ഈ ആഴ്ചയിൽ നിങ്ങളുടെ രാശിക്ക് സംഭവിക്കുന്നത് എന്ത്? സമ്പൂർണ്ണ വാരഫലം

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ അനാവശ്യ ചെലവുകൾക്കും യാത്രകൾ മൂലമുള്ള അലച്ചിലിനും സാധ്യതയുള്ളതിനാൽ സാമ്പത്തിക നിയന്ത്രണവും കുടുംബ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും പുലർത്തുന്നത് ഗുണം ചെയ്യും. കൂടാതെ പനി, സാംക്രമിക രോഗങ്ങൾ എന്നിവ വരാൻ ഇടയുള്ളതിനാൽ ശാരീരികാരോഗ്യത്തിൽ ജാഗ്രത അനിവാര്യമാണ്. എന്നാൽ വാരമധ്യത്തോടെ നഷ്ടപ്പെട്ട ആത്മവിശ്വാസവും പുത്തൻ ഉണർവും തിരികെ കൈവരിക്കും. സ്വന്തം കാര്യങ്ങളിലും നിർണ്ണായക തീരുമാനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. വാരാന്ത്യത്തോടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തമായ പുരോഗതിയും കുടുംബത്തിൽ സന്തോഷപ്രദമായ അന്തരീക്ഷവും നിലവിൽ വരും.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) വാരത്തിന്റെ തുടക്കത്തിൽ മുൻകാല പരിശ്രമങ്ങൾക്ക് അർഹമായ പ്രതിഫലവും പുതിയ സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. പല സങ്കീർണ്ണമായ വിഷയങ്ങളിലും സുഹൃത്തുക്കളുടെ സഹായവും സഹകരണവും ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഉപകരിക്കും. ആഴ്ചമധ്യത്തോടെ അപ്രതീക്ഷിത ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ ധനകാര്യങ്ങളിൽ കൃത്യമായ മുന്നൊരുക്കങ്ങളും ആസൂത്രണവും അത്യാവശ്യമാണ്. ആഴ്ചയുടെ അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ മാനസികമായും ശാരീരികമായും സാമ്പത്തികമായും പൂർണ്ണമായി അനുകൂലമായ ചുറ്റുപാടുകൾ രൂപപ്പെടുകയും ആശ്വാസം അനുഭവപ്പെടുകയും ചെയ്യും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളും സഹപ്രവർത്തകരിൽ നിന്ന് അർഹമായ അംഗീകാരവും ലഭിക്കാൻ സാധ്യതയുള്ള സമയമാണിത്. പുതിയ ഉത്തരവാദിത്തങ്ങൾ വിജയകരമായി ഏറ്റെടുത്തു പൂർത്തിയാക്കാൻ സാധിക്കും. ആഴ്ചയുടെ മധ്യത്തോടെ സാമ്പത്തികമായ അഭിവൃദ്ധിയും ഏറെ നാളത്തെ ആഗ്രഹപൂർത്തിയും ഉണ്ടാകും. എന്നാൽ വാരാന്ത്യത്തിൽ അനാവശ്യ ചെലവുകൾ മൂലം ധനക്ലേശം അനുഭവപ്പെടുവാനും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. മോശം കൂട്ടുകെട്ടുകൾ വഴി അപമാനത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാണ് ഈ ആഴ്ച പ്രതീക്ഷിക്കാവുന്നത്. കാര്യങ്ങളിൽ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ മാറിമറിഞ്ഞു വരും. എങ്കിലും തടസ്സപ്പെട്ടു കിടന്ന പല കാര്യങ്ങളിലും അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിക്കാം. ഉന്നത പഠനത്തിലോ തീർത്ഥാടനങ്ങളിലോ താല്പര്യം വർദ്ധിക്കും. വാരമധ്യത്തിൽ തൊഴിൽ രംഗത്ത് മാറ്റങ്ങളും പുതിയ അവസരങ്ങളും തേടിയെത്തും. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ സാമ്പത്തിക കാര്യങ്ങളിൽ നേട്ടവും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മികച്ച അവസരങ്ങളും വന്നെത്തുന്നതാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) വാരത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളോ പ്രതീക്ഷിക്കാത്ത കാലതാമസമോ നേരിട്ടേക്കാം. പൂർവിക സ്വത്ത് സംബന്ധമായ കേസ് വഴക്കുകൾ മധ്യസ്ഥതയിൽ അനുകൂലമാകാതെ പോകാൻ സാധ്യതയുണ്ട്. കൂടാതെ പിതാവിനോ പിതൃ ബന്ധുക്കൾക്കോ രോഗമോ അരിഷ്ടതയോ ഉണ്ടാകുവാനും ഇടയുണ്ട്. എന്നാൽ വാരാന്ത്യത്തിൽ കർമ്മരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും മേലധികാരികളുടെ പ്രശംസ നേടാനും സാധിക്കും. കുടുംബത്തോടൊപ്പം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) വാരത്തിന്റെ തുടക്കത്തിൽ കൂട്ടുകെട്ടുകളിലും പങ്കാളിത്ത ബിസിനസ്സിലും മികച്ച പിന്തുണ ലഭിക്കുകയും വ്യക്തിബന്ധങ്ങൾ കൂടുതൽ ദൃഢമാകുകയും ചെയ്യും. കല, സാഹിത്യം, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനശ്രദ്ധയും പ്രശസ്തിയും ലഭിക്കും. എന്നാൽ വാരമധ്യത്തിൽ അപ്രതീക്ഷിത വെല്ലുവിളികളോ ആരോഗ്യപരമായ ചെറിയ അസ്വസ്ഥതകളോ വരാനിടയുള്ളതിനാൽ പ്രത്യേക ശ്രദ്ധ പാലിക്കുക. ആഴ്ചയുടെ അവസാനത്തോടെ കാര്യങ്ങൾ അനുകൂലമാകുകയും