അധ്യാപകനായ ക്രിമിനൽ, ഡോക്ടർ വന്ദനയുടെ ജീവിതം തല്ലിക്കെടുത്തിയത് വിവാഹനിശ്ചയം നടക്കാനിരിക്കെ: ഇനി സർപ്രൈസ് നൽകാൻ വന്ദനയില്ല...

ഓടിക്കളിച്ച മുറ്റത്തേക്കു വന്ദന വീണ്ടുമെത്തി. അമ്മയ്ക്കും അച്ഛനുമൊപ്പം പതിവായി യാത്ര ചെയ്ത വഴികളിലൂടെയായിരുന്നു ഇന്നലെയും ആ യാത്ര. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കിടത്തി. മൃതദേഹം എത്തിച്ച ആംബുലൻസിൽ നിന്ന് അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോൾ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കൾക്കും കരച്ചിലടക്കാനായില്ല.
രാത്രി വൈകിയും അന്തിമോപചാരം അർപ്പിക്കുന്നവരുടെ നിര കാണാമായിരുന്നു. അച്ഛനമ്മമാരുടെ ഏക മകളായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ വന്ദന. അടുത്ത മാസം വിവാഹ നിശ്ചയം നടക്കാനിരിക്കെയായിരുന്നു സന്ദീപിന്റെ രൂപത്തിൽ ഡോക്ടർ വന്ദനയെ മരണം തട്ടിയെടുത്തത്.
കുഞ്ഞ് നാൾ മുതൽ ആതുരസേവനം മോഹിച്ചവൾ, മിടുക്കിയായി മീയണ്ണൂർ അസീസിയ ആശുപത്രിയിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കി. കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് മയക്കുമരുന്നിനടിമയായ സന്ദീപ് എന്ന അധ്യാപകനായ ക്രിമിനൽ വന്ദനയുടെ ജീവിതം തല്ലിക്കെടുത്തിയത്. പോലീസ് കസ്റ്റഡിയിലായിരുന്ന സന്ദീപ് എന്ന കുറ്റവാളിക്ക് അയാളുടെ പരാക്രമത്തിനിടെ പരിക്കേറ്റിരുന്നു. അങ്ങനെയാണ് പോലീസ് അയാളെ ആശുപത്രിയിൽ എത്തിച്ചത്. അവിടെ അയാളെ ശുശ്രൂഷിച്ച് കൊണ്ടിരുന്ന ഡോക്ടറെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ വച്ച് സർജിക്കൽ കത്രികകൊണ്ടുതന്നെയായിരുന്നു പ്രതി കുത്തിയതും കൊലപ്പെടുത്തിയതും.
കടുത്തുരുത്തി ∙ വിഷുവിന് വന്ദനയുടെ വരവ് ഒരു സർപ്രൈസായിരുന്നു. ആദ്യമായിട്ടാണ് അവൾ കൊല്ലത്തു നിന്നു തനിയെ വീട്ടിൽ തനിയെ വന്നതെന്ന് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ അമ്മാവന്റെ ഭാര്യ ബിജി വിനോദ് പറയുന്നു.വന്ദനയുടെ അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും കൊല്ലത്ത് അസീസിയ മെഡിക്കൽ കോളജിൽ പോയി വന്ദനയെ വിളിച്ചു കൊണ്ടുവരാറാണു പതിവ്. വിഷുവിന് ആരെയും അറിയിക്കാതെ, എല്ലാവർക്കും സർപ്രൈസ് നൽകാനായി വന്ദന തനിയെ വീട്ടിലെത്തി. എംബിബിഎസ് പഠനത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന്റെ തിരക്കായതിനാൽ പിറ്റേന്നു തന്നെ തിരികെ കൊണ്ടുവിട്ടു.കഴിഞ്ഞ ശനിയാഴ്ച വരാമെന്നു പറഞ്ഞിരുന്നു.
എന്നാൽ ഒരു ദിവസം മാത്രം അവധിയുള്ളതിനാൽ വന്നില്ല. പിന്നീട് ഈ അപകടമാണു കേൾക്കുന്നത്; ബിജിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കടുത്തുരുത്തി മുട്ടുചിറ പട്ടാളമുക്ക് നമ്പിച്ചിറക്കാലായിൽ അബ്കാരി കോൺട്രാക്ടർ കെ.ജി.മോഹൻദാസും വസന്തകുമാരിയും മകൾ വന്ദനയ്ക്കൊരുക്കിയത് സ്വർഗതുല്യമായ ജീവിതമാണ്. വൈകി വിവാഹം കഴിച്ച മോഹൻദാസിന് മകളായിരുന്നു എല്ലാം. പ്ളസ് ടുവരെ പഠിപ്പിച്ചത് പ്രദേശത്തെ ഏറ്റവും മികച്ച സ്കൂളായ കുറവിലങ്ങാട് ഡീപ്പോൾ ഹയർസെക്കൻഡറി പബ്ളിക് സ്കൂളിൽ. എം.ബി.ബി.എസ് പാസായി ഹൗസ് സർജൻസിക്ക് പ്രവേശിച്ചപ്പോഴേക്കും വീടിന്റെ മതിലിൽ ഡോ.വന്ദനാദാസ് എം.ബി.ബി.എസ് എന്ന ബോർഡും അച്ഛൻ പതിപ്പിച്ചിരുന്നു.
നല്ല മാർക്കോടെ പ്ളസ് ടു പാസായശേഷം പാലാ ബ്രില്യൻസ് അക്കാഡമിയിലാണ് എൻട്രൻസിന് പരിശീലിച്ചത്. സഹപാഠികൾപലരും ഒരു തവണ കൂടി ശ്രമിച്ച് മെരിറ്റിൽ അഡ്മിഷൻ നേടാൻ ശ്രമിച്ചപ്പോൾ അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശനം സാദ്ധ്യമാക്കിയത് മകൾ എത്രയും വേഗം ഡോക്ടറാകണമെന്ന മോഹൻദാസിന്റെ ആഗ്രഹം കൊണ്ടാണ്.
https://www.facebook.com/Malayalivartha