കർമ്മരംഗത്ത് വൻ കുതിച്ചുചാട്ടവും ധനലാഭവും; ഈ വാരം ഭാഗ്യം ഈ രാശിക്കാർക്കൊപ്പം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടുവാനും അവരോടൊപ്പം വിശേഷപ്പെട്ട ആഘോഷ വേളകളിലോ പുണ്യ തീർത്ഥ സ്ഥലങ്ങളിലോ പോകുവാനുള്ള അവസരം ലഭിക്കും. വാരത്തിന്റെ മധ്യത്തിൽ കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗാദി ദുരിതങ്ങൾ, അന്യർ വഴിയുള്ള ബന്ധങ്ങൾ മൂലം ദോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. വാരം അവസാനത്തോടെ രോഗശാന്തി ഉണ്ടാവുകയും കുടുംബത്തിൽ മനഃസമാധാനം, സന്തോഷം എന്നിവ അനുഭവപ്പെടുകയും ചെയ്യും. എങ്കിലും ചിലർക്ക് ഭാഗ്യഹാനി, അലച്ചിൽ എന്നിവ ഉണ്ടാകാം. വാരം അവസാനത്തോടുകൂടി സമ്മാനങ്ങൾ ലഭിക്കാനും ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനും യോഗമുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കർമ്മമേഖലയിൽ ഏറ്റവും അധികം നേട്ടങ്ങൾ ഉണ്ടാകുന്ന വാരമാണിത്. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെയധികം സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബസമേതം മംഗള കർമ്മങ്ങളിൽ നിറസാന്നിധ്യമാകുവാനും കുടുംബാംഗങ്ങളോടൊപ്പം ആഘോഷ വേളകളിൽ പങ്കെടുക്കുവാനും സാധിക്കും. ഭക്ഷണ സുഖം, കാര്യവിജയം, ദാമ്പത്യ ഐക്യം, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ആടയാഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. എന്നാൽ വാരം പുരോഗമിക്കുമ്പോൾ അനാവശ്യ കൂട്ടുകെട്ടുകൾ മൂലം മാനഹാനിയോ പണനഷ്ടമോ ഉണ്ടാകാൻ സാധ്യതയുണ്ട്. വാരം അവസാനത്തോടെ രോഗശാന്തിയും മനഃസന്തോഷവും തിരിച്ചെത്തും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടാനും കുടുംബത്തിൽ പങ്കാളിയുമായും സന്താനങ്ങളുമായും കലഹങ്ങൾ ഉണ്ടാകുവാനും ഇടയാകും. ശത്രുഭയം, വ്യവഹാര പരാജയം എന്നിവ ഈ സമയത്ത് അലട്ടിയേക്കാം. എന്നാൽ വാരമധ്യത്തോടെ സ്ഥാനമാനങ്ങൾ ലഭിക്കുക, സത്സുഹൃത്തുക്കൾ ഉണ്ടാവുക, അവർ മൂലം ഗുണാനുഭവങ്ങൾ ലഭിക്കുക എന്നിവ ഫലത്തിൽ വരും. തൊഴിൽ വിജയം, സുഖഭോഗ തൃപ്തി, ദാമ്പത്യ സുഖം, ഭക്ഷണ സുഖം, ധനനേട്ടം എന്നിവയും ബന്ധുജന സമാഗമം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, പ്രണയ കാര്യങ്ങൾ പൂവണിയുക എന്നിവ ഉണ്ടാകുകയും ചെയ്യും. വാരത്തിന്റെ അവസാനം സ്ത്രീ വിഷയങ്ങൾ മൂലം ദുരിതങ്ങൾ ഉണ്ടാകുവാൻ ഇടയുള്ളതിനാൽ ജാഗ്രത വേണം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): നിലവിൽ അസുഖങ്ങളുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കുവാൻ സാധ്യതയുണ്ട്. ശത്രുഭയം, വ്യവഹാര പരാജയം, കേസ് വഴക്കുകൾ എന്നിവ മൂലം കടുത്ത നിയമപരമായ നടപടികളോ ദോഷഫലങ്ങളോ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ വാരമധ്യത്തോടെ സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങളും പദവികളിൽ ഉയർച്ചയും ഉണ്ടാകാം. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരം കൂടിയായിരിക്കും ഇത്. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത, സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിൽ പോകുവാനുള്ള അവസരം, ധനലാഭം, മനഃസന്തോഷം എന്നിവ ലഭിക്കും. ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാനുള്ള അവസരവും കൈവരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യ വർദ്ധനവ്, ധനനേട്ടം, ഭക്ഷണ സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ സുഖം, ഭാഗ്യാനുഭവങ്ങൾ എന്നിവ ലഭിക്കും. എന്നാൽ വാരമധ്യത്തോടെ തൊഴിൽ ക്ലേശം വർദ്ധിക്കുക, രോഗാദി ദുരിതങ്ങൾ അലട്ടുക, ധനനഷ്ടം, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുക, ഉറക്കക്കുറവ് അനുഭവപ്പെടുക എന്നിവ ഉണ്ടാകും. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം. ഉദര-വാത രോഗങ്ങളോ ഗ്യാസ്ട്രബിൾ അസ്വസ്ഥതകളോ ഉള്ളവർ കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കിൽ അസുഖം വർദ്ധിക്കും. വാരം അവസാനത്തോടെ തൊഴിൽ വിജയവും ധനനേട്ടവും ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വാരത്തിന്റെ തുടക്കത്തിൽ ശത്രുഹാനി, പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനുള്ള അവസരം, മനഃസന്തോഷം, കീർത്തി, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. വാരമധ്യത്തോടുകൂടി ദാമ്പത്യ ഐക്യവും വാഹന ഭാഗ്യവും ഉണ്ടാകും. എന്നാൽ വാരം അവസാനിക്കുമ്പോൾ കുടുംബ കലഹങ്ങൾ മാനസിക പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. മനോദുഃഖം ഉണ്ടാവുകയും ഭക്ഷണ സുഖക്കുറവ് മൂലം ഉദര പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ശത്രുക്കൾ മൂലം പല നല്ല അവസരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകും. കോടതി കേസുകളിൽ പ്രതികൂല നടപടികൾ നേരിടാനും അപമാനിതനാകാനും സാധ്യതയുണ്ട്. ഈശ്വരവിശ്വാസം മുറുകെപ്പിടിക്കേണ്ട സമയമാണിത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ഉദര രോഗങ്ങൾ അലട്ടുക, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ വരിക, മനഃക്ലേശം എന്നിവയ്ക്ക് സാധ്യത കാണുന്നു. എന്നാൽ വാരമധ്യത്തോടെ എതിരാളികളുടെ പതനം കാണുവാനുള്ള ഭാഗ്യമുണ്ടാകും. സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവർ മൂലം ഗുണാനുഭവങ്ങൾ, കീർത്തി, വ്യവഹാര വിജയം, പദവിയിൽ ഉന്നത സ്ഥാനം അലങ്കരിക്കുവാനുള്ള ഭാഗ്യം എന്നിവ ലഭിക്കുകയും ചെയ്യും. ദാമ്പത്യ ഐക്യം, പുത്രഭാഗ്യം, ധനനേട്ടം, മനസുഖം എന്നിവയ്‌ക്കൊപ്പം പുതിയ വീടോ വാഹനമോ സ്വന്തമാക്കാനുള്ള അവസരവും കൈവരും. അപ്രതീക്ഷിതമായി കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യതയുണ്ട്. വാരം അവസാനം ധനനഷ്ടം, മനഃശാന്തിക്കുറവ് എന്നിവ അനുഭവപ്പെടാം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാരത്തിന്റെ തുടക്കത്തിൽ രോഗങ്ങൾ അലട്ടാനും അപകടങ്ങൾ മൂലം ചതവ്, ഒടിവ് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യം വളരെയധികം സൂക്ഷിക്കുക. മനഃസുഖക്കുറവ്, കാര്യതടസ്സം, കുടുംബത്തിൽ നിന്നു മാറി നിൽക്കേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനത്തോടെ കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. തൊഴിൽ വിജയം, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം എന്നിവ വന്നുചേരും. ധനലാഭം, പ്രശസ്തി, സത്പുത്ര ഭാഗ്യം, ശത്രുഹാനി, ഭാര്യഭർതൃ ഐക്യം, സർവ്വകാര്യ വിജയം എന്നിവ ഫലത്തിൽ വരും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ആരോഗ്യ വർദ്ധനവ്, ധനനേട്ടം, ഭക്ഷണ സുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ സുഖം, ഭാഗ്യാനുഭവങ്ങൾ എന്നിവ ലഭിക്കും. സാഹിത്യ രചനകളിൽ ഏർപ്പെടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുകയും അതുവഴി പ്രശസ്തി ഉണ്ടാകുവാനും ഇടവരും. വാരമധ്യത്തോടെ തൊഴിൽ ക്ലേശം വർദ്ധിക്കുക, രോഗാദി ദുരിതങ്ങൾ അലട്ടുക, ധനനഷ്ടം, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുക, ഉറക്കക്കുറവ് അനുഭവപ്പെടുക എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തണം. ഉദര-വാത സംബന്ധമായ രോഗമുള്ളവർ ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. വാരം അവസാനത്തോടെ ശത്രുജയവും മത്സര പരീക്ഷകളിൽ വിജയവും ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങൾ അലട്ടുകയും ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കുടുംബാംഗങ്ങളുമായും അയൽക്കാരുമായും സ്വരച്ചേർച്ചക്കുറവ്, എവിടെയും തടസ്സങ്ങൾ എന്നിവ അനുഭവത്തിൽ വരാം. കാർഷിക മേഖലയിലോ ബിസിനസ്സിലോ ഉള്ളവർക്ക് ചെറിയ നഷ്ടങ്ങൾ സംഭവിച്ചേക്കാം. വാരമധ്യത്തോട് കൂടി ദാമ്പത്യ ഐക്യം, ധനലാഭം, ശത്രുഹാനി, വ്യവഹാര വിജയം, സത്സുഹൃത്തുക്കൾ എന്നിവ ഉണ്ടാകും. വാരം അവസാനത്തോടെ ഉറക്കക്കുറവ് അനുഭവപ്പെടാം. കൊളസ്ട്രോൾ, പ്രമേഹ രോഗമുള്ളവർ ജാഗ്രത പാലിക്കുക. ഭക്ഷണ സുഖക്കുറവ് മൂലം ഉദര പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് രോഗാദി ദുരിതങ്ങൾ വരാൻ ഇടയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ മാറി ആരോഗ്യപുഷ്ടി അനുഭവപ്പെടും. മാനസികമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സന്താനങ്ങളെപ്പറ്റി ആത്മാഭിമാനം ഉണ്ടാകുന്ന അവസ്ഥ സംജാതമാകും. കുടുംബസമേതം പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടാൻ സാധിക്കും. ധനലാഭം, കാര്യവിജയം, ഭക്ഷണസുഖം എന്നിവ ലഭിക്കും. എന്നാൽ വാരമധ്യത്തോടെ തൊഴിൽ ക്ലേശവും മാനസിക-ശരീര അസ്വാസ്ഥ്യങ്ങളും നേരിടേണ്ടി വരാം. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അവയിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടായേക്കാം. വാരം പുരോഗമിക്കുമ്പോൾ സഹോദരങ്ങളിൽ നിന്നുള്ള പിന്തുണ, തൊഴിൽ വിജയം, ശത്രുഹാനി എന്നിവ ഉണ്ടാകും. വാരം അവസാനത്തോടെ മാതാവിനോ അടുത്ത ബന്ധുക്കൾക്കോ രോഗമോ ദുരിതമോ ഉണ്ടായേക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാരം തുടക്കത്തിൽ തൊഴിൽ തടസ്സം, ധനക്ലേശം, രോഗാദി ദുരിതങ്ങൾ എന്നിവ അലട്ടിയേക്കാം. അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാകാനും ദുഷ്പ്രവൃത്തികളിൽ ഏർപ്പെടാനും ഉള്ള സാഹചര്യങ്ങൾ വന്നേക്കാം; അത് വഴി മാനഹാനി, ധനനഷ്ടം എന്നിവ അനുഭവത്തിൽ വരും. അന്യർ വഴിയുള്ള ബന്ധങ്ങൾ മൂലം പ്രശ്നങ്ങൾ, വരവിൽ കവിഞ്ഞ ചെലവ്, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. എന്നാൽ വാരം മധ്യത്തോടെ ദാമ്പത്യ ഐക്യവും തൊഴിൽ വിജയവും ഉണ്ടാകും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. വാരം അവസാനം ധനനേട്ടം, ശത്രുഹാനി, ആഭരണ-അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും.
--
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha
