പുതിയ പ്രതീക്ഷകളും ദൈവിക അനുഗ്രഹങ്ങളും അനുഭവപ്പെടുകയും ചെയ്യും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ആഴ്ചയുടെ തുടക്കത്തിൽ മത്സരങ്ങളിൽ വിജയവും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള മനസ്സുറപ്പും ലഭിക്കും. ശത്രുക്കളുടെ മേൽ വിജയവും സാമ്പത്തിക ഉന്നതിയും തൊഴിൽപരമായ നേട്ടങ്ങളും ഉണ്ടാകും. ദിനചര്യകളിൽ കൃത്യത പാലിക്കുന്നത് കാര്യക്ഷമത കൂട്ടും. വാരമധ്യത്തിൽ ദാമ്പത്യത്തിലോ സൗഹൃദങ്ങളിലോ പ്രസന്നമായ അന്തരീക്ഷം നിലനിൽക്കുകയും പുതിയ കരാറുകളിൽ ഒപ്പുവെക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ വാരാന്ത്യത്തിൽ വാക്കുതർക്കങ്ങളിൽ നിന്നും അനാവശ്യ ധനനഷ്ടങ്ങളിൽ നിന്നും മാറിനിൽക്കുക.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) വാരത്തിന്റെ തുടക്കത്തിൽ വൈകാരികമായ പല സംഭവങ്ങളും നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ ശോഭിക്കാൻ സാധിക്കും. വാരമധ്യത്തിൽ നിലനിന്നിരുന്ന കടബാധ്യതകളും തടസ്സങ്ങളും ഒഴിഞ്ഞുമാറി മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ സാധിക്കും. വാരാന്ത്യത്തോടെ പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ പിന്തുണയും വിശ്വാസവും നേടിയെടുക്കാൻ സാധിക്കും. വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും കൂടുതൽ ശ്രദ്ധ നൽകുന്നത് സമാധാനവും സന്തോഷവും നൽകും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) വാരത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുവാനും അനാവശ്യ തർക്കങ്ങൾ രൂപപ്പെടാനും ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. വസ്തുവകകളുമായോ വാഹനങ്ങളുമായോ ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാന തീരുമാനങ്ങൾ എടുത്തേക്കാം. ആഴ്ചയുടെ അവസാനത്തോടെ ചിന്തകളിൽ തെളിച്ചവും തീരുമാനങ്ങളിൽ കൃത്യതയും ഉണ്ടാകും. കുട്ടികളുടെ കാര്യങ്ങളിൽ സന്തോഷിക്കാൻ അവസരം ലഭിക്കും. എതിർപ്പുകളെ അതിജീവിച്ച് ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) വാരത്തിന്റെ തുടക്കത്തിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കമിടാനും ആശയവിനിമയത്തിലൂടെ പുതിയ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും. സഹോദരങ്ങളുടെ പിന്തുണ ആത്മവിശ്വാസം കൂട്ടും. വാരമധ്യത്തിൽ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുകയും മാനസിക ആശ്വാസം അനുഭവപ്പെടുകയും ചെയ്യും. ആഴ്ചയുടെ അവസാനത്തിൽ സർഗ്ഗാത്മക കാര്യങ്ങളിലും വിനോദങ്ങളിലും ഏർപ്പെടാനും ഉന്മേഷത്തോടെ മുൻപോട്ട് പോകാനും സാധിക്കും. എന്നാൽ മാതാപിതാക്കൾക്ക് ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) ആഴ്ചയുടെ തുടക്കത്തിൽ സമ്പാദ്യ വർദ്ധനവിനും സാമ്പത്തിക ഇടപാടുകൾ കൃത്യമായി പൂർത്തിയാക്കാനും സാധിക്കും. സംസാരത്തിൽ കാരുണ്യവും നിയന്ത്രണവും പ്രകടമാകും. അനാവശ്യ കൂട്ടുകെട്ടുകൾ വഴി അപവാദം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. വാരമധ്യത്തിൽ ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്താൻ കഴിയും. ആഴ്ചയുടെ അവസാന ദിവസങ്ങളിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഗൃഹസൗഖ്യം അനുഭവിക്കാനും അനുകൂല സാഹചര്യമുണ്ടാകും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ഈ വാരത്തിൽ പുതിയ ചില ബിസിനസ്സുകൾ ആരംഭിക്കാൻ സാധിക്കും. വാരത്തിന്റെ തുടക്കത്തിൽ സ്വന്തം വളർച്ചയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകും. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യതയും ആകർഷകത്വവും പ്രകടമാകും. ആഴ്ചയുടെ മധ്യത്തോടെ ധനവരവ് മെച്ചപ്പെടുകയും കുടുംബത്തിൽ സന്തോഷപ്രദമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും. വാരാന്ത്യത്തിൽ കാര്യക്ഷമത വർദ്ധിക്കുകയും പുതിയ അറിവുകളും വാണിജ്യപരമായ പുതിയ ബന്ധങ്ങളും ഉണ്ടാക്കിയെടുക്കാൻ സാഹചര്യം ലഭിക്കുകയും ചെയ്യും.
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.) "
https://www.facebook.com/Malayalivartha
























