10ഗ്രാം സ്വര്‍ണം പോലും സൂക്ഷിക്കാന്‍ ഉറപ്പില്ലാത്ത മുറിയില്‍ 3 കിലോഗ്രാം സ്വര്‍ണം; ഐശ്വര്യ ജ്വല്ലറിയിലെ സ്വര്‍ണക്കവര്‍ച്ച വിശ്വസിക്കാനാകാതെ നാട്ടുകാര്‍
ഫാക്ട് ജംക്ഷനില്‍ ഐശ്വര്യ ജ്വല്ലറിയിലെ സ്വര്‍ണക്കവര്‍ച്ച പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു. 10ഗ്രാം സ്വര്‍ണം പോലും സൂക്ഷിക്കാന്‍ ഉറപ്പില്ലാത്ത, പെട്ടിക്കടയുടെ വലിപ്പമുള്ള മുറിയില്‍ 3 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 25 കിലോഗ്രാം വെള്ളി ആഭരണങ്ങളും സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കാന്‍ തുടക്കത്തില്‍ പൊലീസിനോ നാട്ടുകാര്‍ക്കോ കഴിഞ്ഞില്ല.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏലൂര്‍ ഇന്‍സ്പെക്ടര്‍ എം.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉന്നത പൊലീസ് ഓഫിസര്‍മാര്‍ കവര്‍ച്ച നടന്ന സ്ഥലം സന്ദര്‍ശിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
ജ്വല്ലറി കെട്ടിടത്തില്‍ നിന്നും 200 മീറ്റര്‍ ദൂരത്തിലാണ് പൊലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. പഴകി ദ്രവിച്ച കെട്ടിടത്തിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. 2000-ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ജ്വല്ലറി നാട്ടുകാര്‍ക്ക് വിശ്വസ്ത സ്ഥാപനമായിരുന്നു.കെട്ടിടം ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിനു പിന്നിലെ കാടും മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി.
തൃശൂരില്‍ നിന്ന് ആഭരണങ്ങള്‍ എത്തിച്ചും സ്വന്തമായി ആഭരണങ്ങള്‍ നിര്‍മിച്ചുമായിരുന്നു ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞെങ്കിലും തരക്കേടില്ലാത്ത വ്യാപാരം നടന്നിരുന്നതായി ഉടമ വിജയകുമാര്‍ പറഞ്ഞു. സ്ട്രോങ് റൂമിന്റെ ഉറപ്പിലായിരുന്നു വിജയകുമാറിന്റെ വിശ്വാസം.
https://www.facebook.com/Malayalivartha