എഴുത്തുകളും ഒപ്പുകളും 3 മണിക്കൂര്‍ മുതല്‍ ദിവസങ്ങള്‍ക്കകം മാഞ്ഞു പോകുന്ന മാജിക് പേനകള്‍ ജനങ്ങളെ വലയ്ക്കുന്നു
തട്ടിപ്പുകള്‍ വ്യാപകമായിരിക്കുന്ന ഈ കാലത്താണ് എഴുതുന്നതെന്തും മാഞ്ഞു പോകുന്ന പുതിയ മാജിക് പേനകള്‍ വിപണിയിലിറങ്ങിയത്. ചെക്കോ വിലപിടിപ്പുള്ള രേഖകളോ ഏറ്റുവാങ്ങുമ്പോള്‍ എല്ലാ വിവരങ്ങളും ഉണ്ടാകുമെങ്കിലും ദിവസങ്ങള്‍ക്കകം അതിലെ എഴുത്തുകളും ഒപ്പും മാഞ്ഞു പോകും. അതില്‍ അക്ഷരങ്ങള്‍ ഉണ്ടായിരുന്നു എന്നു പോലും കണ്ടു പിടിക്കാന്‍ കഴിയില്ല. അങ്ങനെ ആ ചെക്കിനും രേഖയ്ക്കും ഒരു വിലയും ഇല്ലാതാകും. ഇത്തരം മാജിക് പേനകള്‍ വിദേശത്ത് വ്യാപകമാവുകയാണ്. ഈ മാജിക് പേനകള്‍ സാമ്പത്തിക ഇടപാടുകളുടെ വിശ്വാസം പോലും തകര്‍ക്കുന്നതാണ്. മൂന്ന് മണിക്കൂര്‍ മുതല്‍ ഒരു നിശ്ചിത ദിവസത്തിനുള്ളില്‍ മായുന്ന പേനകളാണിവ.
ചൈനീസ് നിര്‍മ്മിത പേനകള്‍ ദുബായില്‍ വ്യാപകമാണ്. ഒരാള്‍ തനിക്ക് കിട്ടിയ ചെക്ക് ബാങ്കില്‍ നല്കിയപ്പോള് ഒപ്പുണ്ടായിരുന്നു. എന്നാല്‍ അക്കൗണ്ടില്‍ പണം എത്താത്തതിനാല്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ചെക്കില്‍ ഒപ്പില്ലെന്ന് പറയുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ചെക്ക് നല്കിയ ആള് മാജിക് പേനയുപയോഗിച്ചാണ് ഒപ്പിട്ടതെന്ന് മനസിലായത്.
നിയമവിധേയമല്ലാതെ ഇത്തരം പേനകള്‍ ചൈനയില്‍ നിന്നും യു.എ.ഇ.യിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാധാരണ പേന പോലെയുള്ള ഇത്തരം പേനകള്‍ വളരെ കുറഞ്ഞ വിലക്കാണ് മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്. ഇത് വന്‍ പ്രശ്നങ്ങളാണ് ബാങ്ക് അക്കൗണ്ടുകളില്‍ വരുത്തുന്നത്. ഇടപാടുകാരും ബാങ്ക് അധികൃതരുമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് ഇടയാക്കുന്നു. ചൈനീസ് മാജിക് പെന്‍ ഉപയോഗിക്കരുതെന്ന് യുഎഇയിലെ പല ബാങ്കുകളും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha