74%വനിതകള്‍ക്ക് വീട്ടില്‍ പീഡനം!
കേരളത്തില്‍ 19 നും 45 നുമിടയില്‍ പ്രായമുള്ള 74 ശതമാനം സ്ത്രീകള്‍ വീട്ടിനുളളില്‍ പീഡനം അനുഭവിക്കുന്നതായി കണ്ടെത്തല്‍.
കേരളാപോലീസിനുവേണ്ടി ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പഠനറിപ്പോര്‍ട്ട് ഡിജിപി ക്ക് കൈമാറി.
വനിതകള്‍ക്ക് നേരേയും അതിക്രമങ്ങളില്‍ പ്രധാനം ലൈംഗികാതിക്രമമാണ്. എല്ലാ പ്രായക്കാരും പീഡനത്തിന് വിധേയരാകുന്നുണ്ട്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളാണ് രണ്ടാംസ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് വനിതകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കൂടുതലും വീട്ടിനുള്ളിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചാണ് സര്‍വേ നടന്നത്. 181 വനിതകള്‍ക്കു പുറമേ 197 പോലീസ് ഉദ്യോഗസ്ഥരും 40 സാമൂഹ്യപ്രവര്‍ത്തകരും 44 ആളുകളും സര്‍വേയില്‍ പങ്കെടുത്തു.
ശല്യപ്പെടുത്തല്‍ മുതല്‍ ലൈംഗികപീഡനം വരെ കുറ്റകൃത്യത്തിലുണ്ട്. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകളുള്ള കുടുംബത്തിലാണ് പീഡനം കൂടുതലും നടക്കുന്നത്. വീടുകള്‍ കഴിഞ്ഞാല്‍ ബസ് സ്റ്റാന്റ്, ട്രെയിന്‍, സ്കൂള്‍, കോളേജ് എന്നിവിടങ്ങളിലും വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ശക്തമായ പോലീസ് സംവിധാനം വേണമെന്നും പഠനത്തില്‍ പറയുന്നു.
പലപ്പോഴും തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. പോലീസ് സ്റ്റേഷനുകള്‍ വിമണ്‍ ഫ്രെന്ഡ്ലിയാക്കി ഇത്തരമൊരു സ്ഥിതി വിശേഷത്തെ നേരിടാനാണ് പോലീസിന് ലഭിക്കുന്ന ഉപദേശം.
അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അറിയിക്കാന്‍ സ്ത്രീകള്‍ക്ക് ധൈര്യം നല്‍കാനുള്ള ബോധവത്കരണം ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha