തന്റെ നേട്ടങ്ങള്‍ ആര്‍ക്കും നേടാന്‍ സാധിക്കാത്തത്... വിടവാങ്ങല്‍ വിഡിയോ സന്ദേശത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്; ബൈഡന്റെ പേര് പറയാതെ പുതിയ ഭരണകൂടത്തിന് ആശംസ; പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും ട്രംപ്; ഇന്ന് ബൈഡന്റെ സത്യപ്രതിജ്ഞ
ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം വിടവാങ്ങല്‍ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നതായി ട്രംപ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ആശംസ നേര്‍ന്നത്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നു ട്രംപ് പറഞ്ഞു.
'അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നു', ട്രംപ് പറഞ്ഞു.
തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി വീഡിയോയില്‍ ട്രംപ് അവകാശപ്പെട്ടു. നികുതി വെട്ടിക്കുറയ്ക്കല്‍, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, ഊര്‍ജ്ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്സിന് വികസിപ്പിക്കല്‍ എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാന്‍ നില്‍ക്കാതെ 3 മണിക്കൂര്‍ മുന്‍പെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിട്ടേക്കും. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോര്‍ട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനില്‍ക്കുന്നതിനിടെയാണിത്. ബൈഡന് ജയിച്ചതായി ഇനിയും അംഗീകരിക്കാതെ ഇടഞ്ഞു നില്ക്കുന്ന ട്രംപ് സ്കോട്ലന്‍ഡിലെ സ്വന്തം ഗോള്‍ഫ് കോഴ്സിലേക്കു പോകുമെന്ന് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അധികാര കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെ തന്നെ ബൈഡന് വില്‍മിങ്ടണിലെ ഡെലാവറില്‍നിന്ന് വാഷിങ്ടണിലെത്തിയിരുന്നു.
അമേരിക്കയുടെ നാല്പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. കോവിഡിന്റെയും കാപിറ്റോള്‍ ആക്രമണത്തിന്റയും പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. സ്ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ ജിമ്മി കാര്‍ട്ടര്‍ വിട്ടുനിന്നേക്കും. ഇവരെക്കൂടാതെ കോണ്‍ഗ്രസിലെ അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha