മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം; പൊലീസ് വകുപ്പില്‍ 190 കോണ്‍സ്റ്റബിള്‍ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പൊലീസ് വകുപ്പില്‍ 190 കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. ഇതിനു പുറമെ ധനസഹായത്തിനും വിവിധ പദ്ധതികള്‍ക്കുള്ള ഭരണാനുമതിയും യോഗം അംഗീകരിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുന്നതിന് അംഗീകാരം നല്‍കി.
2018,2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ വീടും, കാലിത്തൊഴുത്തും തകര്‍ന്ന ഇടുക്കി മേലെച്ചിന്നാല്‍ സ്വദേശി ടി.ടി.ജിജിക്ക് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. വസ്തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആറുലക്ഷവും വീടു നിര്‍മിക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരം നാലുലക്ഷം രൂപയുമാണ് അനുവദിച്ചത്.
കാസര്‍കോട്, വയനാട് വികസന പാക്കേജുകളിലാണ് വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി. കാസര്‍കോട് പാക്കേജില്‍ ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംന്തോഡ് റോഡിന് - 8.50 കോടി, പെരിയ- ഒടയഞ്ചാല്‍ റോഡിന് - 6 കോടി, ചാലിങ്കാല്‍-മീങ്ങോത്ത-അമ്പലത്തറ റോഡിന് 5.64 കോടിയും അനുവദിച്ചത്. വയനാട് പാക്കേജില്‍ ശുദ്ധമായ പാല്‍ ശുദ്ധമായ പാല്‍ ഉല്‍പാദനം, ശുചിത്വ കിറ്റ് വിതരണ എന്നിവയ്ക്കായി - 4.28 കോടി രൂപ അനുവദിച്ചു.
കേരള ബാങ്കിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോര്‍ട്ടി എം.ചാക്കോയെ നിയമിക്കാന്‍ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നിയമനം. കേരള സ്റ്റേറ്റ് ഐടി മിഷനില്‍ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്.സനോപിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. അന്യത്രസേവന വ്യവസ്ഥയിലാണിത്. പരിയാരം മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂളില്‍ നിലവിലുള്ള, യോഗ്യതയുള്ളതും പ്രായപരിധിയ്ക്കകത്തുമുള്ളതുമായ 6 ജീവനക്കാരെ നിയമിക്കും.
തൃശൂരില്‍ സീതാറാം ടെക്സ്റ്റൈല്‍സിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ താമസിക്കുന്ന ആറു കുടുംബങ്ങളിലെ നിയമാനുസൃത അവകാശികള്‍ക്ക് സ്ഥലം വിട്ടുനല്‍കാന്‍ അനുമതി നല്‍കി. 1958 മുതല്‍ താമസിക്കുന്ന ഇവര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി വില ഈടാക്കിയാണ് ഭൂമി വിട്ടുനല്‍കുക. മുന്‍സിഫ് മജിസ്‌ട്രേട്ട് തസ്തിക നിയമനത്തില്‍ വിമുക്ത ഭടന്മാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവു നല്‍കും. 1991ലെ കേരള ജ്യുഡീഷ്യല്‍ സര്‍വ്വീസ് റൂള്‍ ഭേദഗതി ചെയ്താണ് തീരുമാനം.
https://www.facebook.com/Malayalivartha