ക്ഷമിക്കൂ രാഹുല്‍ജീ... മാതാപിതാക്കള്‍ ചെയ്തത് വലിയ തെറ്റ്, അതിന്റെ ശിക്ഷ അവര്‍ അനുഭവിച്ചു, രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി നളിനിയുടെ മകള്‍ ഹരിത
രാഹുല്‍ ഗാന്ധിക്ക് മറുപടിയായി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന മുരുഗന്റേയും നളിനിയുടേയും മകള്‍ ഹരിത ശ്രീഹരന് രംഗത്തെത്തി. മാതാപിതാക്കള്‍ ചെയ്ത വലിയ തെറ്റിന് ക്ഷമ ചോദിക്കുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇതിനകം അവര്‍ വേണ്ടുവോളം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. വിട്ടയയ്ക്കാന് എടുത്ത തീരുമാനത്തില്‍ സന്തോഷം എല്ലാവര്ക്കും നന്ദി. സ്നേഹിക്കുന്നവര്‍ നഷ്ടപ്പെടുന്നതിലെ വേദന എനിക്കറിയാം. അതേ ശിക്ഷ ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും അവര്‍ക്കൊപ്പം കഴിയാനാകുന്നില്ലെന്ന് ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ ഫോണ്‍ അഭിമുഖത്തിലാണ് ഹരിത പറഞ്ഞത്.
മാതാപിതാക്കളെ വെറുതെ വിടാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ജയലളിതയെ അഭിനന്ദിക്കാനും ഹരിത മറന്നില്ല. മാതാപിതാക്കള്‍ മോചിതയായാല്‍ താന്‍ ഏറെ സന്തോഷവതിയാകും. നിരപരാധികളായ മാതാപിതാക്കള്‍ എന്നായാലും ഒരിക്കല്‍ മോചിതരാകുമെന്ന് എനിക്കറിയാമായിരുന്നു.
അതേസമയം രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ദുഖിപ്പിക്കുന്നതാണെന്ന് ഇന്നലെ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
എല്‍ടിടിഇ പോരാളികള്‍ ഉള്‍പ്പെട്ട സംഘം ഗൂഡാലോചന നടത്തി പിതാവിനെ വധിക്കുമ്പോള്‍ രാഹുലിന് 21 വയസ്സായിരുന്നു പ്രായം.
കേസില്‍ നളിനിയും മുരുഗനും ഉള്‍പ്പെടെ ഏഴ് പേര് അറസ്റ്റിലാകുകയും വിചാരണയ്ക്ക് വിധേയമാകുകയും ചെയ്തു. പിന്നീട് ജയിലില്‍ അടയ്ക്കപ്പെട്ട ഇവര്‍ 23 വര്‍ഷമായി ജയിലിലാണ്. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ വെല്ലുര് ജയിലിലായിരുന്നു ഹരിതയുടെ ജനനം. യുകെയില്‍ ബയോ മെഡിസിന് വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ ഹരിത.
1999 ല്‍ മുരുഗനും നളിനിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും സോണിയാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.
ഏറ്റവും വലിയ ശത്രുവായിട്ട് പോലും മാതാവിനോട് ക്ഷമിച്ച സോണിയാഗാന്ധിയോട് അങ്ങേയറ്റം ആദരവുണ്ടെന്നും ഒരിക്കലും മറക്കില്ലെന്നും ഹരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha