ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടും? ചെലവ് കുറക്കാന്‍ സര്‍ക്കാരിന് മുന്നിലെത്തിയ നിര്‍ദേശം; ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ജോലി കാത്തിരിക്കുന്ന യുവാക്കള്‍ക്ക് തിരിച്ചടിയാകും; ശമ്പളവും പെന്‍ഷനും അഞ്ചുശതമാനത്തിലേക്ക് താഴ്ത്തിയാല്‍ റവന്യൂക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറയ്ക്കാം
വരുമാനം കുറഞ്ഞതോടെ ചെലവ് കുറക്കാനുള്ള നടപടികള്‍ക്ക് പ്രധാന്യം നല്‍കുകയാണ് സര്‍ക്കാര്‍. വരുമാനം നോക്കാതെ ബജറ്റില്‍ വരിക്കോരി പ്രഖ്യാപനങ്ങള്‍ നടത്തിയ ധനമന്ത്രി അടുത്ത് വരുന്ന സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത് ബാലികേറ മലയാണ്. അതുകൊണ്ടു തന്നെ ചെലവ് അവലോകന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് പ്രധാന്യം കൂടുതലാണ്. ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്ന് സര്‍ക്കാരിന്റെ ചെലവ് അവലോകനം ചെയ്യുന്ന കമ്മിറ്റി ശുപാര്‍ശ ചെയ്തു. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരംകുറയ്ക്കാന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന്റെ നിരക്ക് കുറയ്ക്കണമെന്നും ആവശ്യവും കമ്മിറ്റി ഉന്നയിച്ചു.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ഡയറക്ടര്‍ ഡോ. ഡി. നാരായണ അധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബജറ്റുരേഖകള്ക്കൊപ്പം സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിച്ചു. നേരത്തേ പല വിദഗ്ധസമിതികളും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മിഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാനിരിക്കേയാണ് ചെലവ് അവലോകന കമ്മിറ്റി (എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി) റിപ്പോര്‍ട്ട് നല്‍കിയത്. ശമ്പളക്കമ്മിഷനുവേണ്ടി സംസ്ഥാനത്തിന്റെ ധനസ്ഥിതി അവലോകനംചെയ്ത് റിപ്പോര്‍ട്ട് നല്കിയതും ഈ കമ്മിറ്റിയുടെ അധ്യക്ഷനായ ഡി. നാരായണ ആയിരുന്നു. മുന്‍വര്‍ഷങ്ങളിലെ ശമ്പളവര്‍ധന ഇത്തവണ ഉണ്ടാവില്ല. ശമ്പളവും പെന്‍ഷനും പത്തുശതമാനത്തിലേറെ കൂട്ടുന്നതിനുപകരം അഞ്ചുശതമാനത്തിലേക്ക് താഴ്ത്തിയാല്‍ റവന്യൂക്കമ്മിയും ധനക്കമ്മിയും ഗണ്യമായി കുറയ്ക്കാനാവുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പെന്ഷന്, ശമ്പളം, പലിശ എന്നിവ വര്‍ധിക്കുന്നതിന്റെ തോത് കുറച്ചില്ലെങ്കില്‍ കോവിഡ് ഏല്പിച്ച സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് എന്ന് കരകയറുമെന്ന് പറയാനാവില്ല. ഒന്നുകില്‍ വരുമാനം വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിന്റെ തോത് കുറയ്ക്കണം. അല്ലെങ്കില്‍ ഇതുരണ്ടും ചേര്‍ന്ന സമീപനം സ്വീകരിക്കണം.
ഇത്തവണ ബജറ്റില്‍ അടുത്തവര്‍ഷത്തെ ശമ്പളത്തിനായി നീക്കിവെച്ചത് 39,845 കോടി രൂപ. നടപ്പുവര്‍ഷത്തെക്കാള്‍ 11,737 കോടി രൂപ അധികമാണിത്. നടപ്പുവര്‍ഷം നീക്കിവെച്ചത് 28,108 കോടി രൂപയാണ്. ശമ്പളപരിഷ്കരണം നടപ്പാക്കാനാണ് കൂടുതല്‍തുക വകയിരുത്തിയത്. ശമ്പള പരിഷ്കരണക്കമ്മിഷന്റെ ശുപാര്‍ശയുടെ അടിസഥാനത്തില്‍ ഏപ്രില്‍മുതല്‍ ശമ്പളവും പെന്‍ഷനും കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം പെന്ഷന്നല്കാന് വകയിരുത്തിയത് 23,105 കോടി രൂപയാണ്.
നടപ്പുവര്‍ഷം പരിഷ്കരിച്ച എസ്റ്റിമേറ്റ് അനുസരിച്ച് പെന്‍ഷനുവേണ്ടത് 19,412 കോടി രൂപയാണ്. അടുത്തവര്‍ഷം 3693 കോടി രൂപ അധികംവേണം. നടപ്പ് വര്‍ഷത്തെ കമ്മി 2.94 ശതമാനമാണ്. ഈ സാഹചര്യം എല്ലാം പരിഗണിച്ചാകും സര്‍ക്കാര്‍ നിലപാട് എടുക്കു. എന്നാലും ഈ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുക പോലും ചെയ്യില്ലെന്ന് വേണം കരുതാന്‍.
https://www.facebook.com/Malayalivartha