍
ബിനീഷിന്റെ സ്വത്തുവകകള്‍ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നീക്കം നേരത്തെ തന്നെ ആരംഭിച്ചതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോട് നിസഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം 54-ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിക്ക് കേരളത്തിലെ 14 ജില്ലകളിലുമുള്ള ആസ്തിവകകളുടെ വിവരം നല്കാന് സെപ്തംബര്‍ 11ന് എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാന് ഇവ നല്കാന് വകുപ്പുകള്‍ കാലതാമസം വരുത്തി.
സ്വത്തുവകകള്‍ തങ്ങളുടെ അനുമതി പ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്നും ഇ ഡി രജിസ്ട്രേഷന് വകുപ്പിനെ അറിയിച്ചിരുന്നു. ബിനീഷിന്റെ മുഴുവന്‍ ആസ്തികളും കണ്ടെത്താനും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകള്‍ക്കും ഇഡി നോട്ടീസ് നല്കി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. എന്നാല്‍, സംസ്ഥാനത്തെ 314 രജിസ്ട്രാര്‍ ഓഫീസുകളിലും ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ വത്ക്കരണം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഒന്നരമാസത്തിനു ശേഷവും ഇതുവരെ കൃത്യമായ വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഇതിനുപിന്നില്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ ആഴ്ച കണക്കെടുപ്പ് പൂര്‍ത്തിയാക്കിയെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അത് ബിനീഷിന് കുരുക്കാകുമെന്ന് ചില ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിച്ചതായാണ് വിവരം.
എന്നാല്‍ ബിനീഷിന്റെ സ്വന്തം പേരിലും ബിനാമി പേരിലുമുള്ള സ്വത്തുവകകളുടെ കൃത്യമായ കണക്ക് ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇത് കണ്ടുകെട്ടുന്നതിന് ആവശ്യമായ നിയമനടപടി ഇ.ഡി.യുടെ ഭാഗത്തു നിന്നും ആരംഭിച്ചതായിയാണ് സൂചന. അതെ സമയം തന്നെ ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളുരുവില്‍ നിരവധി ബിസിനസ്സുകള്‍ ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിട്ടുണ്ട്. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകള് ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അനൂപിനെ കേരളത്തിലിരുന്നുകൊണ്ട് നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റ് ചെയ്ത ബിനീഷിനെ വില്‍സണ്‍ ഗാര്ഡന് പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് പാര്‍പ്പിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി.ആസ്ഥാനത്തേക്ക് ബിനീഷിനെ കൊണ്ടുവന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇ.ഡി. കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. അനൂപും ബിനീഷും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് അനൂപ് മുഹമ്മദ് ബിനീഷുമായി സംസാരിച്ചിരുന്നു.
ബിനീഷ് സ്ഥിരമായി ബെംഗളുരുവില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ബെംഗളുരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയില്‍ വന്‍ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയതോതില്‍ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു. ബിനീഷ് അനൂപിന് വേണ്ടി ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. ഈ സാഹചര്യത്തില്‍ ബിനീഷില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയില്‍ പറഞ്ഞു. നാലുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാനദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുളള നടപടികള്‍ ഇ.ഡി.ആരംഭിച്ചുകഴിഞ്ഞു.
"
https://www.facebook.com/Malayalivartha