വാവര് നട പൊളിക്കണോ ? വാവരും അയ്യപ്പനും തമ്മിലുള്ള ബന്ധം
ശബരിമലയില്‍ ദേവപ്രശ്‌നവിധിയില്‍ വാവര്‍ പള്ളി പൊളിച്ചു മാറ്റണമെന്ന് കണ്ടെന്നുള്ളതാണ് ഈ മണ്ഡലകാലത്ത് ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വലിയ വിവാദം. ശബരിമലയ്ക്കുള്ള തുല്യ പ്രാധാന്യം തന്നെ വാവര്‍ പള്ളിക്കും കൊടുക്കുന്നുണ്ട് . ജാതിമതവ്യത്യാസം ശബരിമലയിലോ വാവര്‍ പള്ളിയിലോ ഇല്ല . ശ്രീ ഭൂത നാഥാ ഉപാഖ്യാനത്തില്‍ പറയുന്നതനുസരിച്ച് വാവര്‍ ശിവഭൂതമാണ് . ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങളെകുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട് . എരുമേലിയില്‍ താമസിച്ചു ഉദയനന്‍ എന്ന കൊള്ളക്കാരനുമായി ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ ശിവ ഭഗവാനാണ് വാവരെ അയ്യപ്പന് സഹായി ആയി നല്‍കിയത് എന്ന് പറയുന്നു .
അയ്യപ്പസ്വാമിയുടെ ഉടവാള്‍ ഇന്നും എരുമേലിയില്‍ ഒരു കുടുംബത്തിന്റെ പക്കല്‍ ഉണ്ട് പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു എന്നും പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും വാവര്‍ നടയ്ക്കല്‍ പാരികര്മി അബ്ദുല്‍ റഷിദ് മുസലിയാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്
തന്നെകാണാന്‍ വരുന്ന ഭക്തര്‍ക്ക് കൂട്ടായാണ് വാവര്‍ക്ക് സ്ഥാനം നല്‍കിയത് എന്നും പറയുന്നു . ശബരിമലയിലേക്കുള്ള ഇരുമുടിക്കെട്ടില്‍ വാവര്‍ സ്വാമിക്കുള്ള വഴിപാടുകളും ഉണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകാര്‍മ്മികനുമായി വാവര് നടയില്‍ എത്തുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയത് എന്നും ഐതീഹ്യമുണ്ട്.
ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും.പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി കയറി സാക്ഷാല്‍ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് 'തത്വമസി' എന്ന മഹാവാക്യമാണ്.... ഭാരതം ലോകത്തിനു മുന്നില്‍ വച്ച നാലു മഹാവാക്യങ്ങളിലൊന്നാണു തത്വമസി
സന്നിധാനത്തെത്തുന്ന ഭക്തര്‍ അയ്യനെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് മതമൈത്രിയുടെ പ്രതീകമായ വാവര് സ്വാമി നടയില്‍ വണങ്ങിയ ശേഷമാണ്. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവര്‍. തത്വമസിയുടെ സമത്വലോകത്ത് എത്തുന്നതിനു നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ലൗകികമായ വികാരവിചാരങ്ങളുടെ പ്രതീകങ്ങളായ പതിനെട്ടു പടികള്‍ ചവിട്ടിക്കയറേണ്ടതുണ്ട് .
പതിനെട്ടു പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. ഈ ലോകത്തു നമ്മെ ബന്ധിച്ചിടുന്ന ഇന്ദ്രിയവിഷയങ്ങളാണവ. അതിനെ മറികടന്നാല്‍ അടുത്ത എട്ടു പടികള്‍ മനസ്സിനകത്തെ അഷ്ടരാഗങ്ങളുടെ പ്രതീകങ്ങള്‍. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഈര്‍ഷ്യ, അസൂയ എന്നിവയാണ് അഷ്ടരാഗങ്ങള്‍.
ഈ അഷ്ടരാഗങ്ങളെയും മറികടന്നാല്‍ മനസ്സിന്റെ സത്വരജസ്തമോഗുണങ്ങളാകുന്ന മൂന്നു പടികള്‍. അതും പിന്നിട്ടാല്‍ വിദ്യയും അവിദ്യയും. അതിനുമപ്പുറമെത്തുമ്പോള്‍ മാത്രമേ ഭക്തന്‍ അദ്വൈതഭാവം പകരുന്ന തത്വമസിയുടെ വിശാലതയിലെത്തൂ. അങ്ങനെ ആത്മസംസ്‌കരണത്തിന്റെ പതിനെട്ടു പടികള്‍ കടന്നെത്തുന്ന ഏകഭാവത്തില്‍ എത്തുമ്പോള്‍ അവിടെ ഹിന്ദുവും മുസല്‍മാനും എന്ന വ്യത്യാസത്തിന് സ്ഥാനമില്ലാതാകുന്നു .. ഇങ്ങനെ വരുമ്പോള്‍ വാവര്‍ നട പൊളിക്കണമെന്നു പറയുന്നവര്‍ ആത്മീയ ശൂന്യത അനുഭവിക്കുന്നവരാണ് എന്ന് പറയേണ്ടിവരില്ലേ ?
വാവര്‍ വൈദ്യനും ജ്യോതിഷിയും ആയിരുന്നു. വാവര്‌സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പ്രസാദമാണ്. ഇതു ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥകള്‍ക്കുള്ള മരുന്ന് കൂടിയാണ്. ഭക്തര്‍ കാണിക്കയായി നടയില്‍ സമര്‍പ്പിക്കുന്ന കുരുമുളകില്‍ അല്പം എടുത്ത ശേഷം ബാക്കി ഭാഗം പ്രാര്‍ഥിച്ച് തിരികെ നല്‍കുകയും ചെയ്യുന്നു.
വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കര്‍മ്മിയിരുന്ന് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്. വാവരുടെയും അയ്യപ്പന്റേയും സുഹൃത് ബന്ധത്തിന്റെ കഥ അയ്യപ്പന്‍ പാട്ടുകളില്‍ കേള്‍ക്കാറുണ്ട് . ചില കഥകള്‍ ഇങ്ങനെയാണ്
വാവരു കുതിരപ്പുറത്തു സഞ്ചരിച്ചപ്പോള്‍ ആനപ്പുറത്തു കയറിവന്ന അയ്യപ്പനുമായി വാഗ്വാദം ഉണ്ടായി. കുതിരപ്പുറത്തുനിന്നിറങ്ങാന്‍ വാവരോടാവശ്യപ്പെട്ടതിന് ആനപ്പുറത്തുനിന്നിറങ്ങാന്‍ വാവരു പറഞ്ഞു. അയ്യപ്പന്‍ കോപിച്ചു വാവരെ കടുവയ്ക്ക് ഇരയാക്കുമെന്നു കല്‍പിച്ചു. ഇങ്ങനെ ഇരുവരും തമ്മില്‍ യുദ്ധമുണ്ടായതായി വിസ്തരിക്കുന്ന ഭാഗങ്ങള്‍ ചില അയ്യപ്പന്‍പാട്ടുകളില്‍ ഉണ്ട്. ഒടുവില്‍ വാവരുടെ കുതിരക്കാല്‍ ചുരികകൊണ്ട് അയ്യന്‍ അരിഞ്ഞു. അയ്യന്റെ ആനക്കാല്‍ വാവരു വാള്‍കൊണ്ടു വെട്ടി.
വളരെക്കാലം അവര്‍ തമ്മില്‍ പോരാട്ടം നടന്നു. ആരുമാരും ജയിക്കയില്ലെന്നുറച്ചപ്പോള്‍. ഇരുവരും സമന്മാരെന്നറിഞ്ഞ് ചങ്ങാതമാരായി എന്നും ഒരു കഥയുണ്ട്. വാവരുടെ കപ്പലോട്ടത്തില്‍ ചുങ്കം തരണമെന്ന് ആവശ്യപ്പെട്ട അയ്യപ്പനോട് തര്‍ക്കിച്ച് ചുങ്കം കൊടുക്കാതെ വാവര്‍ കടന്നുപോയി. ആ സമയം അയ്യപ്പന്‍, കപ്പലിന്റെ പാമരംഎയ്തുമുറിച്ച് തോല്‍പിച്ചുവെന്നും വാവര്‍ കൈവള ഊരി കപ്പമായിക്കൊടുത്തു മൈത്രീബന്ധത്തോടുകൂടെ കൈപിടിച്ചുപോയതായും മറ്റൊരിടത്ത് വര്‍ണിക്കുന്നു. ശ്രോതാക്കളെ അത്ഭുതപ്പെടുത്തും വിധത്തിലാണു പാട്ടുകാര്‍ വാവരെ ചിത്രീകരിച്ചിരിക്കുന്നത്. പ്രാചീനകാലം മുതലേ കേരളത്തില്‍ നിലനിന്നുപോരുന്ന ഹിന്ദുമുസ്ലിം മൈത്രിക്ക് ഒരുത്തമമാതൃകയാണു അയ്യപ്പനും വാവരും . അതങ്ങനെ തന്നെ നിലനിര്‍ത്തുന്നതല്ലേ വിശ്വാസങ്ങള്‍ മുറിപ്പെടാതിരിക്കാന്‍ നല്ലത് ?
https://www.facebook.com/Malayalivartha