ബിബിസിയില്‍ ഒന്നിച്ച്.. ജോഡോയില്‍ വേര്‍പിരിഞ്ഞ്.. പിണറായി ഇനി ഡെല്‍ഹി നേതാവ്. യെച്ചൂരി വറചട്ടിയില്‍

ബിബിസി ഡോക്യുമെന്ററിക്ക് സമൂഹ മാധ്യമങ്ങളിലും മറ്റും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.റാം, അഡ്വ.എം.എല്‍ ശര്‍മ്മ എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ പരമ്പര ഇനി കോടതിയുടെ തീര്‍പ്പിന് വിധേയമാകും. കല്ലും നെല്ലും വേര്‍തിരിച്ച് സുപ്രീം കോടതി മോദിയേയും കൂട്ടരേയും കുറ്റവിമുക്തമാക്കിയ കേസാണ് ഇപ്പോള്‍ ബിബസി ഡോക്യുമെന്ററിയുടെ പേരില്‍ കോടതി കയറുന്നത്. ഹര്‍ജി ഫെബ്രുവരി 6 ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്ക് ഏറെപ്പടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിബിസി ഡോക്യുമെന്റി പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ സിപിഎമ്മും , കോണ്‍ഗ്രസും മത്സരിക്കുമ്പോള്‍ സിപിഎമ്മിന്റെ പോക്കും ലക്ഷ്യവും എന്താണെന്ന് വ്യക്തമായിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ മോദിയ്‌ക്കെതിരെ വീണ് കിട്ടിയ ആരോപണമാണ് ബിബിസി ഡോക്യുമെന്റി. എന്നാല്‍ ഭാരത് ജോഡോ യാത്ര സമാപനത്തിലെ പ്രധാന വിഷയമാണ് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി പുറത്തുവിട്ടിരിക്കുന്ന തെളിവുകള്‍ എന്നിട്ടും സിപിഎം ജോഡോ യാത്രയില്‍ നിന്ന് വിട്ട് നിന്നത് കേരളവും പിണറായി വിജയനും ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് നല്കുന്നത്. എന്നാല്‍ യെച്ചൂരി ലൈന്‍ മറിച്ചാണ്. ത്രിപുരയിലുണ്ടാക്കിയതു പോലെ ദേശീയതലത്തിലും കോണ്‍ഗ്രസിനൊപ്പം സഖ്യമാകാമെന്ന് യെച്ചൂരി കാഴ്ചപാടിനെ കേരളം കൂട്ടആക്രമണം നടത്തിയാണ് തടഞ്ഞത്. ഇനിയെന്ത് എന്ന ചോദ്യത്തിന് കേരളവും കേന്ദ്ര നേതൃത്വത്തോട് ഉത്തരം നല്കിയിട്ടില്ല.
ശ്രീനഗറിലെ ഭാരത് ജോഡോയാത്ര സമാപനത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ നല്‍കി. നേതാക്കള്‍ രാഹുലിനൊപ്പം നടക്കാനുണ്ടായിരുന്നു. അവരോട് നന്ദി പറയുന്നു. സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആകാത്തവര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ ഐക്യസംഗമത്തിന്റെ വേദിയല്ല. ഇനി വരാനിരിക്കുന്ന നാളുകളില്‍ ജോഡോ യാത്ര പ്രതിപക്ഷത്തിന് ശക്തിപകരാനുള്ള ആയുധമായി മാറുമെന്നതില്‍ സംശയമില്ല.' കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു..
അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുന്നത് രാഷ്ട്രീയ പക്വത മൂലമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞതിലൂടെ അവര്‍ ദേശീയ രാഷ്ട്രീയത്തില്‍ രാഹുലിനൊപ്പം അണിചേരുന്നതിന്റെ സൂചന അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു. ത്രിപുരയില്‍ കോണ്‍ഗ്രസ് സഖ്യമാകാമെങ്കില്‍ ശ്രീനഗറില്‍ വരുന്നതില്‍ തെറ്റില്ല. ഇത് രാഷ്ട്രീയ പക്വത കാണിക്കേണ്ട സമയമാണെന്നും ഡി. രാജ പറഞ്ഞു. സിപിഎം വിട്ടുനില്‍ക്കുന്നത് പിണറായിയുടെ ഇടുങ്ങിയ കാഴ്ചപ്പാടുമൂലമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ക്ഷണിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിബിസിയുടെ മോദിവിരുദ്ധ ഡോക്യുമെന്ററി ഡിവൈഎഫ് ഐയും യൂത്ത് കോണ്‍ഗ്രസും മത്സരിച്ചാണ് കേരളത്തിലുടനീളം പ്രദര്‍ശിപ്പിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ ഏകോപനത്തിന്റെ ഇപ്പോഴത്തെ കേന്ദ്രബിന്ദുവായി ആ ഡോക്യുമെന്ററി മാറുന്നു. പക്ഷേ, അതേ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ത്തന്നെ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ശ്രീനഗറിലെ സമാപനച്ചടങ്ങില്‍ കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം നല്‍കാന്‍ സിപിഎം തയാറല്ല. ത്രിപുരയില്‍ കൈ കോര്‍ത്തു മത്സരിക്കുന്ന സാഹചര്യവും മനംമാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നില്ല.
പക്ഷേ, ഇത്തവണ സിപിഎമ്മിനെ സിപിഐ കയ്യൊഴിഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചത് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെയാണ്. 2024ല്‍ വയനാട്ടില്‍ത്തന്നെ ഒരു കൈ നോക്കാന്‍ രാഹുല്‍ തീരുമാനിച്ചാല്‍ സിപിഐ തന്നെയാകും ബലിയാടായി മാറുക. എന്നാല്‍, കേരളത്തിന്റെ ചെറിയ കണ്ണില്‍ക്കൂടി ദേശീയ സാഹചര്യം നോക്കേണ്ടതില്ലെന്ന തീരുമാനം സിപിഐ കൈക്കൊണ്ടതിന്റെ ഭാഗമാണ് ജോഡോ യാത്രയ്ക്ക് അവര്‍ നല്കികൊണ്ടിരിക്കുന്ന പിന്‍തുണ.
മോദി-ബിജെപി വിരുദ്ധതയില്‍ കോര്‍ക്കപ്പെടുന്ന പ്രതിപക്ഷ ഐക്യ സാഹചര്യം പരിശോധിക്കുമ്പോള്‍ സിപിഎമ്മിന്റെ കേരളഘടകം കൂടുതലായി ഒറ്റപ്പെടുകയാണ്. കേരള നേതൃത്വത്തിന്റെ സമ്മര്‍ദം സിപിഎം കേന്ദ്ര നേതൃത്വത്തെയും ചിന്താക്കുഴപ്പത്തിലാക്കുന്നു. ജോഡോ യാത്ര കശ്മീരില്‍ എത്തുമ്പോള്‍ അതിന്റെ ഭാഗമാകുമെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി നേരത്തേ പ്രഖ്യാപിച്ചതും നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസിന്റെ കേരള നേതൃനിര കൂടി പങ്കെടുക്കുന്ന സമാപനച്ചടങ്ങില്‍ അവര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ സിപിഎം തയാറല്ലെന്നു വ്യക്തമാക്കുന്നതാണ് അവരുടെ പിന്‍വാങ്ങല്‍.
