പതിനെട്ട് ദിവസത്തിനിടെ എന്ത് മാറ്റമുണ്ടായി..? എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ആവശ്യം അംഗീകരിക്കാതെ കോടതി:- കടുത്ത നടപടികൾ വിധി പറയുന്നതുവരെ പാടില്ല:- വിധി ദിവസം അവ്യക്തം...

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന വീണാ വിജയന്റെ ആവശ്യം അംഗീകരിക്കാതെ കോടതി. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയെങ്കിലും, അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ്, വിധി പറയാനായി മാറ്റിയത്. അതേസമയം, എന്നത്തേക്കു വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനു തടസമില്ലെങ്കിലും, അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ വിധി പറയുന്നതുവരെ പാടില്ലെന്ന് എസ്എഫ്ഐഒയ്‌ക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറലിനോടു കോടതി വാക്കാൽ നിർദ്ദേശിച്ചു. അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇത് വീണാ വിജയനെ സംബന്ധിച്ച് നേട്ടമാണ്.
അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന നിർദ്ദേശം തിരിച്ചടിയുമാണ്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്‌ഐഒ അന്വേഷണം. എസ്എഫ്‌ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.
സിഎംആര്‍എലും എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകള്‍ ആവശ്യപ്പെട്ടു വീണയ്ക്ക് എസ്എഫ്‌ഐഒ സമന്‍സ് നല്‍കിയിരുന്നു. നേരത്തേ സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും നേരിട്ടുള്ള പരിശോധനയ്ക്കു മുന്നോടിയായി നല്‍കിയ നോട്ടിസാണ് വീണയുടെ കമ്പനിക്കും നല്‍കിയത്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകളാണ് നല്‍കേണ്ടത്.
എസ്എഫ്‌ഐഒ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ വീണ നല്‍കിയ റിട്ട് ഹര്‍ജിക്കൊപ്പം ഈ സമന്‍സ് രേഖയും ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കാന്‍ ആധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തി തങ്ങള്‍ക്ക് കൈമാറണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്ന് എക്‌സാലോജിക്ക് കോടതിയില്‍ അവകാശപ്പെട്ടു. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണ്. അതു തുടരാമെന്നും സിഎംആര്‍എല്ലുമായി ഇടപാടിലെ ആരോപണത്തിനു മറുപടി നല്‍കിയിട്ടുണ്ടെന്നും എക്‌സാലോജിക് അറിയിച്ചു. അതോടെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം എന്തായെന്നു കോടതി ചോദിച്ചപ്പോള്‍ അന്വേഷണപുരോഗതി അറിയില്ലെന്ന് എക്‌സാലോജിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
എസ്എഫ്ഐഒ നോട്ടിസിന് വീണാ വിജയൻ മറുപടി നൽകണമെന്നും നിർദ്ദേശമുണ്ട്. ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എസ് എഫ് ഐഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാ ലോജിക്ക് ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ച കോടതി ഹർജി വിധി പറയാൻ മാറ്റുകയായിരുന്നു. ഹര്‍ജിക്കാരിയെ അറസ്റ്റ് ചെയ്യുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. പിന്നാലെയാണ് ഹര്‍ജി വിധിപറയാന്‍ മാറ്റിയത്. അന്വേഷണത്തില്‍ ക്രമക്കേടുണ്ടെങ്കില്‍ ഹര്‍ജിക്കാരന് ചൂണ്ടിക്കാണിക്കാം എന്നാല്‍ ഈ സമയത്ത് അന്വേഷണം നടക്കട്ടെ എന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു എക്‌സാ ലോജിക്ക് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ വാദം. കമ്പനി നിയമപ്രകാരം എക്സാ ലോജിക്കിനെതിരെ അന്വേഷണം നടക്കുന്നുണ്ട് അതേസമയത്ത് തന്നെ എസ് എഫ് ഐ ഒ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണ് എന്ന നിലപാടായിരുന്നു കോടതിയില്‍ സ്വീകരിച്ചത്. എസ് എഫ് ഐ ഒ അന്വേഷണത്തിന് മുന്‍പ് തന്നെ രജിസ്ട്രാറുടെ അന്വേഷണം ആരംഭിച്ചിരുന്നതായും എക്‌സാലോജികിനായി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദറ്റാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എക്‌സാലോജികിനെതിരെ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ പതിനെട്ട് ദിവസത്തിനിടെ എന്ത് മാറ്റമാണ് ഉണ്ടായത് എന്നും വീണയുടെ അഭിഭാഷകന്‍ ചോദിച്ചു. കമ്പനി നിയമം 210 പ്രകാരം നടക്കുന്ന അന്വേഷണം നടക്കുന്നുണ്ട്. ഇതേ നിയമത്തിലെ 212ാം വകുപ്പ് പ്രകാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം യുഎപിഎ നിയമത്തിന് സമാനമാണെന്നുമാണ് എക്‌സാലോജിക്കിന്റെ വാദം. വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്.
https://www.facebook.com/Malayalivartha