കേരളത്തിലെ സിപിഎം മുന്നോട്ടുവയ്ക്കുന്ന കോണ്‍ഗ്രസ് വിരോധത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് അനുദിനം ഉരുത്തിരിയുന്ന ദേശീയ സാഹചര്യം. ത്രിപുര തന്നെയാണു തെളിവ്. രണ്ടു ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള ത്രിപുരയ്ക്ക് രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് എണ്ണംകൊണ്ടു കനപ്പെട്ട സംഭാവന ചെയ്യാന്‍ സാധിച്ചേക്കില്ല. പക്ഷേ, അഞ്ചു പതിറ്റാണ്ടോളം അവിടെ ബദ്ധശത്രുക്കളായിരുന്ന കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പുസഖ്യത്തിനു തയാറായത് 2024ലേക്കുള്ള രാഷ്ട്രീയവാതില്‍ തുറക്കല്‍ തന്നെയാണ്. അഗര്‍ത്തലയില്‍ നടന്ന റാലിയില്‍ സ്വന്തം പതാകകള്‍ മാറ്റിവച്ച് ദേശീയപതാക ഉയര്‍ത്തിയാണ് രണ്ടു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സഖ്യത്തോടുള്ള പ്രതിബദ്ധത വിളിച്ചോതിയത്.
സിപിഎമ്മിനു ചെറിയ സ്വാധീനമെങ്കിലും ഉള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി നേരിട്ടോ കൂടുതല്‍ ശക്തരായ സഖ്യകക്ഷികള്‍ നയിക്കുന്ന ബാനറിലോ അവര്‍ സഖ്യത്തിലാണ്. എല്‍ഡിഎഫിലെ കക്ഷികളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിലപാടും വ്യത്യസ്തമല്ല. എന്‍സിപി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിലാണ്. കര്‍ണാടകയില്‍ ത്രികോണമത്സര പ്രതീതിയാണു നിലനില്‍ക്കുന്നതെങ്കിലും ജനതാദള്‍(എസ്) ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡ രാജ്യസഭാംഗമായിരിക്കുന്നത് കോണ്‍ഗ്രസ് നല്‍കിയ വോട്ടുകള്‍കൊണ്ടുകൂടിയാണ്. ബിഹാറിലെ മഹാസഖ്യത്തിന്റെ വക്താക്കളാണ് എല്‍ജെഡി. ഇക്കൂട്ടത്തില്‍ സിപിഐ പോകില്ലെന്നു കരുതിയപ്പോഴാണ് അവരുടെ നേതാക്കളും സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടു ശ്രീനഗറിലേക്കു തിരിച്ചത്.
മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുകയും ആറു സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷമായിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി വിശാല പ്രതിപക്ഷചേരി പ്രായോഗികമല്ലെന്ന അഭിപ്രായമാണു രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികള്‍ക്കും. അതില്‍നിന്നു വ്യത്യസ്ത നിലപാടുള്ള ബിആര്‍എസ് അതായത് പഴയ തെലങ്കാന രാഷ്ട്രസമിതി. തെലങ്കാനയിലെ ഖമ്മത്തു സംഘടിപ്പിച്ച റാലിയിലാണ് ഏതാനും നാള്‍ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തത് എന്നതും ശ്രദ്ധേയം. അതേ പിണറായിയുടെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലേക്കു സിപിഎം ക്ഷണിച്ചുകൊണ്ടുവരികയും വാഴ്ത്തിപ്പാടുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഖമ്മത്തേക്ക് എത്തിനോക്കിയുമില്ല. അതില്‍ നിന്നും കോണ്‍ഗ്രസ് വിട്ടൊരു സഖ്യത്തിനും ഇല്ലെന്ന സൂചനയാണ് പിണറായി വിജയന് എം.കെ.സ്റ്റാലിന്‍ നല്കിയിരിക്കുന്നത്.
സിപിഎമ്മിന്റെ മൂന്നു ലോക്‌സഭാംഗങ്ങളില്‍ രണ്ടുപേര്‍ അവിടെ ഇരിക്കുന്നത് തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ കനിവിലാണ്. ആ സഖ്യത്തിലും കോണ്‍ഗ്രസുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബിജെപിവിരുദ്ധ മുന്നണി എന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നിലപാടിനൊപ്പമാണ് മനസ്സുകൊണ്ട് പിണറായിയും കൂട്ടരും എന്നതു വ്യക്തം. എന്നാല്‍, അദ്ദേഹത്തിന്റെതന്നെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വമോ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളോ കേരളത്തിലെ സഖ്യകക്ഷികളോ ആ രാഷ്ട്രീയ ലൈന്‍ അംഗീകരിക്കുന്നവരല്ല. ജോഡോ യാത്രയ്ക്കു രാജ്യത്താകെ ലഭിച്ച അംഗീകാരം സൂചിപ്പിക്കുന്നത് പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസിലേക്കും രാഹുലിലേക്കും കൂടുതലായി കേന്ദ്രീകരിക്കുമെന്നാണ്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് അടിതെറ്റാന്‍ ഒരു കാരണം 'രാഹുല്‍ ഇഫക്ട്' ആണെന്നു വിലയിരുത്തിയ പാര്‍ട്ടിയുടെ കേരളഘടകത്തിന് ഇതു വീണ്ടും തലവേദന സൃഷ്ടിക്കും. അതുകൊണ്ടുതന്നെ കേരള നേതാക്കള്‍ കോണ്‍ഗ്രസിനും രാഹുലിനും എതിരെ കൂടുതലായി പറഞ്ഞുകൊണ്ടിരിക്കും. സീതാറാം യച്ചൂരിയും കൂട്ടരും അതു തള്ളാനോ കൊള്ളാനോ കഴിയാതെ വെട്ടിലാകും. കോണ്‍ഗ്രസിനു പ്രാധാന്യം കൂടി വരുന്ന ഓരോ രാഷ്ട്രീയ സന്ദര്‍ഭവും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വഴിയില്‍ കേരള നേതൃത്വത്തിന് ആധികള്‍ സമ്മാനിക്കുകയും ചെയ്യും. എന്ത് ചെയ്യണം എവിടെ നില്ക്കണം എന്ന് ഒരു പിടിയും കിട്ടാതെ സിപിഎം നേതൃത്വത്തെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ് ദേശീയ തലത്തിലെ സഖ്യസാധ്യതകള്‍. പിണറായി വിജയന്‍ പൊക്കി നടന്ന ചന്ദ്രശേഖരറാവുവിനെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ പ്രാദേശിക കക്ഷികള്‍ തയ്യാറാകില്ലെന്ന് സിപിഎം നേതാക്കള്‍ നേരത്തെ മനസിലാക്കാത്തതാണോ, അതോ മനസിലാക്കിയിട്ടും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതിയോയെന്നതാണ് സംശയം.
എന്തായാലും കേരളത്തില്‍ സിപിഎം കോണ്‍ഗ്രസ് വിരോധം കുറച്ച് ബിജെപി വിരോധം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം അണികള്‍ക്ക് നല്കുന്നതാവും നല്ലത്. കാരണം ഡെല്‍ഹിയിലിരിക്കുന്ന സിപിഎം നേതാക്കള്‍ക്കിനി ഒരു തവണകൂടി കേന്ദ്രത്തില്‍ എത്തി നോക്കാന്‍ കഴിയാതെ വന്നാല്‍ ആകെ പൊല്ലാപ്പാവും. ബിജെപിയുടെ വളര്‍ച്ച തടഞ്ഞില്ലെങ്കില്‍ ആദ്യം അടിവേരറുന്നത് സിപിഎം മുന്നണിയ്ുടേതാവും. കാരണം കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ബിജെപി ലക്ഷ്യം സിപിഎം തന്നെയാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യെന്ന പഴമൊഴി സിപിഎം നെ പോലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ മറ്റാര്‍ക്കും യോജിക്കില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ടു പോയാല്‍ അതിന്റെ ഉത്തരവാദിത്വം കേരള ഘടകത്തിനായിരിക്കും. പിന്നീടത് ചരിത്ര മണ്ടത്തരം എന്ന് പറഞ്ഞാലും കാലം മാപ്പ് കൊടുക്കില്ല.
https://www.facebook.com/Malayalivartha